ഒരു ഇറ്റലി യാത്രയുടെ ഡയറി

യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു ജീവിതയാത്ര ദൈവം ആര്‍ക്കും  വാഗ്ദാനം ചെയ്തിട്ടില്ല. ശാന്തമായ ഓളവും, അനുകൂലമായ കാറ്റും പ്രയാസമില്ലാത്ത സഞ്ചാരവുമെല്ലാം കൊതിക്കാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഏറെ വിദൂരമാണ്. 

നോവല്‍ കൊറോണ വൈറസിന്‍റെ പകര്‍ന്നാട്ടത്തില്‍ അടിമുടി ഉലഞ്ഞുപോയ രാജ്യമാണ്. ഇറ്റലി. നൂറ്റാണ്ടുകളുടെ പുകഴ്പെറ്റ പാരമ്പര്യം പേറുന്ന നാട് – ജീവിതനിലവാരവും ആരോഗ്യസൂചികകളും ഉയര്‍ന്നുനില്‍ക്കുന്ന നാട്.പക്ഷേ ഇന്നവിടുത്തെ കാഴ്ച ഭീതിദമാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നു. ചെറുപ്പക്കാരും കൂടുതല്‍ അതിജീവനസാധ്യതയുള്ളതും രോഗികളായെത്തുമ്പോള്‍ പ്രായാധിക്യമുള്ളവരെ കൈയ്യൊഴിഞ്ഞ് അവരെ പരിഗണിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ അധ്വാനഭാരത്താല്‍ തളര്‍ന്നുവീഴുന്നു. കൃത്യാന്തരബാഹുല്യത്താല്‍ സുരക്ഷാഉദ്യോഗസ്ഥര്‍പോലും രോഗികളാകുന്നു. ദിനംപ്രതി മരിച്ചുവീഴുന്നവരെ ദഹിപ്പിക്കാന്‍ ഇടംതേടി പോകുന്ന പട്ടാളട്രക്കുകളുടെ മുരള്‍ച്ചയും അത്യാസന നിലയിലുള്ളവരെകൊണ്ടു അടിക്കടി കുതിക്കുന്ന ആംബുലന്‍സുകളുടെ ചൂളംവിളിയും പൊതൂവൈ വിജനമായ വീഥികളുടെ  നിശബ്ദത ഭേദിക്കുന്നു. 

മരിച്ചുവീഴുന്നവരെ ഓര്‍ത്തു കണ്ണീര്‍ വീഴ്ത്താന്‍ഉറ്റവരില്ല.മൃതദേഹത്തില്‍ വെക്കാന്‍ റീത്തുകളില്ല, അന്ത്യകര്‍മ്മങ്ങളില്ല. മിലാന്‍ പോലുള്ള വന്‍ നഗരങ്ങള്‍പോലും രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ബര്‍ലിന്‍ പോലെ പ്രേതനഗരമായി മാറിയിരിക്കുന്നു. മരണത്തിന്‍റ ഗന്ധം ഇറ്റലിയുടെ വായുവില്‍ നിലീനമായിരിക്കുന്നു. അവിടുത്തെ ആശുപത്രിയില്‍ ജോലിചെയ്യുന്നവരും കുടുങ്ങിക്കിടക്കുന്നവരുമായ മലയാളികളുടെ ശബ്ദസന്ദേശങ്ങളില്‍ ഖനീഭവിച്ച സങ്കടത്തിന്‍റെ ആഴം നാം കേട്ടതാണ്. 

പണ്ടുപണ്ടൊരു ഇറ്റലിയാത്ര

ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറ്റലിയുടെ തെക്കന്‍ തുറമുഖനഗരമായ പുറ്റ്സ്യോലിയില്‍ ഒരു കപ്പല്‍ നങ്കുരമിട്ടു. ക്യത്യമായി പറഞ്ഞാല്‍ എ ഡി 62ലെ വസന്തകാലത്ത് . വിദേശമായ മെഡിറ്ററേനിയന്‍ ലോകത്തേക്കുള്ള റോമിന്‍റെ പ്രവേശനകവാടമായിരുന്നു പുറ്റ്സ്യോലി. 27 ബി സിയില്‍ തുടങ്ങി എ ഡി 476 വരെ നിലനിന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നായിരുന്നു പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യം. ഏഷ്യ, യൂറോപ്പ് ആഫ്രിക്ക വന്‍കരകളും മെഡിറ്ററേനിയന്‍ അന്‍റാര്‍ട്ടിക് ദ്വീപുകളുമെല്ലാം അവരുടെ നിയന്ത്രണത്തിലായിരുന്നു. റോമിന്‍റെ പ്രതാപകാലത്ത് ലോകജനസംഖ്യയുടെ നാലിലൊന്നിനെ അവര്‍ ഭരിച്ചു. 

പുറ്റ്സ്യോലി തുറമുഖത്ത് നങ്കൂരമിട്ട ആ കപ്പലില്‍നിന്നിറങ്ങിയ യാത്രക്കാരിലൊരാളുടെ പേര് പൌലോസ് എന്നായിരുന്നു. റോമന്‍ സാമ്രാജ്യത്തിലെ കിലിക്യ പ്രവിശ്യയിലെ ടാര്‍സസ് എന്ന പട്ടണക്കാരന്‍. നീണ്ട ആറുമാസത്തെ സംഭവബഹുലമായ ഒരു യാത്രയ്ക്ക്ശേഷമാണ് അദ്ദേഹവും സഹയാത്രികരും ഇറ്റലിയിലെത്തിയത് (അപ്പ. പ്രവര്‍. 27-28 അധ്യായങ്ങള്‍)

കോവിഡ് 19 രോഗഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഇറ്റലിയുടെ ദുര്യോഗത്തില്‍ ആശങ്കപ്പെടുമ്പോള്‍ രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കുമ്പ് നടന്ന ആ ഇറ്റലിയാത്ര നല്‍കുന്ന സന്ദേശം കാലാതീതവും ചിന്തോദ്ദ്ദീപകവും പ്രത്യാശജനകവുമാണ്. 

‘ഇറ്റലിയാത്ര’ ക്ക് പിന്നില്‍

ക്രൈസ്തവമാര്‍ഗ്ഗത്തിന്‍റെ ഏറ്റവും ശക്തനായ എതിരാളിയായിരുന്ന ടാര്‍സസ് സ്വദേശി ശൗല്‍ അതിശയകരമായ മാനസാന്തര അനുഭവത്തിലൂടെ പൌലോസായി മാറി. പിന്നീട് ക്രിസ്തുവിന്‍റ സുവിശേഷത്തിന്‍റെ മുന്നണിപോരാളിയും അപ്പസ്തോലനുമായി.  നിര്‍ണ്ണായകമായ മൂന്ന് മിഷന്‍ യാത്രകള്‍ നടത്തി. റോമന്‍ സാമ്രാജ്യത്തിന്‍റെ നെടുകയും കുറുകയും സഞ്ചരിച്ചു. പാലസ്തീനും, ഏഷ്യമൈനറും, മാസിഡോണിയയും മെഡിറ്ററേനിയന്‍ ദ്വീപുകളുമൊക്കെ ആ യാത്രയുടെ ലക്ഷ്യങ്ങളായിരുന്നു. നിരവധി ഭാക്ഷകള്‍, അനവധി സംസ്കൃതികള്‍, എത്രയെത്ര രാജ്യങ്ങള്‍, ധാരാളം ജനപഥങ്ങള്‍ – ക്രൈസ്തവസഭയുടെ രൂപീകരണവര്‍ഷങ്ങളില്‍ പൌലോസിനെ പോലെ നിസ്തുല്യ സംഭാവന നല്‍കിയ മറ്റൊരു വ്യക്തിയില്ല. റോമന്‍ സാമ്രാജ്യത്തിലെ തന്ത്രപ്രധാന നഗരങ്ങളിലെല്ലാം വിശ്വസ്തരെ ചേര്‍ത്ത് സഭകള്‍ രൂപീകരിച്ചു. 

