“പരീക്ഷ എല്ലാം കഴിയാറായി, ഇനിയിപ്പോൾ രണ്ടുമാസം അവധിക്കാലം. ഞാൻ ഈ പിള്ളേരെയും മേയ്ച്ച് രണ്ടുമാസം ഇനിയെങ്ങനെ തള്ളിനീക്കും എന്റെ ദൈവമേ” എന്ന് നെടുവീർപ്പിടാൻ ഇക്കൊല്ലം അമ്മമാർക്ക് അവസരമുണ്ടായില്ല. അതിനു മുമ്പെ കൊറോണ വന്നു. നേരത്തെ സ്കൂൾ അടപ്പിച്ചു. ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികളാരും പരീക്ഷ എഴുതേണ്ട. ഇതിൽപരം കുട്ടികൾക്ക് എന്തുവേണം.
കുട്ടികൾ വീട്ടിൽ ഇരിപ്പായി… കുട്ടികൾ മാത്രമല്ല പുറത്ത് ജോലിക്ക് പോയിക്കൊണ്ടിരുന്ന എല്ലാവരും വീട്ടിൽ കൂട്ടിലടച്ച കിളികളെപ്പോലെ ഇരിപ്പായി. അയൽപക്കത്ത് പോയി സംസാരിച്ചിരിക്കാൻ അനുവാദമില്ല… യാത്ര ചെയ്യുവാൻ അനുവാദമില്ല… ആരാധനാ സ്ഥലങ്ങളിൽ പോകുവാൻ അനുവാദം ഇല്ല… ജോലിക്ക് പോകുവാൻ കഴിയാത്ത അവസ്ഥ. സർവ്വത്ര ലോക് ഡൗൺ.
എന്നാൽ ഇതിന്റെ മറുവശത്ത് ആശുപത്രി ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കും ഒപ്പം വളരെ തിരക്കായി പോയ ഒരു മേഖലയാണ് അടുക്കള. ലോക് ഡൗണിൽ മിക്കവാറും ആളുകൾക്ക് വിശ്രമം അനുവദിച്ചു കിട്ടിയപ്പോൾ ആ സൗഭാഗ്യം ലഭിക്കാതെപോയ ഒരുകൂട്ടം ആളുകളാണ് വീട്ടമ്മമാർ. ഇന്നു മാറും നാളെ തീരും എന്ന് കരുതിയിരുന്ന കൊറോണയുടെ ഭീഷണി അനിശ്ചിതമായി നീണ്ടു പോയപ്പോൾ വീട്ടമ്മമാരുടെ ചങ്കിടിപ്പു കൂടുവാൻ തുടങ്ങി. എങ്ങനെയെങ്കിലും ഈ ലോക്ക് ഡൗൺ ഒന്നു മാറി സ്കൂൾ ഒക്കെ ഒന്ന് തുറന്നാൽ മതിയായിരുന്നു. അല്ലെങ്കിൽ ഏതെങ്കിലും ഒരു വീട്ടമ്മ തന്നെ കൊറോണക്ക് മരുന്ന് കണ്ടുപിടിക്കുമോ എന്ന് പലരും സംശയിച്ച സാഹചര്യം. അപ്പോൾ അതാ കുട്ടികളാരും ഉടനെ സ്കൂളിലേക്ക് വരേണ്ട, പകരം ക്ലാസ്സുകൾ ഓൺലൈനായി എടുത്താൽ മതി എന്ന് സർക്കാർ തീരുമാനിച്ചു. ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥ.
ഭർത്താക്കന്മാരുടെയും മക്കളുടെയും സ്മാർട്ട് ഫോൺ ഉപയോഗത്തെ സംബന്ധിച്ച് പലവിധ പരാതികൾ ഉണ്ടായിരുന്ന വീട്ടമ്മമാർക്ക് വല്ലാത്ത വൈക്ലബ്യമുണ്ടാക്കുന്ന ഒരു ഡിജിറ്റൽ സാഹചര്യമാണ് കോവിഡ് സമ്മാനിച്ചത്.
എല്ലാ വീട്ടമ്മമാരും അങ്ങനെ ഡിജിറ്റലായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തൊക്കെയായാലും നിലവിലെ സാഹചര്യങ്ങൾക്കു മാറ്റം വരുവാൻ ചുരുങ്ങിയത് രണ്ടു മാസങ്ങൾ എങ്കിലും വേണ്ടി വരും. അതുകൊണ്ടു തന്നെ അമ്മമാർക്ക് മടിച്ചു നിൽക്കുവാൻ സമയമില്ല. പുതിയ സാഹചര്യത്തോട് നമുക്ക് ഇണങ്ങിച്ചേരുവാൻ ശ്രമിക്കാം.
ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുമ്പോൾ വെല്ലുവിളികൾ പലതും മുന്നിലുണ്ട്. പല അമ്മമാർക്കും 4G നെറ്റ് വർക്ക് സൗകര്യമുള്ള സ്മാർട്ട് ഫോണില്ല. ഫോൺ ഒരെണ്ണം സംഘടിപ്പിച്ചാൽ തന്നെ, വാട്ട് സാപ്പ് കൈകാര്യം ചെയ്യുവാനും അദ്ധ്യാപകർ തരുന്ന അസൈൻമെന്റുകൾ ചെയ്യിപ്പിച്ച് ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുവാനും ഒക്കെ പഠിക്കണം. വീട്ടുജോലികൾക്കിടയിൽ ഇതിനൊക്കെ സമയം കണ്ടെത്തുക എന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇതിനൊക്കെ സഹായകരമായ ചില ചിന്തകൾ പങ്കു വയ്ക്കാം എന്നു കരുതുന്നു.
‘സെറിനിറ്റി പ്രെയർ’ എന്നൊരു പ്രസിദ്ധമായ പ്രാർത്ഥനയുണ്ട്. “ദൈവമെ, മാറ്റുവാൻ കഴിയാത്തവയെ അംഗീകരിക്കുവാനുള്ള ശാന്തതയും; മാറ്റുവാൻ കഴിയുന്നവയെ മാറ്റുവാനുള്ള ധീരതയും; ഇവയെ തമ്മിൽ തിരിച്ചറിയുവാനുള്ള വിവേകവും എനിക്ക് നൽകണമെ.”
ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ച് മുന്നേറുവാൻ നമുക്ക് ആവശ്യമായ മൂന്ന് ഗുണങ്ങളാണ് ഈ പ്രാർത്ഥനയിൽ ഉള്ളത് – ശാന്തത, ധീരത, വിവേകം.
ശാന്തത
മാറ്റുവാൻ കഴിയാത്ത പലതും നമ്മുടെ ജീവിതത്തിൽ ഉണ്ട്. നാം ആഗ്രഹിച്ചിട്ടല്ല പലതും നമ്മുടെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കുവാൻ പോകുന്നതും. “നാളത്തെ ദിവസത്തെ ചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസം എന്തെല്ലാം സംഭവിക്കും എന്നു നാം അറിയുന്നില്ലല്ലോ.”
(സദൃശ്യ 27:1). എന്ന ബൈബിൾ സൂക്തം ഓർക്കുന്നു. പ്രതീക്ഷിക്കാത്തവ പ്രതീക്ഷിക്കാത്ത വിധത്തിൽ സംഭവിക്കുമ്പോൾ നാം ഉത്കണ്ഠാകുലരും ഭയചകിതരും ആയിത്തീരുവാൻ സാധ്യതയുണ്ട്. ഇവിടെയാണ് ശാന്തത നമുക്ക് ആവശ്യം.
ശാന്തത നിഷ്ക്രിയത്വമല്ല; മനസ്സിലാക്കുവാനും വിശകലനം ചെയ്യുവാനും ഉള്ള സമയമാണ്. ഇപ്പോഴത്തെ പുതിയ സാഹചര്യത്തെയും പരിചയപ്പെടുവാനും പഠിക്കുവാനും നമുക്ക് ഓരോരുത്തർക്കും കഴിയണം. അങ്ങനെയാണല്ലോ നമ്മൾ ഇവിടെ വരെ എത്തിയത്.
ആകുലപ്പെടുന്നതുകൊണ്ടോ ഭയപ്പെടുന്നതു കൊണ്ടോ ഈ സാഹചര്യം പെട്ടെന്നൊന്നും മാറാൻ പോകുന്നില്ല. ഈ യാഥാർത്ഥ്യം നാം അംഗീകരിച്ചേ മതിയാകൂ. (Take a deep breath). ശാന്തമായിരുന്ന് ഈ സാഹര്യത്തിന്റെ ചില നല്ല വശങ്ങളെ കാണുവാൻ ശ്രമിക്കാം. ജൂൺ – ജൂലൈ മാസങ്ങളിൽ മക്കളെ സ്കൂളിൽ വിടുന്ന കഷ്ടപ്പാട് ഈ വർഷം ഒഴിവായി കിട്ടിയില്ലേ? മഴയും കാറ്റും ഒക്കെയുള്ള ദിവസങ്ങളിൽ അവർ സ്കൂളിൽ നിന്നും വീട്ടിൽ എത്തുന്നതു വരെ അമ്മമാരുടെ മനസ് എത്ര അസ്വസ്ഥമായിരിക്കും? ഏതായാലും അതിന് ഒരു തീരുമാനമായി. പിന്നെ, അവർ സ്കൂളിൽ പോയാലും പഠിപ്പിക്കുവാൻ മക്കളുടെ കൂടെ സമയം ചിലവഴിച്ചേ പറ്റൂ. അപ്പോൾ പിന്നെ അതിങ്ങനെ ആയിക്കോട്ടെ എന്ന് ചിന്തിക്കുക. ഇത്തരം ക്രിയാത്മക ചിന്തകൾ മനസിലേക്കു കൊണ്ടു വരാം. ശാന്തമായിരിക്കാം.