മൂന്നാം  മിഷന്‍ യാത്രക്കൊടുവില്‍ പൌലോസ് യഹൂദതലസ്ഥാനമായ ജറുസലേമിലേക്ക് വന്നു. യഹൂദക്രിസ്ത്യാനികളുടെ ചില തെറ്റിദ്ധാരണകള്‍ മാറ്റണമെന്ന സന്ദേശത്തില്‍ ദൈവാലായത്തില്‍ ചില ആചാരകര്‍മ്മങ്ങള്‍ ചെയ്യാനെത്തി. അവിടെവെച്ച് യഹൂദ ഉപജാപകസംഘം വൈരനിര്യാതന ബുദ്ധിയോടെ അദ്ദേഹത്തെ കുടുക്കി. ജനക്കൂട്ടത്തെ പ്രകോപിച്ച് പൌലോസിനെ അവര്‍ കൈയ്യേറ്റം ചെയ്തു. സിറ്റിയുടെ ക്രമസമാധാനചുമതല ഉണ്ടായിരുന്ന റോമന്‍ പട്ടാളകമാന്‍റര്‍ പൌലോസിനെ കരുതല്‍ തടങ്കലിലെടുത്തു. പിന്നീട് വിചാരണ തടവുകാരനായി കൈസര്യയില്‍ രണ്ടുവര്‍ഷം. ഇതിനിടെ അഞ്ച് വിചാരണകള്‍.  ഓരോന്നിലും നിഷ്കളങ്കത്വം തെളിഞ്ഞുവെങ്കിലും മോചനം മാത്രം നടക്കുന്നില്ല. അവസാനം റോമന്‍ പൗരത്വം നല്‍കുന്ന വിശേഷാധികാരം ഉപയോഗിച്ച് അദ്ദേഹം കൈസര്‍ക്ക് അപ്പീല്‍ നല്‍കുന്നു. അങ്ങനെ പ്രാദേശിക ഭരണകൂടം പൌലോസിനെ റോമിലെ പരമോന്നത കോടതിയിലേക്ക് വിചാരണതടവുകാരനായി അയക്കുന്നു. അതാണ് ആ ‘ഇറ്റലിയാത്ര’യുടെ ചരിത്രപശ്ചാത്തലം. 

ആ ‘ഇറ്റലിയാത്ര’     എത്ര വിശദമായാണ് ചരിത്രകാരനായ ഡോക്ടര്‍ ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് നമ്മുടെ ശ്രദ്ധയെ ഹഠാദാകര്‍ഷിക്കും. എന്തായിരിക്കും അതിന് കാരണമെന്ന് തെരഞ്ഞാല്‍ കേവലമൊരു സമുദ്ര യാത്രാവിവരണത്തിനപ്പുറം അതൊരു ജീവിതയാത്രവിവരണമാണ് എന്ന കാരണമാണ് നമുക്ക് കണ്ടെത്താനാവുക. ഒരു മനുഷ്യന്‍റെ ജീവിതയാത്രയ്ക്ക് സമാനമാണായാത്ര. ജീവിതസാഗരം താണ്ടുന്ന മനുഷ്യജീവിതഗാഥ. ചില നേരം ശാന്തമായ ഓളപ്പരപ്പിലൂടെ സുഗമസഞ്ചാരം; മറുനേരം പ്രചണ്ഡമായ അലമാലയില്‍ ആകെയുലഞ്ഞ് കാലയാപനം- ഇതല്ലേ മനുഷ്യജീവിതം?

‘ഇറ്റിലിയാത്ര’ യില്‍ നടന്നതും ഇതുതന്നെയാണ്. ആ യാത്രയില്‍ സംഭവിക്കാത്ത ആകസ്മികതകളില്ല, അതില്‍ അനിശ്ചിതത്വങ്ങളുണ്ട് . ചുഴികളും, മലരികളും കെണികളും ഇരമ്പിയാര്‍ക്കുന്ന തിരകളും വട്ടം കറങ്ങുന്ന വാത മണ്ഡലികളും പൊടുന്നനെയുള്ള തിരിവുകളും വിഗതികളും എല്ലാം ചേര്‍ന്ന് സംസാരസാഗരത്തെ അനിശ്ചിതത്തിന്‍റെ രംഗവേദിയാക്കുന്നു. മുന്നോട്ട് പോയതിലേറെ പിന്നോട്ടടിക്കുന്നു. യാത്ര പുരോഗമിക്കുംതോറും ലക്ഷ്യ തുറമുഖം വിദൂരമാകുന്നു. 

ബന്ധങ്ങളുടെ മൂല്യം

ഇറ്റലിയാത്രയില്‍നിന്നുള്ള ആദ്യ പാഠം ബന്ധങ്ങളുടെ മൂല്യം സംബന്ധിച്ചുള്ളതാണ്. ഏതൊരു യാത്രയിലും ഒപ്പം നല്ല സുഹൃത്തുകളുണ്ടെങ്കില്‍ അത് വരുത്തുന്ന വ്യത്യാസം എത്ര വലുതാണ്. ഒറ്റയ്ക്കൊരു ദീര്‍ഘയാത്ര എത്ര ദുസ്സഹമായിരിക്കും. 