ധീരത
സ്വന്ത കാഴ്ചപ്പാടുകൾക്കും ജീവിത ശൈലിക്കും മാറ്റം വരുത്തുക എല്ലാവർക്കും എളുപ്പമല്ല. മാറ്റങ്ങളെ ഭയത്തോടെ നോക്കിക്കാണുന്നവർ ഉണ്ട്. ഏതു പുതിയ കാര്യത്തെയും വേഗം ആശ്ലേഷിക്കുന്നത് അഭികാമ്യമല്ല എങ്കിലും, പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നത് അതിജീവനത്തിന് ആവശ്യമാണ് എന്ന് നാം തിരിച്ചറിയണം. ആദ്യമൊക്കെ കോവിഡിനെ പേടിച്ച് നാം പുറത്തിറക്കാതെ വീട്ടിൽ തന്നെയിരുന്നു. പിന്നീട്ട് ഈ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുവാൻ നാം നിർബ്ബന്ധിതരായി. ഇന്ന് കൊറോണയോടൊപ്പം ജീവിക്കുവാൻ നാം ശ്രദ്ധയോടെ തയ്യാറെടുക്കുന്നു. ഈ വിധത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണ്.
മാറ്റം വരുത്തുക എന്നാൽ വളർച്ചയിലേക്ക് ചുവടുവയ്ക്കുക എന്നും കൂടെയാണ് അർത്ഥം.
ലോക്ക് ഡൗൺ ആയതോടെ ഉറങ്ങുന്നതിനും ഉണരുന്നതിനും പ്രത്യേക സമയമൊന്നും പലർക്കും ഇല്ലായിരുന്നു. കുട്ടികൾക്കും അത്തരത്തിലുള്ള ചിട്ടകൾ കൈമോശം വന്നിരിക്കാം. എന്നാൽ ഇനിയും ഈ സ്ഥിതി തുടരുവാൻ ആകില്ലല്ലോ. അടുക്കളയെ അവഗണിക്കുവാൻ അമ്മമാർക്ക് ഏതു സാഹചര്യത്തിലും കഴിയില്ല. അപ്പോൾ കുട്ടികളുടെ ക്ലാസുകൾ തുടങ്ങുന്നതിനു മുൻപെ അടുക്കള ജോലികൾ തീർക്കേണ്ടതുണ്ട്. ഇത് പുതിയ കാര്യമൊന്നുമല്ല, മുൻപും നമ്മൾ ഇതാണ് ചെയ്തു കൊണ്ടിരുന്നതും. ഒന്ന് ഓർമ്മിപ്പിച്ചു എന്നു മാത്രം. എന്നാൽ ഇതുവരെ സ്കൂളിൽ പോയിരുന്ന കുട്ടികൾ, ഇപ്പോൾ വീട്ടിൽ തന്നെയാണ് പാഠങ്ങൾ പഠിക്കുവാൻ ഇരിക്കുന്നത് എന്നത് പുതിയ സാഹചര്യമാണ്. സ്കൂളിൽ സ്വാഭാവികമായി ലഭിക്കുന്ന സമയനിഷ്ഠ കുട്ടികളിൽ വളർത്തിയെടുക്കുവാൻ അവരെ ശീലിപ്പിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ. അതിനായി അമ്മമാരും അവരുടെ കൂടെ ഇരിക്കേണ്ടത് ആവശ്യമായി വരും. ഓർക്കുക നമ്മുടെ അച്ചടക്കമായിരിക്കും കുട്ടികളുടെ അച്ചടക്കം.
കൊച്ചു കുട്ടികളെ പഠിപ്പിക്കുക എന്നത് അമ്മമാർ തന്നെ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. പുരുഷന്മാരേക്കാൾ ക്ഷമയും സഹിഷ്ണുതയും സ്ത്രീകൾക്ക് ഇക്കാര്യത്തിൽ കൂടുതലാണ് എന്നതിനാലാകണം താഴ്ന്ന ക്ലാസ്സുകളിൽ പഠിപ്പിക്കുവാൻ സ്കൂളുകളിൽ സ്ത്രീകളെ തിരഞ്ഞെടുക്കുന്നത്. കുട്ടികളുടെ പിതാക്കന്മാർക്ക് ഇക്കാര്യത്തിൽ യാതൊരു റോളുമില്ല എന്ന് കരുതരുത്. അവർ ഹെഡ്മാസ്റ്ററുടെ ജോലി ചെയ്യട്ടെ. (പഠിക്കുവാനുളള ക്രമീകരണങ്ങൾ ചെയ്യുക, പാഠപുസ്കങ്ങൾ പൊതിയുക, തുടങ്ങി ക്ലാർക്ക്, പ്യൂൺ തുടങ്ങിയവരുടെ ജോലികളും പിതാക്കന്മാർക്ക് ചെയ്യുവാൻ കഴിയും.)
വിവേകം
ഇനി നമുക്കാവശ്യം വിവേകമാണ്. അറിവിനെ പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്നതാണ് വിവേകം. നമ്മുടെ മുന്നിൽ വരുന്നവയിൽ പ്രയോജനകരമായവയെ തിരഞ്ഞെടുക്കുവാനും ഒഴിവാക്കേണ്ടവയെ ഒഴിവാക്കുവാനും തിരിച്ചറിവ് നൽകുന്നത് ഈ വിവേകമാണ്. ഇന്ന് നാം മാറിയില്ലങ്കിൽ, വിവേകത്തോടെ പെരുമാറിയില്ലെങ്കിൽ നാം മാത്രമല്ല പരാജയപ്പെടുക; നമ്മുടെ കുട്ടികളും കൂടെയായിരിക്കും. പല സ്കൂളുകൾക്കും തൽസമയ ക്ലാസിനുള്ള ക്രമീകരണം ഉണ്ട്. എന്നാൽ മിക്ക സ്കൂളുകളും ക്ലാസ്സുകൾ വീഡിയോ ആക്കി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരം വീഡിയോകളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നതിന് സമയ നിഷ്ഠ ആവശ്യമില്ല എന്ന് ചിന്തിക്കുവാൻ സാധ്യതയുണ്ട്. എപ്പോഴെങ്കിലും പഠിപ്പിച്ചാൽ മതിയല്ലോ എന്ന അലസത നമ്മെ ബാധിക്കാം. ഇത് ഒഴിവാക്കേണ്ട ചിന്താഗതിയാണ്. ഇന്നു ചെയ്യുവാനുള്ള കാര്യങ്ങൾ നാളേക്കു മാറ്റിവയ്ക്കുന്നത് വിജയിക്കുന്നവരുടെ ശീലമല്ല. ‘ഒരു ജോലി ഇന്നു ചെയ്തു തീർക്കുവാൻ കഴിയുമെങ്കിൽ അത് ഇന്നുതന്നെ ചെയ്യും’ എന്ന നല്ല ശീലം നമ്മുടെ കുട്ടികളിലേക്കും നമുക്ക് പകർന്നു കൊടുക്കാം.
ബൈബിളിലെ മാതൃകാ വനിതകൾ ഭക്തകൾ മാത്രമല്ല, വിവേകമതികളും ആയിരുന്നു എന്ന് ഓർക്കുക. “വേനൽക്കാലത്തും” “തണുപ്പു കാലത്തും” എന്താണ് ചെയ്യേണ്ടത് എന്ന് സദൃശ്യവാക്യങ്ങൾ 31ലെ സ്ത്രീക്ക് നിശ്ചയിക്കുവാൻ കഴിഞ്ഞിരുന്നു. വരാവുന്ന അപകടത്തെ മുൻകൂട്ടി കണ്ട് അതിനനുസരിച്ച് പ്രവർത്തിച്ച വിവേകമുള്ള സ്ത്രീയായിരുന്നു അബിഗയിൽ. ഇന്ന് അവരുടെ സ്ഥാനത്ത് നമ്മളാണ്.
അതുകൊണ്ട് അമ്മമാരായ നമുക്ക് ധീരതയോടെ ഈ പുതിയ സാഹചര്യവും വളരുവാനുള്ള , വളർത്തുവാനുള്ള അവസരമാക്കി മാറ്റാം. ഡിജിറ്റൽ ലോകവും നമുക്ക് വഴങ്ങും , മനസ്സു വെച്ചാൽ . നമ്മളും സ്മാർട്ടാകും.