അനവധി നാടകീയരംഗങ്ങള്‍ നിറഞ്ഞ ‘ഇറ്റലിയാത്രയില്‍ അപ്പസ്തോലനായ പൌലോസിനൊപ്പം രണ്ട് സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നു – അരിസ്തര്‍ഹൊസും ലൂക്കോസും. മാസിഡോണിയയിലെ തെസ്സലോനിക്യയില്‍ നിന്നും രണ്ടാം മിഷന്‍ യാത്രയില്‍ പൌലോസിനെ കണ്ടുമുട്ടിയവനാണ് അരിസ്തര്‍ഹൊസ്. അവര്‍ തമ്മില്‍ അഗാധമായ വ്യക്തിബന്ധം നിലനില്‍ക്കുന്നു; കര്‍ത്താവിന്‍റെ കഷ്ടാനുഭവങ്ങളില്‍ പൌലോസ് പങ്കാളിയായതുപോലെ.  ഒരു നിഴല്‍പോലെ എഫെസോസിലും പിന്നീട് ജറുസലേമിലും ഇപ്പോള്‍ ഈ കപ്പല്‍യാത്രയിലും അപ്പസ്തോലനെ അരിസ്തര്‍ഹൊസ് അനുഗമിച്ചു. അടുത്തയാള്‍ ലൂക്കോസാണ്. പൌലോസിന്‍റെ പ്രിയങ്കരനായ ഡോക്ടറും സന്തതസഹചാരിയുമാണ് ഇയാള്‍. ചരിത്രയാത്രയുടെ നാള്‍വഴികള്‍ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും സുന്ദരമായ ആഖ്യാനത്തിലൂടെയും മിഴിവാര്‍ന്ന     ചിത്രങ്ങളിലൂടെയും വരച്ചുതരാന്‍ അദ്ദേഹം കാണിച്ച ശ്രദ്ധ പ്രശംസനീയംതന്നെ. (27: 1 – 2)

 കപ്പലില്‍ ആകെയുണ്ടായിരുന്നത് 276 യാത്രക്കാരായിരുന്നു ( 27:37) ആ കൂട്ടത്തില്‍ നിരവധിപേര്‍ യഥാര്‍ത്ഥ കുറ്റവാളികളായിരുന്നു. അവരും ചക്രവര്‍ത്തി തിരുമനസിനുമുമ്പാകെ ഹാജരാകാന്‍ പോകുന്നവരാകാം. നാവികര്‍ക്കും മറ്റു കപ്പല്‍ ജോലിക്കാര്‍ക്കും പുറമെയുണ്ടായിരുന്നത് പട്ടാളക്കാരായിരുന്നു. അവരുടെ ക്യാപ്റ്റന്‍ ജൂലിയസ് എന്ന അഗസ്തീനിയന്‍ റെജിമെന്‍റിലെ ഓഫീസര്‍ ആയിരുന്നു. തടവുകാരുടെ പെരുമാറ്റം സദാ നോക്കികൊണ്ട് നിരീക്ഷണക്കണ്ണുമായി പട്ടാളക്കാര്‍ നിന്നു. അത്തരമൊരു സാഹചര്യം ഒരു യാത്രയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ നമുക്കാലോചിക്കാവുന്നതേയുള്ളു. പ്രത്യേകിച്ചും ക്രിമിനല്‍ സ്വഭാവമുള്ള നിരവധി സഹയാത്രക്കാരുമൊത്തുള്ള കപ്പല്‍യാത്ര. കപ്പലിന്‍റെ വിശാലതക്കപ്പുറത്തേയ്ക്ക് മാറാന്‍ കഴിയില്ലല്ലോ. 

അതൊരു യാത്രാകപ്പലല്ലായിരുന്നു എന്നതും പ്രത്യേകം സ്മരിക്കണം. ആ കാലത്തെ റോമന്‍  കപ്പലുകളുടെ പ്രത്യേകതകള്‍ അനുസരിച്ച് നിരവധി വിവരണങ്ങള്‍ നമുക്ക് ഈ യാത്രാവിവരണത്തില്‍ ലഭ്യമാണ്. അനവധി ടണ്‍ ഭാരം കയറ്റാവുന്ന ഒരു പ്രധാന പായ്മരവുമുള്ള വീതികൂടിയ കപ്പലുകളായിരുന്നു അവ. ചരക്കുനിറഞ്ഞാല്‍ കപ്പല്‍ നന്നായി താഴും. നിരവധി കുറ്റവാളികള്‍ക്കും കര്‍ക്കശക്കാരായ പട്ടാളക്കാര്‍ക്കും ആപത്കരമായ ആ കപ്പല്‍ യാത്ര നടത്തിയപ്പോള്‍ ആ മുന്നുപേര്‍ തമ്മിലുള്ള സൗഹൃദം മരുഭൂമിയിലെ മരുപച്ചപ്പോലെ ഹൃദ്യമായ അനുഭവമായി. 

പൌലോസിനോട് അസാധാരണ സൗഹൃദം കാണിച്ച മറ്റൊരു വ്യക്തികൂടെ ആ കപ്പലിലുണ്ട്. അത് പട്ടാളഓഫീസറായ ജൂലിയസ് ആണ്. അദ്ദേഹത്തെപ്പോലൊരു ഓഫീസര്‍ക്ക് ഒരു തടവുകാരനോട് ദയ കാണിക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു എന്ന വസ്തുതയാണ് ആ സൗഹൃദത്തെ അസാധാരണമാക്കിത്തീര്‍ക്കുന്നത്. തികച്ചും അപ്രതീക്ഷിതമായ കോണില്‍നിന്നും അപ്പസ്തോലന് കരുണലഭിക്കാന്‍ ദൈവം അത്തരമൊരു ഓഫീസറെ തോന്നിപ്പിച്ചു എന്നുതന്നെ നമുക്ക് പറയാം. ‘ഇറ്റലിയാത്ര’പോലെ ജീവിതയാത്രയിലും സൗഹൃദം പരത്തുന്ന സുഗന്ധം നമുക്ക് സന്തോഷം പകരുന്നു. പുറത്ത് കലിയടങ്ങാത്ത കടല്‍. അകത്ത് ഒരുക്കൂട്ടം ക്രിമിനലുകള്‍. ചുറ്റിലും പരുപരുക്കന്‍ പട്ടാളക്കാര്‍. പക്ഷേ പൌലോസും, അരിസ്തര്‍ഹൊസും,  ലൂക്കോസും അവരുടെ സ്നേഹബന്ധത്തില്‍ ആശ്വാസം കണ്ടെത്തി. നല്ല സുഹൃത്തുക്കള്‍ വ്യവസ്ഥകള്‍ ഒന്നും വെക്കാതെ സ്നേഹിക്കുന്നവരാണ്. ജയത്തിലും പരാജയത്തിലും സന്തോഷത്തിലും ദു:ഖത്തിലും അവര്‍ ഒപ്പം നില്‍ക്കുന്നു. ജീവിതയാത്രയില്‍ സഹയാത്രക്കാരായ സ്നേഹിതര്‍ക്ക് നന്ദിപറയാം. സുഹൃത്തുക്കളെ ലഭിക്കുകയെന്നത് അനുഗ്രഹമാണെന്ന് പറയുമ്പോള്‍തന്നെ ഒരു നല്ല സുഹൃത്താകുക എന്ന കടമയും പ്രധാനപ്പട്ടതാണെന്ന് മറക്കരുത്. പൌലോസിന്‍റെ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലായി പലര്‍ ഇതുപോലെ കൂടെനിന്നിട്ടുണ്ട്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ചൂട് തെല്ലൊന്ന് തണുപ്പിക്കാന്‍ ഹൃദയം തണുപ്പിക്കുന്ന ഒനേസിഫോറസുമാരെപ്പോലുള്ള സ്നേഹിതരാണ് വേണ്ടത്. 

അതിര്‍ത്തികള്‍ കടക്കുകയും യാത്രകള്‍ മുടങ്ങുകയും ജീവിതം സമഗ്രമായ അടച്ചുപൂട്ടലുകളിലേക്കുനീങ്ങുകയും ചെയ്തപ്പോള്‍ സൗഹൃദത്തിന്‍റെ മൂല്യം നാം കുറെയൊക്കെ തിരിച്ചറിഞ്ഞു. നല്ല സ്നേഹിതര്‍ ഇനിയും വര്‍ദ്ധിക്കട്ടെ. നല്ല സ്നേഹിതരാകാന്‍ നമുക്കും കഴിയട്ടെ. 

ചെറിയ കാര്യങ്ങളുടെ വലിപ്പം

ഒരു മനുഷ്യന് ജീവിക്കാന്‍ വാസ്തവത്തില്‍ എന്തൊക്കെ വേണം? ഇതൊരു കുഴക്കുന്നചോദ്യമാണല്ലേ? തീര്‍ച്ചയായും വേണ്ട കാര്യങ്ങളുടെ പട്ടിക തരാന്‍ ആവശ്യപ്പെട്ടാല്‍ നമ്മുടെ ലിസ്റ്റ് ഏറെ നീണ്ടതാകും ഉറപ്പ്! പൊതുവെ മനുഷ്യനുള്ള ഒരു അബദ്ധധാരണയാണ് വലിയ കാര്യങ്ങള്‍ക്കും വില കൂടിയ കാര്യങ്ങള്‍ക്കും മാത്രമേ മൂല്യമുള്ളു എന്നത്. അതുകൊണ്ടുപോര ഇനിയും വേണം എന്ന ത്വര മനുഷ്യനെ മരുപ്പച്ചപോലെ മോഹിപ്പിക്കുന്നു.

കോവിഡ് രോഗബാധിതരായി അതേസമയം മികച്ച ആരോഗ്യത്തോടെ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ചില വ്യക്തികള്‍ അവര്‍ക്കിഷ്ടപ്പെട്ട വിലകൂടിയ ഭക്ഷണവും ബ്രാന്‍ഡ് ഉല്‍പന്നങ്ങളും വേണമെന്ന് വാശിപ്പിടിച്ചതായി വാര്‍ത്തകള്‍ കേട്ടു. എന്നാല്‍ കോവിഡ്ബാധയാല്‍ ന്യൂമോണിയബാധിച്ച് വെന്‍റിലേറ്ററില്‍ കിടക്കുന്ന നിലവരുമ്പോള്‍ മേല്‍പറഞ്ഞതെല്ലാം വെറുക്കും. പ്രാണവായു മാത്രം ലഭിച്ചാല്‍ മതിയെന്നും ശ്വസനസഹായി മുടങ്ങാതെ കിട്ടിയാല്‍ മതിയെന്നും ആ സമയത്തവര്‍ കെഞ്ചും. അതെ, പ്രതിസന്ധികളാണ് മനുഷ്യന് എന്താണ് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതെന്ന് വെളിപ്പെടുത്തുന്നത്. ‘ഇറ്റലിയാത്ര’ തുടങ്ങിയ കൈസര്യയില്‍നിന്നും അവര്‍ കയറിയ കപ്പല്‍ തീരത്തുനിന്നും അധികം മാറാതെ സഞ്ചരിക്കുന്ന ചെറിയ കപ്പലായിരുന്നു. അത് മൈറ ( ഇപ്പോഴത്തെ ടര്‍ക്കിയിലുള്‍പ്പെടുന്ന നഗരം ) തുറമുഖത്തെത്തി. അവിടനിന്നും അവര്‍ മറ്റൊരുവലിയ ചരക്കുകപ്പലിലേക്ക് മാറിക്കയറി യാത്രതുടര്‍ന്നു. അത് അലക്സാന്‍ഡ്രിയയില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പലായിരുന്നു. റോമന്‍ സാമ്രാജ്യത്തിലെ ഒരു ട്രാന്‍സ്ഷിപ്പുമെന്‍റ് തുറമുഖമായിരുന്നു മൈറ. ലോകത്തിലെ ഏറ്റവും മികച്ച ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന ഈജിപ്തിലെ നൈല്‍ നദീതടങ്ങളില്‍നിന്നും അവ അലക്സാന്‍ഡ്രിയന്‍ തുറമുഖം വഴി റോമന്‍ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഇറ്റലിയിലെ പുറ്റ്സ്വോലി തുറമുഖത്തെത്തിച്ചാല്‍ അപ്പിയന്‍, ഇഗ്നേഷ്യന്‍ ഹൈവേകളിലൂടെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുമായിരുന്നു. ശൈത്യകാലത്തിനുമുമ്പ് യൂറോപ്പിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഈ വിതരണ ശൃംഖല വലിയ പങ്കാണ് വഹിച്ചിരുന്നത്. റോമന്‍ സാമ്രാജ്യത്തിന്‍റെ നിലനില്‍പ്പിനുതന്നെ അത് അനിവാര്യമായിരുന്നു. 

എന്നാല്‍ അലറിയടിച്ച കൊടുങ്കാറ്റില്‍ കപ്പല്‍ ഇളകിയാടിയപ്പോള്‍, നിയന്ത്രണം നഷ്ടപ്പെട്ട് അതൊരു കടലാസുതോണിപോലെ അഡ്രിയാറ്റിക് കടലില്‍ ഒഴുകിനടന്നപ്പോള്‍ – ആ ചരക്കെല്ലാം അവര്‍ വാരി കടലിലെറിഞ്ഞു (27 :19). പിന്നീടവര്‍ കപ്പല്‍ കോപ്പുകള്‍ കടലിലെറിഞ്ഞു. കപ്പല്‍ കോപ്പെന്നുപറഞ്ഞാല്‍ പായ്മരത്തില്‍ പായ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനുംഉപയോഗിക്കുന്ന കയറുകളും കപ്പികളും സംവിധാനമാണ്. ആ സാമഗ്രികള്‍ കടലിലെറിഞ്ഞുകളഞ്ഞാല്‍ പിന്നെ പായ്മരത്തിന്‍റെ ഉപയോഗം അസാധ്യം. പായ വിടര്‍ത്താനാകാത്ത ഒരു പായ്കപ്പല്‍ നടുകടലില്‍ വെറുമൊരു കളിപ്പാട്ടത്തിനുസമമാണ്. നിയന്ത്രണമെല്ലാം നഷ്ടപ്പെട്ട് കാറ്റിന്‍റെ ഗതിക്കും വെളളത്തിന്‍റെ ഒഴുക്കുമനുസരിച്ച് ഒഴുകിനടക്കും. പിന്നീട് കപ്പല്‍ തകരുമെന്നത് സുനിശ്ചിതമായപ്പോള്‍ ഭക്ഷണത്തിനായി മാറ്റിവെച്ച ധാന്യം പോലും കടലില്‍ ഉപേക്ഷിച്ച് ഭാരം കുറയ്ക്കുന്ന അറ്റകൈ പ്രയോഗം അവര്‍ ചെയ്തു.

ജീവന്‍റെ വിലയറിയുന്ന നിമിഷങ്ങളില്‍ അതുവരെ വിലയേറിയതെന്ന് കരുതിയ പലതും അനാവശ്യഭാരങ്ങളായി മാറും. സത്യത്തില്‍ ഏതാണ് മൂല്യമുള്ളതെന്ന് ആ സമയം തിരിച്ചറിയും. ഒരുപാടൊന്നും മനുഷ്യന് ആവശ്യമില്ലെന്ന് ഞെട്ടലോടെ അംഗീകരിക്കും. അധികമൊന്നും നമുക്കുവേണ്ട, വളരെക്കുറച്ചുമാത്രം മതി.  വേണ്ടവയാകട്ടെ വളരെ ചെറിയ കാര്യങ്ങളും. 

ടൈറ്റാനിക് കപ്പല്‍ മുങ്ങുന്നതിന് മുമ്പ് പരമാവധി യാത്രക്കാരെ രക്ഷപ്പെടുത്തി ലൈഫ് ബോട്ടുകളില്‍ കയറ്റുമ്പോള്‍ ഒരു സംഭവം ഉണ്ടായി. ധനികയായൊരു യാത്രിക പ്രഭ്വി, ലൈഫ്ബോട്ടിലേക്ക് കയറുന്നതിന് മുമ്പ് താമസിച്ചിരുന്ന ഫസ്റ്റ് ക്ലാസ് കാബിനിലേക്ക് തിരിച്ചോടി. എന്നിട്ട് യാത്രയില്‍ ഒപ്പം എടുത്ത വിലയേറിയ വസ്തുക്കളുടെ ശേഖരം ഒരിക്കല്‍ക്കൂടി നോക്കി. സ്വര്‍ണ്ണാഭരണങ്ങള്‍, രത്നങ്ങള്‍, മുത്തുകള്‍ എന്നിങ്ങനെ അമൂല്യമായ പലതും. എന്നിട്ട് അവയെല്ലാം തിരിച്ച് വെച്ചശേഷം മേശയില്‍ ഇരിക്കുന്ന രണ്ട് ഓറഞ്ചുകള്‍ കരങ്ങളിലെടുത്ത് തിരിച്ചുവന്നു; ലൈഫ്ബോട്ടില്‍ കയറി.

വൈറസ് വ്യാപനം തടയാന്‍ വീടുകളില്‍ ഒതുങ്ങികഴിയുമ്പോള്‍ ചെറിയ കാര്യങ്ങളുടെ വലിപ്പം തിരിച്ചറിയാന്‍ കഴിയട്ടെ. അവശ്യകാര്യങ്ങളുടെ ലഭ്യതയ്ക്ക് മുടക്കമില്ലെന്നോര്‍ത്ത് നന്ദി അര്‍പ്പിക്കാന്‍ സാധിക്കട്ടെ; ജീവിക്കാന്‍ ഒരു ജീവിതവും, കാലുറപ്പിച്ച് നടക്കാന്‍ ഒരു ഭൂമിയും ശ്വസിക്കുവാന്‍ പ്രാണവായുവും ദാഹമകറ്റാന്‍ വെള്ളവും വിശപ്പകറ്റാന്‍ ഭക്ഷണവും തരുന്ന സകലതിന്‍റേയും ഉടയവന് നന്ദിയര്‍പ്പിക്കാം. 

കടമ മറക്കാതിരിക്കാം

ദുസഹമായ സാഹചര്യങ്ങളില്‍ എങ്ങനെയാണ് കടമകള്‍ നിര്‍വ്വഹിക്കാനാവുക? സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ കടമകളില്‍ നിന്ന് പിന്‍വലിയുകയും അനുകൂലമാകുമ്പോള്‍ കര്‍ത്തവ്യങ്ങളിലേക്ക് തിരികെയെത്തുകയുമാണ് സാധാരണ ചെയ്യുന്നത്.  എന്നാല്‍ ഏതുസാഹചര്യത്തിലും കടമകള്‍ മറക്കരുതെന്നും ചെയ്യേണ്ടവ ചെയ്തുകൊണ്ടേയിരിക്കണമെന്നും ‘ഇറ്റലിയാത്ര’ നമ്മെ പഠിപ്പിക്കുന്നു. 

പ്രതികൂല കാലാവസ്ഥകാരണം വിചാരിച്ചതിലും ഏറെ വൈകിയാണ് ‘ഇറ്റലിയാത്ര’  പുരോഗമിച്ചത്. നിര്‍ദ്ദിഷ്ട പാതയില്‍നിന്നും വ്യതിചലിച്ച് ക്രീറ്റ് ദ്വീപിന്‍റെ തീരത്തേക്ക് കപ്പല്‍ എത്തി. ക്രീറ്റിലെ സല്‍മോണിക് സമീപമുള്ള  ഫെയര്‍ ഹാവന്‍സ് (ശുഭതുറമുഖം) തുറമുഖത്ത് അവര്‍ക്ക് കുറേനാള്‍ കിടക്കേണ്ടിവന്നു. ഒരേ സമയം പൌലോസ് വ്യക്തമായ ചില മുന്നറിയിപ്പുകള്‍ എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. ഓട്ടം നിര്‍ത്തി ശൈത്യം അവസാനിക്കുന്നതുവരെ അവിടെ കഴിയണമെന്നും അല്ലാതെ യാത്ര തുടര്‍ന്നാല്‍ ആപത്ത് ഉണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ആ മുന്നറിയിപ്പ് പക്ഷേ അവഗണിക്കപ്പെട്ടു. ഭൂരിപക്ഷം പേരും ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല. കൂറേക്കൂടി അനുകൂലസാഹചര്യങ്ങള്‍ ക്രീറ്റില്‍ തന്നെയുള്ള ഫീനിക്സ് തുറമുഖത്ത് ലഭിക്കും എന്നതും അവര്‍ പൌലോസിന്‍റെ നിര്‍ദ്ദേശം തള്ളാന്‍ കാരണമായിപറഞ്ഞു. പക്ഷേ ആ മുന്നറിയിപ്പ് അവഗണിച്ച് വന്‍വിനയായിമാറി. 

ലോകയാത്രയില്‍ വരാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കുകയെന്നത് ക്രൈസ്തവധര്‍മ്മമാണ്. അശാന്തിയും അനിശ്ചിതത്വവും പകരുന്ന വേളയില്‍ ദൈവവചനപരമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കണം. നിരാശയുടെ താഴെക്കയത്തില്‍ വീഴുന്നവര്‍ക്ക് പ്രത്യാശ പകരണം. ഭീതിയുടെ കരിനിഴലില്‍ ഇരിക്കുന്നവര്‍ക്ക് ധൈര്യം പകരണം. കാരണം പ്രതിസന്ധികളാണ് മനുഷ്യരുടെ കണ്ണുതുറപ്പിക്കുന്നത്. ജീവിതയാനം വിഘ്നമേതുമില്ലാതെ സ്വച്ഛന്ദം ഒഴുകുമ്പോള്‍ ആരും മുന്നറിയിപ്പുകള്‍ക്ക് ചെവിയോര്‍ക്കില്ല. എന്നാല്‍ അപ്രതീക്ഷിതമായ തിരിച്ചടികള്‍ പുനരാലോചനകള്‍ക്കുള്ള ഉണര്‍ത്തുപാട്ടുകളാണ്. വഴി തിരിച്ചുവിടുന്നതിനെക്കുറിച്ച്, കാത്തുനില്‍ക്കുന്നതിനെക്കുറിച്ച്, തിരുത്തല്‍ വരുത്തുന്നതിനേക്കുറിച്ച് ഒക്കെ പറയാനും കേള്‍ക്കാനുള്ള രംഗവേദിയാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ നാം അമാന്തിക്കരുത്. 

നമ്മുടെ മുന്നറിയിപ്പുകള്‍ മുഴുവനും സ്വീകരിക്കപ്പെടണമെന്നില്ല എന്നതും മറക്കരുത്. പക്ഷേ അത് കടമ നിര്‍വ്വഹിക്കുന്നതില്‍നിന്നും നമ്മെ പിന്‍തിരിപ്പിക്കരുത്. “മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രയേലിന് ഒരു കാവല്‍ക്കാരനായി നിയമിച്ചിരിക്കുന്നു” (യഹൂ33:7). കാണുന്നതനുസരിച്ച് മുന്നറിയിപ്പുകള്‍ നല്‍കുകയാണ് കാവല്‍ക്കാരന്‍റെ ധര്‍മ്മം. അതിന്‍റെ വ്യാഖ്യാനവും അനുസരണവും കേള്‍വിക്കാരുടെ കടമയാണ്. അനുസരണവും അനുസരണകേടും അതനുസരിച്ചുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതും യാഥാര്‍ഥ്യം. 

എന്നാല്‍ നാം കടമ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ വാക്കുകള്‍ സ്വീകരിക്കപ്പെടുക തന്നെചെയ്യും. ഒരിക്കല്‍ നിരാകരിച്ചവര്‍തന്നെ അതിനായി ചെവിയോര്‍ക്കും. കാരണം സത്യമതില്‍തന്നെ അജയ്യമാണ്. സത്യത്തെ തത്കാലം അവഗണിക്കാം. പക്ഷേ എന്നേക്കും നിരാകരിക്കാനാവില്ല. പൌലോസിന്‍റെ മുന്നറിയിപ്പുകള്‍ പുച്ഛിച്ചുതള്ളിയവര്‍ ചില ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ആ വാക്കുകള്‍ക്ക് ചെവിയോര്‍ത്തു. മുമ്പ് പറഞ്ഞതിനെ തള്ളികളഞ്ഞതിന്‍റെ പരിഭവമൊന്നുമില്ലാതെ അദ്ദേഹം കര്‍ത്തവ്യം തുടര്‍ന്നുചെയ്തു.  ( 27:21 – 37)

സത്യം പറഞ്ഞുകൊണ്ടേയിരിക്കുക ഇന്നല്ലെങ്കില്‍ നാളെയത് ശ്രദ്ധിക്കപ്പെടും. എല്ലാവരുമല്ലെങ്കിലും ചിലരെങ്കിലും അത് കൈക്കൊള്ളും.

നോട്ടം പ്രശ്നത്തിനപ്പുറത്തേക്ക്

കണ്ണടകള്‍ കാഴ്ചയ്ക്ക് ഏറെ സഹായകരമാണ്. എന്നാല്‍ കണ്ണടയിലേക്ക് നോക്കിയിരുന്നാല്‍ കാഴ്ച തെളിയുമോ? ഒരിക്കലുമില്ല. നോട്ടം കണ്ണടയ്ക്കുള്ളിലൂടെ ആകണം. അതുപോലെതന്നെയാണ് ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളും. വീശിയടിക്കുന്ന കൊടുങ്കാറ്റിലേക്കും ഇരമ്പിയാര്‍ക്കുന്ന കടലിലേക്കും കണ്ണുപായിച്ചിരുന്നാല്‍ ചങ്കുതകരും. പ്രതിസന്ധികള്‍ കണ്ണാടികള്‍പോലെയാണ്. അതിലേക്കല്ല, അതിലൂടെയാണ് നോക്കേണ്ടത്. പ്രതിസന്ധികളിലൂടെ മറുതീരത്തെ കാഴ്ച കാണാനായാല്‍ അത് പ്രത്യാശഭരിതമായ കാഴ്ചയാകും. 

276 യാത്രക്കാരും ടണ്‍ കണക്കിന് ചരക്കും നിറച്ച ഭീമാകാരമായ ഒരു കപ്പല്‍. കണ്ണീര്‍കായലില്‍ അലയുന്ന കടലാസുതോണിപോലെ ആ കപ്പല്‍ മെഡിറ്ററേനിയന്‍ കടലിലും ആഡ്രിയാട്രിക് കടലിലും ഗതികിട്ടാതെ മാസങ്ങള്‍ അലഞ്ഞുനീങ്ങി. മാസങ്ങള്‍ ഒഴുകി ഒരടിമുന്നോട്ടെങ്കില്‍ ഒരടിവയ്യോട്ട് എന്നതാണ് ഇറ്റലി യാത്രയുടെ പുരോഗതി. ഭീമന്‍ തിരകളും വീശിയടിക്കുന്ന കാറ്റും ആ കപ്പലിനെ ഏതുനിമിഷവും തകര്‍ന്നുതരിപ്പണമാക്കും. മരംകൊണ്ട് നിര്‍മ്മിച്ച ആ കപ്പലിന് താങ്ങാവുന്നതിലും അധികമായിരുന്നു കടലിന്‍റെ രൗദ്രം. അവസാനവട്ടശ്രമമെന്നനിലയില്‍ നാവികര്‍ ലഭ്യമായ കയറുകള്‍ ഉപയോഗിച്ച് കപ്പല്‍ ചുറ്റും കെട്ടി ബലപ്പെടുത്തി (27:17). കൊടുംക്കാറ്റും മഴമേഘങ്ങളും കാഴ്ച മറക്കുന്നു. സൂര്യനില്ല, നക്ഷത്രങ്ങളില്ല, പകലേതെന്നോ രാത്രിയേതെന്നോ നിശ്ചയമില്ലാതെ രണ്ടാഴ്ച. ചുറ്റും കനം പിടിച്ച അന്ധകാരം. ചിതറിത്തെറിക്കുന്ന കടല്‍ വെള്ളം. ഇടതടവില്ലാത്ത മഴ. മരംകോച്ചുന്ന തണുപ്പും കാറ്റും. 

ഇതിലുംപരം മനസ്സു മടുപ്പിക്കുന്ന അവസ്ഥ വേറെയുണ്ടോ? ഇരുണ്ടുമൂടിയ അന്തരീക്ഷം പോലെ മ്ലാനമായിരുന്നു കപ്പല്‍യാത്രക്കാരുടെ മുഖങ്ങളും. പ്രകാശത്തിന്‍റെ അവസാന കിരണങ്ങളും അവരെ വിട്ടുപോയി. “എല്ലാ പ്രതീക്ഷയും അസ്തമിച്ചു”. (27:21) എന്നുള്ള വാക്കുകളില്‍ അവരുടെ ഉള്ളില്‍ നിറഞ്ഞ സങ്കടക്കടലിന്‍റെ ഇരമ്പലുണ്ട്. ആസന്നമരണത്തിന്‍റെ ആഗമനം ഭീതിയും കാത്ത് തണുത്ത്വിറങ്ങലിച്ച് ഒരു കൂട്ടം മനുഷ്യര്‍. 

എന്നാല്‍ അവര്‍ക്കിടയില്‍ മൂന്നുപേര്‍ വ്യത്യസ്തരായി; പൌലോസും, അരിസ്തര്‍ഹോസും ലൂക്കോസും പ്രതിസന്ധിക്കപ്പുറം കണ്ടു. സംഹാരതാണ്ഢവമാടുന്ന കടലിനും പ്രകാശശൂന്യമായ പകലിനുമപ്പുറത്ത് ഒരു തീരമുണ്ടെന്ന് അവര്‍ വിശ്വാസക്കണ്ണാല്‍ കണ്ടു. കണ്ണുകള്‍ രൗദ്രം പൂണ്ട കടലിലേക്ക് തിരിക്കാതെ സകലതിന്‍റെയും നിയന്താവിലേക്ക് തിരിച്ചുവെച്ചാല്‍ വിശ്വാസത്തിന്‍റെ പ്രത്യാശഭരിതമായ കാഴ്ച കാണാം. ഒപ്പമുണ്ടായിരുന്നവരുടെ കണ്ണുകള്‍ കാലാവസ്ഥയുടെ ഭീകരഭാവം കണ്ട് തളര്‍ന്നുപോയപ്പോള്‍ കൊടുംങ്കാറ്റിലൂടെ അതിനപ്പുറമുള്ള തീരത്തിന്‍റെ കാഴ്ച വിശ്വാസത്താല്‍ പൌലോസ് കണ്ടു(27:26). ആ കാഴ്ചയുടെ ദര്‍ശനം സഹയാത്രികള്‍ക്ക് പകര്‍ന്നുനല്‍കി. അവരെയും ശാക്തീകരിച്ചു. 

നിസ്സഹായതയും നിരാശയും സഹയാത്രികരെ നിസ്സംഗരും നിഷ്ക്രിയരുമായി മാറ്റിയപ്പോള്‍ നിസ്തന്ദ്രനായി നിന്ന പൌലോസ് ഒരു നിദര്‍ശകനായി അവര്‍ക്കിടയില്‍ നിന്നു. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നേകി. സമാനമാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും. സഹയാത്രികര്‍ക്ക് ആത്മവിശ്വാസമേകാന്‍ പ്രതിസന്ധികള്‍ക്കപ്പുറത്തേക്കു കാണുന്ന കണ്ണുകള്‍ നമുക്കും ഉണ്ടാകട്ടെ.

പ്രതിസന്ധികളിലെ ദൈവം

പ്രതിസന്ധികളില്‍ എവിടെയാണ് ദൈവം? ഇതൊരു വലിയ ചോദ്യമാണ്. ഒരു പക്ഷേ ഏറ്റവും പഴയതും ഉത്തരം പറയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ ചോദ്യം. മഹാമാരികളും, പ്രകൃതിക്ഷോഭങ്ങളും, യുദ്ധങ്ങളും, ദുരിതങ്ങളും ഒക്കെ സംഭവിക്കുമ്പോള്‍ ഈ ചോദ്യം വീണ്ടും വീണ്ടും ഉയരും. ലോകം ഒരു വൈറസിനുമുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഈ ദിനങ്ങളില്‍ ഈ ചോദ്യം ഒരു ചാട്ടുളിയുടെ പ്രഹരശേഷിയോടെ ഉയര്‍ന്നുവരുന്നു. 

ഇറ്റലി യാത്ര അതിനൊരുത്തരം തരുന്നുണ്ട്. ആ യാത്രാവിവരണം നല്‍കുന്ന കാലാതീതസന്ദേശങ്ങളില്‍ ഏറ്റവും വിലപ്പെട്ട പാഠവും അതുതന്നെയാണ്. ആകസ്മികതകള്‍ നിറഞ്ഞ ഇറ്റലി യാത്ര ദൈവഹിതമായിരുന്നോ? ആയിരുന്നു എന്ന് നിസംശയം പറയാം.”നീ എന്നെക്കുറിച്ച് ജെറുസലേമില്‍ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു”  – ഇത് സാക്ഷാല്‍ കര്‍ത്താവ് പൌലോസിനോട് നേരിട്ട് പറഞ്ഞ വാക്കുകളാണ്.  ദൈവത്തിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെട്ട യാത്രയായിരുന്നു അത്. കര്‍ത്താവിന്‍റെ അംഗീകാരവും ആശിര്‍വാദവുമുള്ള യാത്ര പൌലോസിന്‍റെ വ്യക്തി താല്പര്യമോ കടുംപിടിത്തമോ ഒന്നുമായിരുന്നില്ല ആ യാത്രയുടെ ചേതോവികാരങ്ങള്‍. ഇതൊരു അപഥസഞ്ചാരമല്ലാതിരുന്നിട്ടും എന്തിനിത്ര പ്രതിസന്ധികള്‍? എന്തിനിത്ര അഗന്ധവൃഥകള്‍? എന്തിനിത്ര ആകസ്മികതകള്‍? 

ദൈവഹിതപ്രകാരമുള്ള യാത്രയാണെങ്കില്‍ വലിയ ചുറ്റിക്കെട്ടില്ലാതെ നേരെചൊവ്വെപോകുമെന്നും സ്വന്തതാത്പര്യപ്രകാരമുള്ള, ദൈവത്തിനെതിരായ യാത്രയെങ്കില്‍ അപകടം സുനിശ്ചിതം എന്നുമാണ് പൊതുന്യായം. അതുപ്രകാരം തെറ്റുചെയ്ത ഒരാളുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ വിശദീകരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ദൈവീകഅംഗീകാരത്തോടുകൂടി നടത്തുന്ന യാത്രയില്‍ ജീവിതനൗകതന്നെ തകര്‍ന്നുവീണാലോ? 

‘ഇറ്റലിയാത്ര’യ്ക്ക് ആ പ്രഹേളികക്ക് ഉത്തരം നല്‍കാനാകും. ദൈവഹിതപ്രകാരമുള്ള യാത്രയിലും അപകടവും കാലവിളംബവും കപ്പല്‍ ഛേദവുമൊക്കെ ഉണ്ടാകാം എന്നതാണ് പാഠം. യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു ജീവിതയാത്ര ദൈവം ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ലെന്നോര്‍ക്കണം. ശാന്തമായ ഓളവും, അനുകൂലമായ കാറ്റും പ്രയാസമില്ലാത്ത സഞ്ചാരവുമെല്ലാം കൊതിക്കാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഏറെ വിദൂരമാണ്. സുഖദു:ഖസമ്മിശ്രഭാവം ഒത്തുചേര്‍ന്നതാണ് മനുഷ്യജീവിതം. ഈ യാഥാര്‍ത്ഥ്യം മനസ്സില്‍വെച്ചുവേണം മറ്റുജീവിതങ്ങളിലെ ദുരന്തങ്ങളേയും സ്വന്തം ജീവിതത്തിലെ പതനങ്ങളേയും വിലയിരുത്താന്‍.

‘ഇറ്റലിയാത്ര’യുടെ തുടക്കം പ്രതീക്ഷിച്ചതുപോലെയായിരുന്നു. എന്നാല്‍ ചില ദിവസങ്ങള്‍ പിന്നിട്ടതോടെ പ്രതീക്ഷിച്ച വേഗം കണ്ടെത്താനായില്ല. അതിനുശേഷം പലവിധ പ്രതിസന്ധികളും രൂപപ്പെട്ടു. കേട്ടുകേഴ്വിയില്ലാത്തവിധം ഭയാനകമായ കൊടുങ്കാറ്റില്‍ അകപ്പെട്ടു. എല്ലാ പരിശ്രമങ്ങളും വിഫലമാക്കികൊണ്ട് അവസാനം കപ്പല്‍ തകര്‍ന്ന് യാത്രികര്‍ ഒരു അജ്ഞാതദ്വീപിലകപ്പെട്ടു. പിന്നീട് ശൈത്യകാലവും കഴിഞ്ഞ് ആറുമാസത്തെ കാലവിളംബവും കഴിഞ്ഞാണ് അവര്‍ ഇറ്റലിയിലെത്തിയത്. 

‘ഇറ്റലിയാത്ര’പോലെ ജീവിതയാത്രയിലും സംഭവിക്കുന്നതൊന്നും യാദൃശ്ചികമല്ല. അനേക അധ്യായങ്ങളുള്ള ഒരു വലിയ തിരക്കഥപോലെ സംഭവബഹുലമാണ് ജീവിതം. അതിന്‍റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വായിച്ചാല്‍ അസംബന്ധമായിതോന്നിയേക്കാം. ഒരു യാത്ര അതിന്‍റെ ലക്ഷ്യസ്ഥാനത്തെത്തിയശേഷം പിന്‍തിരിഞ്ഞുനോക്കുമ്പോഴാണ് കടന്നുവന്നവഴികളെക്കുറിച്ച് ഒരു വിഹഗവീക്ഷണം ലഭിക്കുക. പ്രതിസന്ധികളില്‍ പെട്ടുഴലുന്ന വ്യക്തി അതിന്‍റെ നടുവില്‍നിന്ന് കാര്യവും കാരണവും തിരഞ്ഞാല്‍ നിരാശയാകും ഫലം. അവസാനരംഗവും പൂര്‍ത്തിയായി യവനിക വീഴുമ്പോഴാണ് വിശകലനങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. ഇറ്റലിയാത്രയില്‍ എവിടെയായിരുന്നു ദൈവം. കൊടുങ്കാറ്റിലും പെരുമഴയിലും ആടിയുലഞ്ഞ് ഏത് നിമിഷവും തകര്‍ന്ന്വീഴാമെന്ന പരുവത്തിലുള്ള, ഇളകിയാടുന്ന പലകകള്‍ ചേര്‍ത്തുകെട്ടി ബലപ്പെടുത്തിയ പായയും പങ്കായവും നഷ്ടപ്പെട്ട ആ ചരക്കുകപ്പലിന്‍റെ ഉള്ളില്‍ തന്നെയുണ്ടായിരുന്നു ദൈവം! ഹതാശരായി  ആസന്നമരണത്തിന്‍റെ വിഷാര്‍ദ്രമായ മുഴക്കത്തിന് കാതോര്‍ത്ത് ഉള്‍ക്കടലിലും കൊള്ളുന്ന 276 യാത്രക്കാര്‍ക്കുനടുവിലുണ്ടായിരുന്നു കര്‍ത്താവ്! പക്ഷേ ഭൂരിപക്ഷവും അവിടുത്തെ കണ്ടില്ല;  ആ ശബ്ദം കേട്ടില്ല. മറ്റുള്ളവര്‍ കടലിന്‍റെ സംഹാരതാണ്ഢവം കണ്ടപ്പോള്‍ പൌലോസ് ആ ശാന്തസാമിപ്യം കണ്ടു. മറ്റുള്ളവര്‍ കാറ്റിന്‍റെ ഭീതിദമായ ഹുങ്കാരം കേട്ടപ്പോള്‍ പൌലോസ് കര്‍ത്താവിന്‍റെ വാത്സല്യമസൃണമായ മൃദുസ്വരം കേട്ടു! 

പൌലോസിനെ നോക്കൂ; എന്തൊരു ധീരനായ മനുഷ്യന്‍! എന്തൊരു ആര്‍ജവമാണ് ആ വാക്കുകള്‍ക്ക്! എന്തൊരു ഗരിമയാണ് ആ വ്യക്തിത്വത്തിന്! അതൊന്നും പൊടുന്നനവെ രൂപപ്പെട്ടതല്ല, രൂപാന്തരപ്പെട്ടതാണ്! പ്രതിസന്ധികളുടെ കടല്‍യാത്രകളും കപ്പല്‍ ഛേദങ്ങളും ഈശാനമൂലനും ഒക്കെ ചേര്‍ന്ന് രൂപാന്തരം വരുത്തിയതാണ്. അതാണ് പ്രതിസന്ധികളുടെ പ്രസക്തി. 

ഇറ്റലിയാത്ര ഡയറി

‘ഇറ്റലിയാത്ര’ഒരു വലിയ പാഠപുസ്തകമാണ്. പുരാതന നാവികവിദ്യയെക്കുറിച്ചും കപ്പല്‍ നിര്‍മ്മാണത്തെക്കുറിച്ചും മനസ്സിലാക്കാന്‍ ഇതുപോലെ ആധകാരികാരികമായ മറ്റൊരു രേഖയില്ലത്രെ. ഡോക്ടര്‍ ശ്രീ. ലൂക്കോസ് എത്ര സാങ്കേതികമികവോടെയാണ് കപ്പലോട്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതെന്ന് നമ്മെ ആശ്ചര്യപ്പെടുത്തും. എന്നാല്‍ അതിലെല്ലാം ഉപരിയായി കാലാനുവര്‍ത്തിയായ നിരവധി പാഠങ്ങള്‍. ലോകം അനിതരസാധാരണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സമാനമായ പ്രതിസന്ധിയിലൂടെ കടന്നുപോയ ഇറ്റലി യാത്രികരെ സ്മരിക്കാം. ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തവന്‍. അത് നിരങ്കുശം നിവര്‍ത്തിക്കും. പക്ഷേ അവിടുത്തെ വാക്കുകള്‍ വിശ്വസിക്കുക; കാറ്റും കോളും എല്ലാ കാലവും നിലനില്‍ക്കില്ല. വിശ്വസിച്ചാല്‍ ദൈവമഹത്വം കാണും, നിശ്ചയം!

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular