എഡി 361ല്‍ റോമന്‍ കൈസറായ ജൂലിയന്‍റെ കഥ പ്രസിദ്ധമാണ്. മൂന്ന് നൂറ്റാണ്ടുകള്‍ നീണ്ട നിഷ്ഠൂരമായ ക്രിസ്തീയമതപിഢനങ്ങള്‍ക്കു വിരാമം കുറിച്ച കോൺസ്റ്റന്റയിനിന്റെ പിന്‍മുറക്കാരനായിരുന്ന ജൂലിയന്‍, ചെറുപ്പത്തിലേ ക്രിസ്തീയവിശ്വാസത്തിലേക്ക് വന്നിരുന്നു എങ്കിലും പില്‍ക്കാലത്ത് അതില്‍നിന്ന് പിന്തിരിഞ്ഞ് നിയോപ്ലേറ്റോണിസ്റ്റ് ആശയങ്ങളിലേക്കും റോമന്‍ മതാശയങ്ങളിലേക്കും പിന്‍തിരിഞ്ഞു. നൂറ്റാണ്ടുകളായി റോം പടുത്തുയര്‍ത്തിയ സംസ്കാരത്തെ ക്രിസ്തീയത തകര്‍ക്കുമെന്ന് ഭയപ്പെട്ട ജൂലിയൻ , ചക്രവര്‍ത്തി പദത്തിലെത്തിയതോടെ അനസ്യൂതം വര്‍ദ്ധിച്ചുവന്ന ക്രിസ്തീയ സ്വാധീനത്തില്‍ നിന്ന് സാമ്രാജ്യത്തെ ‘ശുദ്ധീകരിക്കാന്‍’ ശക്തമായൊരു നീക്കം ആരംഭിച്ച. ക്രിസ്തീയതക്കുള്ള പ്രത്യേകപദവികള്‍ എടുത്തുകളഞ്ഞ് പഴയ ഗ്രീക്ക് റോമന്‍ മതത്തിലേക്കും സംസ്കാരത്തിലേക്കും റോമിനെ തിരിച്ചുനടത്തുവാനാണ് അദ്ദേഹം ശ്രമിച്ചത്. ജനങ്ങള്‍ ഉപേക്ഷിച്ച ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുക, ക്രൈസ്തവേതര മത പുരോഹിതന്മാരുടെ ധാര്‍മ്മിക നിലവാരം ക്രിസ്തീയ നേതാക്കന്മാരെപ്പോലെ മെച്ചപ്പെടുത്തുക, അവരുടെ സംവിധാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തികസഹായം നല്‍കുക തുടങ്ങി പലതും അധികാരത്തിന്‍റെ പിന്‍ബലത്തോടെ ചെയ്തെങ്കിലും ക്രിസ്തീയത ഉയര്‍ത്തിപ്പിടിച്ച സയുക്തികവും കുലീനവും പ്രായോഗികവുമായ വിശ്വാസങ്ങള്‍ക്കും ജീവിതശൈലിക്കും പകരമാകുന്നതില്‍ അതൊന്നും വിജയം കണ്ടില്ല. ജൂലിയന്‍റെ മരണക്കിടക്കയിലെ പ്രസ്താവന ചരിത്രപ്രസിദ്ധമാണ്. “ഗലീലെയാ, നീ ജയിച്ചിരിക്കുന്നു” (വിച്ചിസ്തി ഗാലിലേയോ).
ലൗകീകതയെക്കാള്‍ ആത്മീയതയ്ക്കും ഇപ്പോഴുള്ളതിനേക്കാള്‍ വരുവാനുള്ളതിനും ഊന്നല്‍ നല്‍കുന്ന ക്രിസ്തീയ ലോകവീക്ഷണം മനുഷ്യന്‍റെ സാമ്രാജ്യത്വ മോഹങ്ങളെ മാത്രമല്ല ശാസ്ത്രീയവും സാമൂഹ്യവും കലാ-സാംസ്കാരികവുമായ പൂരോഗതിയെയും പിന്നോട്ടടിപ്പിക്കുന്നതാണ് എന്നാണ് ഇന്നും പലരും വാദിക്കുന്നത്. 18-ാം നൂറ്റാണ്ടില്‍ റോമന്‍ചരിത്രമെഴുതി വിഖ്യാതനായ എഡ്വേര്‍ഡ് ഗിബ്ബണ്‍ എഴുതി: “As the happiness of the future life is the great object of religion we may hear without surprise or scandal that the introduction or the abuse of christianity had some influence on the decline and fall of the Roman Empire.” സാമ്രാജ്യത്തെ ഊര്‍ജ്ജസ്വലമാക്കി നിര്‍ത്തിയ സാഹസീകസ്വഭാവങ്ങളുടെയും യുദ്ധമുറകളുടെയും പ്രതികാര വാഞ്ചകളുടെയും സ്ഥാനത്ത് ക്രിസ്തീയത ഉയര്‍ത്തിപ്പിടിച്ച സൗമ്യതയും ദീര്‍ഘക്ഷമയും വിനയബുദ്ധിയുമൊക്കെ സ്ഥാനം പിടിച്ചതും, രാജ്യത്തെ സൂക്ഷിക്കേണ്ട സുശക്തമായ സൈന്യസന്നാഹങ്ങള്‍ക്കു ചെലവഴിക്കേണ്ട പണം മതാചാരങ്ങള്‍ക്കും ദീനാനുകമ്പക്കുമായി വേര്‍തിരിക്കപ്പെട്ടതുമെല്ലാം റോമന്‍ മൂല്യങ്ങളുടെ ക്ഷയത്തിനും തല്‍ഫലമായി സാമ്രാജ്യത്തിന്‍റെ അപജയത്തിനും കാരണമായി എന്ന് ഗിബ്ബണ്‍ വാദിച്ചു. ശത്രുവിനെ സ്നേഹിക്കാനും ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേചെകിടും കാട്ടിക്കൊടുക്കാനും തയാറാവുന്നവര്‍ക്ക് ഈ ലോകത്തിലെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ എങ്ങനെ കഴിയും! “അവനെ ഇങ്ങനെ വിട്ടയച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. റോമക്കാരും വന്ന് നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും” എന്ന് ക്രിസ്തുവിന്‍റെ സ്വാധീനത്തെപ്പറ്റി പരീശന്മാര്‍ നിരീക്ഷിച്ചത് തന്നെ റോമിന്‍റെ കാര്യത്തിലും സംഭവിക്കുമെന്നാണ് ജൂലിയന്‍ ഭയപ്പെട്ടതും, ഗിബ്ബണ്‍ നിരീക്ഷിച്ചതും.
മധ്യകാല ക്രിസ്തിയതയില്‍ ആഴത്തില്‍ വേരോടിയ വൈരാഗ്യചിന്താഗതിയും (asceticism), മൊണാസ്റ്റിക് പ്രസ്ഥാനങ്ങളും, കത്തോലിക്കാ മതാധിപത്യവുമാണ് യൂറോപ്പിനെ നൂറ്റാണ്ടുകളോളം ഇരുണ്ടയുഗത്തില്‍ തളച്ചിട്ടത് എന്ന് ചരിത്രത്തില്‍ നാമൊക്കെ ഉരുവിട്ടുപഠിച്ചതാണ്. അതുപോലെ ക്രിസ്തീയ ചക്രവര്‍ത്തിമാര്‍ തമസ്കരിച്ച പുരാതന യവനഗ്രന്ഥങ്ങള്‍ കണ്ടെത്തി വീണ്ടും വായിക്കാന്‍ ഒരുമ്പെട്ടതാണ് പന്ത്രണ്ടു പതിമൂന്ന് നൂറ്റാണ്ടുകളിലെ മാനവികതയിലൂന്നിയ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് എന്നാണ് പൊതുധാരണ. 18 -19 നൂറ്റാണ്ടുകളിലെ ശാസ്ത്ര സാങ്കേതിക പുരോഗതിയും മതവിശ്വാസങ്ങള്‍ക്കതീതമായ യുക്തിചിന്തയുടെ വിജയമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഇത്തരം നിരീക്ഷണങ്ങളുടെ ബലത്തില്‍ ക്രിസ്തീയത പുരോഗതിക്ക് ഊര്‍ജജം പകരുന്നില്ലെന്നു മാത്രമല്ല അത് പുരോഗമനത്തിന് തടയിടുകയാണ് ചെയ്യുന്നത് എന്ന ആരോപണം പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തീയത സംസ്കാരിക പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന ഒരു പിന്തിരിപ്പന്‍ തത്വശാസ്ത്രമാണോ? എന്താണ് ക്രിസ്തീയതയും മാനവ സംസ്കാരവും തമ്മിലുള്ള ബന്ധം?
യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഈലോകജീവിതത്തെയും സംസ്കാരത്തെയും എങ്ങനെയാണ് വീക്ഷിച്ചതെന്നതിന് വളരെ വിഭിന്നങ്ങളായ ഉത്തരങ്ങളാണ് നല്‍കപ്പെട്ടിട്ടുള്ളത്. റിച്ചാര്‍ഡ് നെയ്ബറിന്‍റെ പ്രസിദ്ധമായ ‘ക്രിസ്തുവും സംസ്കാരവും’ എന്ന ഗ്രന്ഥത്തില്‍ ക്രിസ്തുവും സംസ്കാരവും തമ്മിലുളള്ള ബന്ധത്തെ പൊതുവേ അഞ്ചു തരത്തില്‍ ക്രൈസ്തവ ചിന്തകര്‍ മനസ്സിലാക്കിയതായി പറയുന്നു. Christ against culture, Christ of Culture, Christ above culture, Christ and culture in paradox, Christ the transformer of culture. സങ്കീര്‍ണ്ണമായ ആ വിഭജനത്തിൽ നിന്നും അല്പം വ്യത്യസ്തമായി ക്രിസ്തീയതയും സംസ്കാരവും തമ്മിലുളള്ള പാരസ്പര്യത്തെ ( Interaction ) മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളായി ചുരുക്കി ഒരു വിലയിരുത്തല്‍ നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
വൈരുദ്ധ്യവീക്ഷണം
ഈലോകസംസ്കാരം ഒരു പൈശാചിക സംവിധാനമാണ് എന്ന വൈരുദ്ധ്യവീക്ഷണമാണ് (Christianity against culture)അതിലൊന്ന്. ഈ ലോകവും അതിലുള്ള സര്‍വ്വവും പിശാചിന്‍റെ നിയന്ത്രണത്തിലാണെന്നും ക്രിസ്തീയതക്ക് അതുമായി ഒരു കൂട്ടുമില്ലെന്നുമുള്ള ചിന്താഗതി മിതമായും തീവ്രമായും പുലര്‍ത്തിയവര്‍ സഭാചരിത്രത്തില്‍ കാണാം. ലോകവും ദൈവ സഭയും പരസ്പരവിരുദ്ധമായ രണ്ടു മാര്‍ഗ്ഗങ്ങളാണ് ; ഈ ലോകത്തോട് അനുരൂപരാകരുത് ( റോമ12: 2) ;ലോകസ്നേഹം ദൈവത്തോട് ശത്രുത്വമാകുന്നു (യാക്കോ 4:4) ;ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കുവാന്‍ കഴിയുകയില്ല (മത്തായി 6:24 ) എന്നിങ്ങനെയുള്ള വാക്യങ്ങളെ ദൈവിക പരിപാടിയും ലോകത്തിന്‍റെ പരിപാടികളും പരസ്പര വിരുദ്ധമാണ് എന്നതിന് തെളിവുകളായി അവര്‍ ഉദ്ധരിക്കുന്നു. അവരുടെ വീക്ഷണത്തില്‍ ആധുനികശാസ്ത്രം, വിദ്യാഭ്യാസം, സാങ്കേതിക പുരോഗതി, കല, സാഹിത്യം, രാഷ്ടീയം മുതലായവയെല്ലാം അടിസ്ഥാനപരമായി ദൈവവിരുദ്ധമായ അനാത്മിക കാര്യങ്ങളാകയാല്‍ അതില്‍നിന്ന് അകലം സൂക്ഷിക്കുന്നതാണ് ആത്മീയന് കരണീയം.
അപ്പൊസ്തലിക പിതാക്കന്മാരുടെ കാലഘട്ടം (എ ഡി 2 – നൂറ്റാണ്ട്) പൊതുവേ ഈ ലോകത്തോട് നിഷേധാത്മക സമീപനം പുലര്‍ത്തിയ ഈ വൈരുദ്ധ്യവീക്ഷണമാണ് പിന്‍തുടര്‍ന്നത്. ഈ ലോകപരിപാടികളില്‍നിന്ന് പരമാവധി അകലം സൂക്ഷിക്കുന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയതയെന്നു ചിന്തിച്ച മധ്യകാല ക്രൈസ്തവ സന്യാസപ്രസ്ഥാനങ്ങള്‍ വൈരുദ്ധ്യവീക്ഷണത്തിലെ തീവ്ര നിലപാടുകാരായിരുന്നു. അമേരിക്കയിലെ ആമിഷ് സമൂഹം മറെറാരു ഉദാഹരണമാണ്. മനുഷ്യന്‍റെ സാംസ്കാരിക മുന്നേറ്റങ്ങള്‍ ആത്മീയരെ ദൈവത്തില്‍ നിന്ന് അകറ്റുന്നവയാണ് എന്ന് വിശ്വസിച്ച് ആധുനിക ജീവിതസൗകര്യങ്ങള്‍ വരെ (ഉദാ. ടെലഫോണ്‍, വാഹനങ്ങള്‍) അവര്‍ ഇപ്പോഴും തിരസ്കരിക്കുന്നു
പ്രായോഗികമായി തീവ്ര നിലപാടുകള്‍ എടുത്തില്ലെങ്കിലും ക്രിസ്തുശിഷ്യര്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന ഒരു സാത്താന്യസംവിധാനമാണ് ഈലോകം എന്ന മനസ്ഥിതി പുലര്‍ത്തുന്നവർ ഇന്നുമുണ്ട്. ലോകത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് പരമാവധി വേര്‍പാട് സൂക്ഷിക്കുന്നതാണ് അവരെ സംബന്ധിച്ചിടത്തോളം ക്രിസ്തീയ ഉത്തരവാദിത്തം. ലോകത്തിന്‍റെ ശാസ്ത്രവും രാഷ്ട്രീയവും വിദ്യാഭ്യാസവും, കലയും, സാഹിത്യവും, സാങ്കേതികസൗകര്യങ്ങളുമെല്ലാം അനാത്മികമായി കരുതി അകലം സൂക്ഷിക്കുന്നതാണ് ആത്മീയത എന്ന ചിന്താഗതി അവരെ ഭരിക്കുന്നു.
സമന്വയവീക്ഷണം
എന്നാല്‍ ഇതിന് നേര്‍വിപരീതമായൊരു കാഴചപ്പാടാണ് ഈ ലോകവും അതിന്‍റെ സംസ്കാരിക ഉന്നമനവും ദൈവത്തിന്‍റെ ഒരേ പ്രവര്‍ത്തനപരിപാടിയാണ് എന്ന സമന്വയവീക്ഷണം (christianity for culture). ഭൂമിയും അതിന്‍റെ പൂര്‍ണ്ണതയും ദൈവത്തിനുള്ളത്.(സങ്കി 24:1). അതിന്‍റെ സമ്പന്നമായ സാധ്യതകളെ ചൂഷണം ചെയ്ത് ഈലോകത്തെ മനോഹരമായ ഒരു സംസ്കാരമാക്കിത്തീര്‍ക്കുന്ന നിയോഗമാണ് മനുഷ്യനെ ദൈവം ഭരമേല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ശാസ്ത്രം, കല, രാഷട്രീയം തുടങ്ങിയവയിലെല്ലാം ദൈവമക്കള്‍ വിവേകപൂര്‍വ്വം ഇടപെടണമെന്നു മാത്രമല്ല സത്യത്തില്‍ അതിന്‍റെ യഥാര്‍ത്ഥ ഉത്തരവാദിത്തം ഭൂമിയുടെ അവകാശികളായ നമ്മുടേതാണ്. ലോകത്തില്‍നിന്ന് ഒളിച്ചോടുകയല്ല ലോകത്തെ ക്രിസ്തീയമാക്കുകയാണ് ക്രൈസ്തവധര്‍മ്മം. ആത്മീയതയും, ഭരണവും നിയമപാലനവും, സാമ്പത്തികനയങ്ങളും, എല്ലാം ഒരുമിച്ചു നിലനിന്ന മോശെയുടെ കാലത്തെ തെയോക്രസിയിലെന്നപോലെ ക്രിസ്തു ശിഷ്യനും സമൂഹത്തിന്റെ പൊതുധാരയില്‍ സജീവമായി നിലനിൽക്കുകയാണ് വേണ്ടതെന്ന് സമന്വയവീക്ഷണക്കാര്‍ ചിന്തിക്കുന്നു. മോശയുടെ വ്യവസ്ഥിതി ലക്ഷ്യമിട്ടതുപോലെ ലോകം മുഴുവന്‍ ദൈവകേന്ദ്രീകൃതമായ ഒരു സംസ്കാരമായിത്തീരുക എന്നതാണ് ക്രിസ്തു വിഭാവന ചെയ്തത്.
ദൈവീകമായ മാനവസംസ്കാരത്തെ തിന്മ അടിമപ്പെടുത്തിയിരിക്കുകയാണ്. ദൈവവിരുദ്ധമായ ദുസ്വാധീനങ്ങളില്‍നിന്ന് സംസ്കാരത്തെ വിടുവിച്ച് മനുഷ്യന്‍റെ വൈജ്ഞാനിക നേട്ടങ്ങളും, സാങ്കേതിക മികവുകളും, കലാപാടവവും, ആധുനികസൗകര്യങ്ങളുമെല്ലാം ദൈവമഹത്വത്തിന് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതിനാല്‍ ലോകത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയല്ല, ലോകത്തിലെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, കലാസാംസ്കാരിക മേഖലകളില്‍ ഫലപ്രദമായി ഇടപെടുകയാണ് ആവശ്യം. അധ:പ്പതിച്ചുപോയ മാനവ സംസ്കാരത്തിന്‍റെ വീണ്ടെടുപ്പുകാരായിരിക്കണം ക്രിസ്തു ശിഷ്യര്‍. സമൂഹജീവിതത്തിന്‍റെ എല്ലാതലങ്ങളിലും ആവോളം കടന്നുചെന്ന് അതിനെല്ലാം ക്രിസ്തീയമായ ഒരു മുഖം നല്‍കുമ്പോഴാണ് യഥാര്‍ത്ഥ സാംസ്കാരിക പുരോഗതി സാധ്യമാകുന്നത്. ആ സാംസ്കാരിക പരിവര്‍ത്തനത്തിന്‍റെ പോരാളികളായ ക്രിസ്തുശിഷ്യരുടെ യഥാര്‍ത്ഥ ജീവിതം ആരാധനാലയങ്ങളിലല്ല ജനമധ്യത്തിലാണ്. ജനസേവനമാണ് അവരെ സംബന്ധിച്ചിടത്തോളം ദൈവസേവ. യഥാര്‍ത്ഥ ക്രിസ്തീയത പരലോകപ്രധാനമായ ഒരു മതമല്ല; ഈ മണ്ണിലെ മനുഷ്യജീവിതമാണ് എന്നതാണ് ഇവരുടെ ചിന്താഗതി.
ഡൊമിനിയൻ തിയോളജി, ക്രിസ്ത്യൻ റി കൺസ്ട്രക്ഷനിസം തുടങ്ങിയ വേദശാസ്ത്ര ചിന്താധാരകൾ ഈ വീക്ഷണം പിൻതുടർന്നവരാണ്. എന്നാൽ പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളില്‍ പ്രചരിച്ച് ക്രിസ്തീയ ലോകത്തെ ആകമാനം വിഴുങ്ങിയ ലിബറല്‍ തിയോളജിയുടെ വിവിധരൂപങ്ങളാണ് സമന്വയ സമീപനത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണം. അതിന്‍പ്രകാരം ക്രിസ്തീയത എന്നാല്‍ മറ്റുള്ളവരില്‍നിന്ന് നമ്മെ വ്യത്യസ്തരാക്കുന്ന കുറെ വിശ്വാസ സത്യങ്ങളല്ല മറിച്ച് മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുന്ന ഒരു ജീവിതശെലിയാണ്. ഈ ലോകത്തെ നവീകരിച്ച് ഒരു ദൈവരാജ്യമാക്കുവാനാണ് ക്രിസ്തു വന്നത്. ഈ ലോകമാണ് ക്രിസ്തീയതയുടെ ഫോക്കസ്, അല്ലാതെ മരണത്തിനപ്പുറമുണ്ടെന്ന് ചിന്തിക്കുന്ന പരലോകമല്ല. അടിസ്ഥാനവിശ്വാസങ്ങളെ തള്ളിക്കളഞ്ഞ ലിബറലുകള്‍ മാത്രമല്ല, മനുഷ്യസമൂഹത്തിന്‍റെ പരിവര്‍ത്തന പ്രക്രിയയില്‍ ക്രിയാത്മക പങ്ക് വഹിക്കുന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയത എന്നു വാദിക്കുന്ന യാഥാസ്ഥിതിക വിശ്വാസികളും സമന്വയവീക്ഷണത്തിന്‍റെ പാതയിലാണ്.
സമാന്തര സമീപനം
എല്ലാചെറുത്തുനില്‍പ്പുകളും പരാജയപ്പെട്ട് എ ഡി 410ല്‍ റോമാനഗരം വിസിഗോത്തുകള്‍ക്ക് കീഴടങ്ങിയതോടെ പാശ്ചാത്യ റോമാസാമ്രാജ്യത്തിന്‍റെ പതനം പൂര്‍ത്തിയായി. ദാരുണമായ ഈ പരാജയത്തിന് കാരണം റോമിന്‍റെ വിജാതീയദൈവങ്ങളെയും സംസ്കാരത്തയും തള്ളിക്കളഞ്ഞ് ക്രിസ്തീയതയെ സ്വീകരിച്ചതാണ് എന്ന വിജാതീയ ആരോപണത്തിന് മറുപടിയായി സെന്‍റ് അഗസ്റ്റിന്‍ എഴുതിയതാണ് ദി സിറ്റി ഓഫ് ഗോഡ്. വിഖ്യാതമായ ഈ കൃതിയില്‍ മാനവസംസ്കാരവും ദൈവരാജ്യവും തമ്മിലുള്ള ബന്ധത്തെ മുന്‍പേ പറഞ്ഞ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ വേറൊരു നിലയിലാണ് വീക്ഷിക്കുന്നത്. ദൈവത്തിന്‍റെ നഗരത്തെയും ( City of God ) ഭൗമിക നഗരത്തെയും (City of the Earth) ഒരേസമയം നിലനില്‍ക്കുന്ന രണ്ടു വ്യവസ്ഥകളായി കാണുന്ന സമാന്തര വീക്ഷണമാണത് (Christianity parallel to Culture). ദൈവനഗരവും ഭൗമീകനഗരവുമെന്നത് കൃത്യമായി സഭയും രാജ്യവുമല്ല, ആത്മീകവും ഭൗമീകവുമായ രണ്ടു സംസ്കാരവ്യവസ്ഥിതികളാണ്. ഈലോകസംസ്കാരത്തെ ദൈവപരിപാടിയുടെ വിരുദ്ധശക്തിയായി പൊതുവേ കരുതിയ ആദ്യകാല ക്രിസ്തീയതയില്‍ നിന്ന് വ്യത്യസ്തമായി അഗസ്റ്റിന്‍ രണ്ടിനെയും ഈ ലോകജീവിതത്തിന്‍റെ അനിവാര്യതകളായി കണ്ടു. ഈ രണ്ടു വ്യവസ്ഥിതികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരളവോളം ഒഴിവാക്കുവാന്‍ സാധ്യവുമല്ല.
സമാന്തരവീക്ഷണം കൂടുതല്‍ വികാസം പ്രാപിക്കുന്നത് മാര്‍ട്ടിന്‍ ലൂഥറിലാണ്. ദൈവരാജ്യവും ലോകരാജ്യങ്ങളും ദൈവത്തിന്‍റെ വ്യത്യസ്തമായ രണ്ടു പരിപാടികളാണ്. ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനതലം സുവിശേഷസാക്ഷ്യവും രക്ഷപ്രാപിക്കുന്ന ദൈവജനത്തിന്‍റെ വളര്‍ച്ചയുമാണ്. എന്നാല്‍ ഈ ലോകത്തില്‍ സമാധാനപരമായ മനുഷ്യജീവിതം സാധ്യമാക്കുക എന്നത് ലൗകീക ഭരണസംവിധാനങ്ങളുടെ കര്‍ത്തവ്യമാണ്. അതുകൊണ്ട് ദൈവജനത്തിന്‍റെ പ്രവര്‍ത്തനരീതികളില്‍ നിന്ന് വിഭിന്നമായി രാജ്യങ്ങളുടെ സുസ്ഥിരതക്കും നിലനില്‍പ്പിനും നിയമങ്ങളും, ശിക്ഷാരീതികളും, ആയുധങ്ങളും, കാര്‍ക്കശ്യവും എല്ലാം ആവശ്യമായി വന്നേക്കാം. സമാന്തര വീക്ഷണപ്രകാരം രാജ്യഭരണത്തിന്‍റെ കാര്യത്തില്‍ മക്യാവലിയും ചാണക്യനും ശരിയാണെന്ന് വരുന്നില്ലെങ്കിലും മലയിലെ പ്രസംഗം അതേപടി മാനദണ്ഡമാക്കി ലോകം ഭരിക്കാന്‍ കഴിയുകയില്ല. പെസന്‍റ് യുദ്ധത്തില്‍ ലൂഥറുടെ വിവാദനിലപാട് അദ്ദേഹത്തിന്‍റെ വീക്ഷണത്തിന്‍റെ ഫലമായിരുന്നു എന്നു ചിന്തിക്കാം. അതേസമയം ഈ വേര്‍തിരവ് സൂക്ഷിക്കുന്നതില്‍ കാല്‍വിനു സംഭവിച്ച പരാജയം മറ്റെല്ലാവിധത്തിലും പൊതുവേ മാതൃകയായ അദ്ദേഹത്തിന്‍റെ നിലപാടുകളിൽ ഒരു കറുത്ത പാടായി അവശേഷിക്കുന്നു
ക്രിസ്തീയതയും സന്യാസമാര്‍ഗ്ഗങ്ങളും
സംസ്കാരവും ക്രിസ്തീയതയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം വിശദീകരിക്കുന്ന മൂന്ന് ചിന്താസരണികളില്‍ എതാണ് ദൈവവചനത്തോട് ചേര്‍ന്ന് പോകുന്നത് എന്നതാണ് നമുക്ക് പരിശോധിക്കേണ്ടത്. മൂന്നിനും അനുകൂലമായ ബൈബിൾ വാക്യങ്ങളെ ഉദ്ധരിക്കുവാന്‍ കഴിഞ്ഞേക്കാം. എന്നാൽ യേശുക്രിസ്തുവിന്‍റെയും അപ്പൊസ്തലന്മാരുടെയും പ്രവര്‍ത്തികളിലും വാക്കുകളിലും വെളിപ്പെടുന്ന അടിസ്ഥാനവീക്ഷണം എന്തെന്ന് ഗ്രഹിക്കുകയാണ് ആവശ്യം.
ലോകത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന ഒരു ജീവിതമായിരുന്നില്ല ക്രിസ്തുവിന്റേത്. മുപ്പത് വർഷങ്ങളിലെ രഹസ്യ ജീവിതം സത്യത്തില്‍ എതൊരു യഹൂദനെയുംപോലെ അന്നത്തെ മതപരവും സാമൂഹ്യവുമായ ചുറ്റുപാടുകളോട് ഒത്തിണങ്ങി അവരിലൊരാളായിട്ടാണ് ക്രിസ്തു ജീവിച്ചിരിക്കുക. ജോസഫിന്‍റെ മകനെന്ന നിലയില്‍ സാധാരണക്കാരനായ ഒരു തച്ചനായി വലിയ ഒരു കുടുംബത്തിന്റെ സംരക്ഷണമാണ് അവിടുന്ന് നിര്‍വ്വഹിച്ചുത്. വിശുദ്ധനായി ജീവിക്കാന്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങിയ യോഹന്നാന്‍ സ്നാപകനെപ്പോലെ ഒരു താപസനായിരുന്നില്ല അവിടുന്ന്. പരസ്യജീവിതകാലത്തും ഇതേ ജീവിതശൈലിതന്നെയാണ് കര്‍ത്താവ് അനുവര്‍ത്തിച്ചത്. ‘മനുഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നു. ‘ (മത്താ 11: 19) അപ്പൊസ്തലന്മാരും ലോകത്തില്‍നിന്ന് ഒളിച്ചോടുന്നവരായല്ല സമൂഹമധ്യത്തില്‍ ജീവിക്കുന്നവരായാണ് നാം കാണുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ ലോകത്തില്‍, അതായത് കുടുംബത്തിലും ജോലി സ്ഥലത്തുമെല്ലാം, ദൈവഭക്തിയോടെ ജീവിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്. അതുകൊണ്ടുതന്നെ കൈസ്തവസമൂഹം പില്‍ക്കാലത്ത് അവലംബിച്ച താപസമാര്‍ഗ്ഗം പുതിയനിയമത്തിന്‍റെ പഠിപ്പിക്കലിനോട് പൊരുത്തപ്പെടുന്നില്ല.
ലോകത്തില്‍ നിന്ന് വിട്ടുനില്‍ക്കാനല്ല ലോകത്തിന്‍റെ തിന്മയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ക്രിസ്തു ഉപദേശിച്ചതും മാതൃക കാണിച്ചതും. ‘അവരെ ലോകത്തില്‍ നിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്‍റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്. ഞാന്‍ ലൗകീകനല്ലാത്തതുപോലെ അവരും ലൗകീകരല്ല’ (യോഹ 17: 15-16) .സംസ്കാരത്തില്‍നിന്ന് അകന്നു നില്‍ക്കാനല്ല സംസ്കാരത്തിന്‍റെ മലിനതകളില്‍നിന്ന് അകലം സൂക്ഷിക്കാനാണ് ക്രിസ്തു ഉദ്ദേശിച്ചത്. കലയും, സാഹിത്യവും, ശാസ്ത്രവും , സാാങ്കേതിക പുരോഗതികളുമൊന്നും അതില്‍ത്തന്നെ ക്രിസ്തീയതക്ക് നിഷിദ്ധമല്ല. അവ അനുഭവിക്കുന്നതിലും, അവയുടെ പുരോഗതിക്കായി കഴിവുകളെ പ്രയോജനപ്പെടുത്തുന്നതിലും, ഉപജീവനമാര്‍ഗ്ഗമായി ലോകോപകാരപ്രദമായ കാര്യങ്ങളെ ഉപയോഗിക്കുന്നതിലും ഒരു അനൗചിത്യവുമില്ല. ലോകത്തിന്റെ മാലിന്യമേശാതെ ജീവിക്കാന്‍ ലോകത്തില്‍നിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല എന്നതാണ് ക്രിസ്തീയതയുടെ യഥാര്‍ത്ഥ രഹസ്യം.
ക്രിസ്തു വിപ്ലവകാരിയോ?
അതേസമയം പലരും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതുപോലെ ഒരു സാമൂഹ്യ വിപ്ലവകാരിയുമായിരുന്നില്ല ക്രിസ്തു എന്നതാണ് മറ്റൊരു വസ്തുത. സാമൂഹ്യരാഷ്ട്രീയ കാര്യങ്ങളില്‍ ക്രിസ്തു അനുവര്‍ത്തിച്ച അര്‍ത്ഥപൂര്‍ണ്ണമായ മൗനം ലോകകാര്യങ്ങളില്‍ നേരിട്ടിടപെടുക എന്നത് ക്രിസ്തുവിന്‍റെ ഉദ്ദേശ്യമല്ലായിരുന്നു എന്നത് വ്യക്തമാക്കുന്നു. അന്നത്തെ ലോകവും എന്നത്തെയും പോലെ രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക അനീതികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ റോമിന്‍റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയോ, സാമ്പത്തിക ചൂഷണത്തിനെതിരെയോ, അടിമവ്യവസ്ഥിതിക്കെതിരെയോ ക്രിസ്തു വിപ്ലവം പ്രസംഗിച്ചില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തും. കൈസര്‍ക്കുള്ളത് കൈസര്‍ക്ക് കൊടുക്കാനും, കീഴടങ്ങി അനുസരിക്കാനും, ഉള്ളതുകൊണ്ട് തൃപതിപ്പെടാനുമാണ് പുതിയനിയമം പഠിപ്പിച്ചത്. അതുപോലെ നിഷ്ഠൂരനായ നീറോയെ അട്ടിമറിക്കാനല്ല നീറോക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് അപ്പൊസ്തലന്മാര്‍ ആവശ്യപ്പെട്ടത്.
ഈലോകത്തിലെ രാഷ്ട്രീയ സാമൂഹ്യ അനീതികളുടെ മുമ്പില്‍ മത്സരത്തിന്‍റെ മാര്‍ഗ്ഗമല്ല വിധേയത്വത്തിന്‍റെയും സഹിഷ്ണുതയുടെയും, ഏറിയാല്‍ ബോധവത്കരണത്തിന്‍റെയും വഴിയാണ് ക്രിസ്തുവില്‍ കാണുന്നത്. അതിന് പല കാരണങ്ങള്‍ നമുക്ക് കാണാം. ഒന്ന് സാമൂഹ്യതിന്മകളില്ലാത്ത സമത്വസുന്ദരമായ ജീവിതവ്യവസ്ഥ ഈ ലോകത്തില്‍ സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചിട്ടില്ല. ദരിദ്രര്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടെന്നും , അധര്‍മ്മം പെരുകുമെന്നുമൊക്കെയാണ് ഈ ലോകത്തെക്കുറിച്ച് അവിടുന്ന് പറഞ്ഞത്. ക്രിസ്തീയതയുടെ വ്യാപനം വഴി ലോകം ഒന്നിനൊന്ന് മെച്ചപ്പെടുമെന്നല്ല, ഒരു വശത്ത് സുവിശേഷം വ്യാപിക്കുമ്പോഴും ലോകത്തില്‍ അധാര്‍മ്മികതയും അനീതിയും കൂടിയും കുറഞ്ഞും നിലനില്‍ക്കുമെന്നാണ് പുതിയ നിയമം പറയുന്നത്. (മത്താ.24:12) അതായത് അനുദിനം ജീര്‍ണ്ണിക്കുന്നതും മരണാസന്നവുമായ ഈ ലോകത്തിന് ശുഭകരമായ ഒരു ഭാവിയില്ല എന്ന് ദൈവവചനം പഠിപ്പിക്കുമ്പോള്‍ ലോകത്തെ നന്നാക്കാമെന്ന പ്രതീക്ഷ വളരെ ആപേക്ഷികമായ ഒരു കാര്യം മാത്രമാണ്.
ഭരണസംവിധാനങ്ങള്‍
അനീതിയുടെ ഈ ലോകത്തില്‍ നീതിയും ന്യായവും നിലനിര്‍ത്തുവാന്‍ ദൈവം വെച്ച ക്രമീകരണം ദൈവസഭയല്ല, ഭരണസംവിധാനങ്ങളാണ്. ‘ആരെങ്കിലും മനുഷ്യന്‍റെ രക്തം ചൊരിയിച്ചാല്‍ അവന്‍റെ രക്തം മനുഷ്യന്‍ ചൊരിയിക്കും ‘എന്ന നോഹയോടുള്ള ഉടമ്പടിയിലെ പ്രസ്താവന ദൈവം മാനുഷിക ഗവര്‍മെണ്ടുകള്‍ സ്ഥാപിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. (ഉല്പ 9:6; ദാനി 5:21) അനിയന്ത്രിതമായ അനീതിയിലേക്ക് നയിച്ച പ്രളയത്തിനു മുമ്പുള്ള അരാജകത്വസ്ഥിതിയില്‍നിന്ന് വ്യത്യസ്തമായി ദൈവം , നീതി നിര്‍വ്വഹണത്തിന് , മാനുഷീകമായ നീതിനിര്‍വ്വഹണ വ്യവസ്ഥ സ്ഥാപിക്കുകയാണ് ഇവിടെ. ‘ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ. ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. ‘ (റോമ 13: 1) എന്ന അപ്പൊസ്തലന്‍റെ വാക്കുകളും ലൗകീകമായ അധികാരസ്ഥാനങ്ങള്‍ ദൈവം സ്ഥാപിച്ചതായി വ്യക്തമാക്കുന്നു.
അനീതി നിറഞ്ഞ ഈ ലോകത്തില്‍ കഴിവതും സ്വസ്ഥമായ ജീവിതം സാധ്യമാക്കേണ്ടത് മാനുഷീകാധികാരങ്ങളുടെ ദൗത്യമാണ്, ദൈവസഭയുടെതല്ല. (1 തിമോ 2:1-2). വിഭിന്നമായ വിശ്വാസങ്ങളും ആത്മീയ വീക്ഷണങ്ങളും പുലര്‍ത്തുന്ന ഒരു ബഹുസ്വരസമൂഹത്തിന്‍റെ ഭരണം ദൈവം അവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണവും, നീതിനിര്‍വ്വഹണവും, സൈന്യവും, ഗവൺമെണ്ടുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുസ്വകാര്യ സംരഭങ്ങളുമൊന്നും ക്രിസ്തുവിന്‍റെ സുവിശേഷദൗത്യമായ ദൈവരാജ്യത്തിന്‍റെ ഭാഗമല്ല, ഈലോകത്തിന്‍റെ നിലനില്‍പ്പിനാവശ്യമായ പൊതുവായ കാര്യങ്ങളാണ്. അവിടെ ഏതുതരം ഭരണവ്യവസ്ഥിതി എന്നതല്ല അവര്‍ എങ്ങനെ ഭരിക്കുന്നു എന്നതാണ് സ്വസ്ഥമായ ജീവതത്തിന് അടിസ്ഥാനം. നല്ല രാജഭരണങ്ങളുണ്ടാകാം; അതേസമയം ന്യൂനപക്ഷത്തെ തമസ്കരിക്കുന്ന നീചമായ ജനാധിപത്യങ്ങളും ഉണ്ടാകാം. മനുഷ്യമനസ്സാക്ഷിയില്‍ ദൈവം വരച്ചിട്ടിരിക്കുന്ന മാനുഷികമൂല്ല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണം നിര്‍വ്വഹിച്ചാല്‍ ഏതുതരം ഭരണവ്യവസ്ഥിതിയിലും നന്മയും ഐശ്യര്യവും ഒരളവോളം വരും.
സാംസ്കാരിക പുരോഗതി
ശാസ്ത്രവും, കലാകായിക നേട്ടങ്ങളും, സാങ്കേതിക പുരോഗതിയുമെല്ലാം ലോകത്തിന്‍റെ നിലനില്‍പ്പിനും നന്മക്കുമായി എല്ലാമനുഷ്യര്‍ക്കും ഉത്തരവാദിത്തമുള്ള മേഖലകളാണ്. പുരാതനലോകത്തിലെ ശാസ്ത്ര സാങ്കേതിക പുരോഗതികള്‍ പൊതുവേ കായേന്‍റെ സന്തതികളുടെ കണ്ടെത്തലുകളാണെന്ന് നാം വായിക്കുന്നു. ( ഉല്പ 4:17-22 )ഒരുപക്ഷേ പെട്ടകത്തിന്‍റെ പണിയില്‍പ്പോലും
നോഹ അവരുടെ സഹായം തേടിയിരുന്നിരിക്കാം. അതേ സമയം ശേത്തിന്‍റെ വംശാവലിയുടെ സവിശേഷനേട്ടം അവര്‍ ദൈവത്തെ ആരാധിക്കുന്ന ഒരു സംസ്കാരത്തിന്‍റെ സംരക്ഷകരായിരുന്നു എന്നതാണ്.(ഉല്പ 4:26) അതുകൊണ്ട് ലോകപ്രകാരമുള്ള പുരോഗതികളില്‍ വിശ്വാസി -അവിശ്വാസി ഭേദമില്ലാതെ എല്ലാവര്‍ക്കും പങ്കുണ്ട്. ഈ ലോകത്തിന്‍റെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയും. അതിന് പ്രത്യേക കൃപയുടെ ആവശ്യമില്ല. ഓരോ ദിവസവും സൂര്യനുദിക്കുന്നതുപോലെയും ഓരോ സീസണിലും മഴ പെയ്യുന്നതുപോലെയും ഈ ലോകത്തിന്‍റെ സാംസ്കാരനിര്‍മ്മിതി പ്രത്യേക പ്രാര്‍ത്ഥനയുടെ ഫലമോ പ്രത്യേകമായ ദൈവകൃപയുടെ പ്രവര്‍ത്തനമോ അല്ല പൊതുവായ ദൈവപരിപാടിയുടെ ഭാഗമാണ്.
അതുകൊണ്ട് ശാസ്ത്രമുന്നേറ്റവും സാംസ്കാരിക പുരോഗതിയും ക്രിസ്തീയതയുടെ പ്രവര്‍ത്തനമേഖലകളായല്ല, മനുഷ്യന്‍റെ പൊതുവായ ദൗത്യമായാണ് ദൈവം നല്‍കിയിരിക്കുന്നത്. നിലനില്‍ക്കുന്ന ഒരു പ്രപഞ്ചത്തിന്‍റെ അസ്തിത്വം വിശദീകരിക്കുവാന്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന ഒരു ദൈവവീക്ഷണത്തിനേ കഴിയുകയുള്ളു എന്നത് ശരിയാണെങ്കിലും ഈ പ്രപഞ്ചസംബന്ധമായ ശാസ്ത്രീയകണ്ടെത്തലുകള്‍ നടത്തുവാന്‍ ഒരുവന്‍ ആ ദൈവത്തില്‍ വിശ്വസിക്കണമെന്ന ഒരു വ്യവസ്ഥയും ദൈവം വെച്ചിട്ടില്ല. അതുകൊണ്ട് ശാസ്ത്രജ്ഞന്മാരുടെ മതവിശാസം നോക്കിയല്ല അവരുടെ അവകാശവാദങ്ങളുടെ യുക്തിപരതയും , അവരുടെ സംഭാവനകളുടെ പ്രയോജനവും നോക്കിയാണ് അവരെ വിലയിരുത്തേണ്ടത്. ശാസത്രീയനേട്ടങ്ങളെ മതം നോക്കി കണക്കെടുക്കുന്നതിലും അര്‍ത്ഥമില്ല. ഒരു ശാസ്ത്രതത്വമോ ചികത്സാമാര്‍ഗ്ഗമോ സാങ്കേതികവിദ്യയോ കണ്ടുപിടിക്കുന്നത് വിശ്വാസിയാണോ അവിശ്വാസിയാണോ എന്നതല്ല അത് ശരിയാണോ അല്ലെങ്കില്‍ ഫലപ്രദമാണോ എന്നതാണ് കാര്യം. വിശ്വാസം ഫലപ്രാപ്തിയെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല.
ക്രിസ്തീയത ശാസ്ത്രസാംസ്കാരിക പുരോഗതികള്‍ക്ക് എതിരാണ് എന്നല്ല ഇതിനര്‍ത്ഥം. ഈ ലോകത്തില്‍ സ്വസ്ഥതയും സാവധാനതയുമുള്ള ജീവിതം കഴിക്കാന്‍ എല്ലാവര്‍ക്കും ആവശ്യമായ മനുഷ്യന്‍റെ ശാസ്ത്രസാങ്കേതിക പുരോഗതിയിലും സാംസ്കാരികമുന്നേറ്റങ്ങളിലും ക്രിയാത്മകമായ പങ്ക് മനുഷ്യരെന്നനിലയില്‍ ക്രൈസ്തവര്‍ക്കുമുണ്ട്. ഇരുപതു നൂറ്റാണ്ടുകളിലെ ക്രൈസ്തവചരിത്രവും മിഷണറി പ്രസ്ഥാനങ്ങളും നോക്കിയാല്‍ ക്രൈസ്തവര്‍ അതില്‍ പിന്നോട്ടുപോയില്ല എന്നതിന് തെളിവുകളും നിരവധിയാണ്. വിശ്വാസം എത്തിയിടത്തെല്ലാം മാനവസംസ്കാരവും വളര്‍ന്നിട്ടുണ്ട് എന്നു മാത്രമല്ല ക്രിസ്തീയ വിശ്വാസം ക്ഷീണിക്കുന്നിടങ്ങളിലെല്ലാം കുലീനമായ മാനവമൂല്യങ്ങളും സാംസ്കാരിക പുരോഗതിയും അപ്രത്യക്ഷമാവുകയാണ് എന്നതാണ് നാം കാണുന്നത്.
എന്നാൽ ക്രിസ്തീയതയെ നിസ്തുല്യമാക്കുന്നത് ഈ ലോകസംസ്കാരത്തിന്‍റെ നിര്‍മിതിയില്‍ അത് എന്ത് സംഭാവന നല്‍കിയെന്നതല്ല ലോകരക്ഷിതാവായ ക്രിസ്തുവിനെയും , അവിടുന്ന് വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യത്തെയും ലോകത്തിന് എങ്ങനെ പരിചയപ്പെടുത്തുന്നു എന്നതാണ്. ‘കാരണം ക്രിസ്തുയേശു പാപികളെ രക്ഷിക്കാന്‍ ലോകത്തില്‍ വന്നു’ (1തിമോ1: 15)എന്നതാണ് ബൈബിളിന്റെ സന്ദേശം. ക്രിസ്തു നല്‍കുന്ന രക്ഷ കുറച്ചുകൂടി മെച്ചമായ ഈ ലോകജീവിതമല്ല, അക്ഷയമായ സ്വര്‍ഗ്ഗീയജീവിതമാണ്. ക്രിസ്തുവില്‍ ആരംഭിച്ചതും യുഗാവസാനത്തില്‍ വെളിപ്പെടാനിരിക്കുന്നതുമായ ദൈവരാജ്യ ജീവിതമാണ്.
ശരീരവും ആത്മാവും
ഈ ലോകവും ദൈവരാജ്യവും ഒരേസമയം യുഗാവസാനം വരെ നിലനില്‍ക്കുന്ന സമാന്തര യാഥാര്‍ത്ഥ്യങ്ങളായി കാണുന്ന സമാന്തരവീക്ഷണമാണ് പുതിയ നിയമസന്ദേശത്തോടു ഏറ്റവും പൊരുത്തപ്പെടുന്ന കാഴ്ചപ്പാട്. ഇത് തെറ്റും അത് ശരിയുമെന്നല്ല ഇത് നശ്വരവും അത് ശാശ്വതവുമാണ് എന്നതാണത്. ഇത് ആത്യന്തികമായി നശിച്ചുപോകുന്ന ഭൗമീക രാജ്യവും അത് എന്നേക്കും നിലനില്‍ക്കുന്ന ദൈവരാജ്യവും. ആത്യന്തികമായി നശിച്ചുപോകുമെങ്കിലും ഈ ലോകത്തിലെ ജീവിതത്തിന് അനിവാര്യമായ കാര്യങ്ങള്‍ക്ക് അതിന്‍റേതായ പ്രാധാന്യം നല്‍കേണ്ടതാവശ്യമാണ്. ഈലോകത്തെ കൂടുതല്‍ മെച്ചമാക്കുന്നത് എത്രയും നല്ല കാര്യമാണെങ്കിലും അതിനെക്കാള്‍ ശ്രേഷ്ഠമായ ദൗത്യമാണ് മരിക്കുന്ന മനുഷ്യന് അനശ്വരമായ സ്വര്‍ഗ്ഗീയജീവിതം ഉറപ്പിച്ചു നല്‍കുക എന്നത്. അതാണ് യേശുക്രിസ്തു പ്രസംഗിച്ചതും മരണ പുനരുത്ഥാനങ്ങളിലൂടെ സാധ്യമാക്കിയതുമായ ഐഹികമല്ലാത്ത ദൈവരാജ്യം. അതാണ് ദൈവജനത്തിന്‍റെ പ്രവര്‍ത്തനമേഖല.
കൃപയെ പൊതുവായ കൃപ എന്നും പ്രത്യേക കൃപ എന്നും രണ്ടായി തിരിച്ച് മനസ്സിലാക്കുന്നതുപോലെ ദൈവപരിപാടിയെ പൊതുവായതെന്നും പ്രത്യേകമെന്നും തരംതിരിച്ചാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും. ഭൗമീകരാജ്യം ദൈവത്തിന്‍റെ പൊതുവായ പദ്ധതിയുടെ ഭാഗമാണ്. വിശ്വാസി അവിശ്വാസി ഭേദമെന്യേ സകലെരെയും പരിപാലിക്കുന്ന ദൈവപരിപാടിയാണത്. അതില്‍ വിശ്വാസി അവിശ്വാസി ഭേദമില്ലാതെ എല്ലാവര്‍ക്കും പങ്കുണ്ട്. അതിന് പ്രത്യേക കൃപയുടെ ആവശ്യമില്ല. ഓരോ ദിവസവും സൂര്യനുദിക്കുന്നതുപോലെയും ഓരോ സീസണിലും മഴ പെയ്യുന്നതുപോലെയും ഈലോകത്തിന്‍റെ സാംസ്കാരനിര്‍മ്മിതി പ്രത്യേക പ്രാര്‍ത്ഥനയുടെ ഫലമോ പ്രത്യേകമായ ദൈവകൃപയുടെ പ്രവര്‍ത്തനമോ അല്ല പൊതുവായ ദൈവപരിപാടിയുടെ ഭാഗമാണ്.’ അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ. ‘(മത്താ 5: 45) എന്നാല്‍ ദൈവത്തിന്‍റെ പ്രത്യേക പരിപാടി ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടി അവിടുന്ന് ക്രിസ്തുവില്‍ ഒരുക്കുന്ന നിത്യരാജ്യവും അതിന്‍റെകാര്യനിര്‍വ്വഹണവുമാണ്.(യോഹ.3 : 16) മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഭാഗമെന്ന നിലയില്‍ ദൈവമക്കള്‍ക്കും ലോകകാര്യങ്ങളില്‍ ഒരു പങ്കുണ്ടെങ്കിലും ദൈവരാജ്യത്തിന്‍റെ ഭാഗമെന്നനിലയില്‍ അവർക്കുള്ള സവിശേഷദൗത്യം മറ്റാര്‍ക്കും നിര്‍വ്വഹിക്കാന്‍ കഴിയാത്തതാണ്. അതിനാണ് ദൈവജനം പ്രഥമപരിഗണന നല്‍കേണ്ടത്; മറ്റുള്ളവ അവഗണിക്കേണ്ടിവന്നാലും.
നമ്മുടെ ശരീരത്തിന് നാം നല്‍കുന്ന സ്ഥാനം ഉദാഹരണമാക്കാം. അത് നശിച്ചുപോകുന്നതാണ് എന്ന് നമുക്കറിയാമെങ്കിലും മരണം വരെ ശരീരത്തെ നാം സംരക്ഷിക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നു. എന്നാല്‍ ആത്മീയമായ താല്‍പര്യങ്ങളും ശരീരതാത്പര്യങ്ങളും തമ്മില്‍ ഒരു സംഘര്‍ഷം ഉളവാകുമ്പോള്‍ ശരീരത്തേക്കാള്‍ നാം ആത്മാവിന് പ്രാധാന്യം കൊടുക്കും. അതുപോലെ ഈ ലോകം നശ്വരമാണെങ്കിലും അതിന് മനുഷ്യന്‍റെ താല്കാലിക വാസസ്ഥലമെന്ന നിലയില്‍ അതിന്‍റെതായ പ്രാധാന്യമുണ്ട്. എന്നാല്‍ ഈലോകജീവിതത്തിന്‍റെ താല്പര്യങ്ങള്‍ ആത്മാവിന്‍റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ ആത്മാവിന് നാം മുന്‍തൂക്കം നല്‍കണം. വിശ്വാസി അവിശ്വാസിഭേദമെന്യേ ആര്‍ക്കും ചെയ്യാവുന്ന ഈലോക കാര്യങ്ങൾക്കല്ല ,ദൈവരാജ്യത്തിന് മുന്‍ഗണന നല്‍കാനാണ് വചനം സത്യദൈവ വിശ്വാസിക്ക് നല്‍കുന്ന പ്രബോധനം. ‘ ആകയാല്‍ നാം എന്തു തിന്നും എന്തുകുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്………… മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ‘(മത്താ 6:31)
രാഷ്ട്രവും സഭയും
സംസ്കാരവും ക്രിസ്തീയതയുമെന്ന സങ്കീര്‍ണ്ണമായ വിഷയത്തെ വൈരുധ്യവീക്ഷണം, സമന്വയവീക്ഷണം, സമാന്തരവീക്ഷണം എന്നിങ്ങനെ മൂന്ന് വീക്ഷണങ്ങളായി ചുരുക്കി അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്. ഒരുവിധത്തില്‍ അമിതമായ ലളിതവത്കരണമാണിതെന്ന് തോന്നിയേക്കാം. എന്നാല്‍ ഈ തിരിച്ചറിവ് നാം ജീവിക്കുന്ന ലൗകീക ചുറ്റുപാടുകളോടുള്ള ക്രിസ്തിയ മനോഭാവം എന്തായിരിക്കണം എന്ന് നിര്‍ണ്ണയിക്കുന്നതിനും ഇടപെടലുകളെ നിയന്ത്രിക്കുന്നതിനും സഹായകരമാകുമെന്ന് കരുതുന്നു. ലോകവും ക്രിസ്തീയതയും പരസ്പരവിരുദ്ധമാണെങ്കില്‍ ലോകത്തില്‍നിന്ന് പരമാവധി അകലം പാലിക്കുവാനായിരിക്കണം ക്രൈസതവന്‍ ശ്രദ്ധിക്കേണ്ടത്. അതേസമയം സമന്വയമാണെങ്കില്‍ പരമാവധി ലോകത്തോട് ചേര്‍ന്നുനില്‍ക്കുന്നതുവഴിയാണ് ലോകത്തെ സ്വാധീനിക്കുവാന്‍ കഴിയുന്നത്. എന്നാല്‍ സമാന്തരവീക്ഷണം ലോകത്തോട് ഒരോ വിഷയത്തിലും വിവേകപൂര്‍വ്വമായ സമീപനം എടുക്കുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു.
സമാന്തരവീക്ഷണത്തിന്‍റെ പ്രായോഗികത എറ്റവും വ്യക്തമാകുന്ന ഒരു തലം സഭയും രാഷട്രവും തമ്മിലുള്ള ബന്ധത്തിലാണ്. അതിന്‍പ്രകാരം രാജ്യം ഈ ലോകത്തിലെ കാര്യവും സഭ ദൈവരാജ്യസംബന്ധമായ കാര്യവുമായി വേര്‍തിരിച്ചു കാണുന്നതാണ് രണ്ടിന്‍റെയും നല്ല നിലനില്‍പ്പിന് അടിസ്ഥാനം. പരസ്പരം കയറിയിറങ്ങിക്കിടക്കുന്ന ഒരു തലം അവക്കുണ്ടെങ്കിലും അവ തമ്മില്‍ വ്യക്തമായ ഒരു വേര്‍തിരിവ് നിലനിര്‍ത്തുന്നത് പുതിയ നിയമ പഠിപ്പിക്കലിന്റെ പ്രത്യേകതയാണ്.
മോശെയുടെ ന്യായപ്രമാണത്തില്‍ അടിസ്ഥാനപ്പെട്ട യഹൂദ വ്യവസ്ഥിതിയില്‍ നിന്ന് വിഭിന്നമായി മതവിശ്വാസവും രാജ്യഭരണവും വ്യത്യസ്തമായി നിലനിര്‍ത്തുന്ന സമീപനമാണ് യേശുക്രിസ്തുവില്‍ നാം കാണുന്നത്. അന്യ വിശ്വാസത്തിന് സ്ഥാനമില്ലാതിരുന്ന ഒരു എക്സ്ക്ലൂസീവ് വ്യവസ്ഥിതിയായിരുന്നു യഹൂദന്‍റെ മതരാഷ്ട്രം. എന്നാല്‍ ക്രിസ്തു അങ്ങനെയൊരു വ്യവസ്ഥിതി ഈ ലോകത്തില്‍ വിഭാവനം ചെയ്തില്ലെന്നുമാത്രമല്ല ലോകത്തിലെ ഭരണവ്യവസ്ഥിതികളില്‍ അവിടുന്ന് ഇടപെടുന്നതുപോലുമില്ല. രാജാവാക്കുവാനുള്ള ജനങ്ങളുടെ ശ്രമത്തില്‍ നിന്ന് അവിടുന്ന് പിന്‍വലിയുകയാണ് ചെയ്തത്. അതിന് കാരണം അവിടുന്ന് രാജാവല്ലാത്തതല്ല, അവിടുത്തെ രാജ്യം ഐഹികമായിരുന്നില്ല എന്നതാണ്. ദാവീദിന്‍റെ സിംഹാസനത്തിലിരിക്കുന്ന മശിഹാരാജാവിന്‍റെ രാജ്യം ഈ ലോകരാജ്യങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു രാജ്യമായിരുന്നു. അതിന് കൈസറിന്‍റെ രാജ്യവുമായി അധികാരത്തിനുള്ള മത്സരമില്ല. കൈസറിന്‍റെ രാജ്യവും ക്രിസ്തുവിന്‍റെ രാജ്യവും ഒരേസമയും നിലനില്‍ക്കുന്ന രണ്ടു ഭരണവ്യവസ്ഥകളാണ്. കൈസറും ക്രിസ്തുവും ശത്രുക്കളല്ല, തികച്ചും വിഭിന്നങ്ങളായ രണ്ടു ഭരണതലങ്ങളാണ്.
റിച്ചാര്‍ഡ് നെയ്ബുര്‍ എഴുതിയ ക്രിസ്തുവും സംസ്കാരവും എന്നഗ്രന്ഥത്തെ വിലയിരുത്തുമ്പോള്‍ ഡി എ കാഴ്സണ്‍ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. രാജ്യഭരണവും മതവിശ്വാസവും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് നിലനിര്‍ത്തണമെന്ന ആധുനിക സെക്യൂലര്‍വീക്ഷണം ക്രിസ്തുവിന്‍റെ ഉപദേശത്തിലടിസ്ഥാനപ്പെട്ടതാണ്. പഴയനിയമ ഇസ്രയേലിലെന്നല്ല ലോകത്തിലെ ഒരു പുരാതന സംസ്കാരത്തിലും മതവും രാജ്യഭരണവും തമ്മിലുള്ള വേര്‍തിരിവ് കാണുന്നില്ല. ഇവ രണ്ടും വേര്‍തിരിച്ചു കാണാന്‍ ആദ്യമായി ലോകത്തെ പഠിപ്പിച്ചത് ക്രിസ്തുവാണ്. മതവിശ്വാസവും ഭരണവും ഒരുമിച്ച് കൊണ്ടുപോയ റോമിന്‍റെ നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ നിന്നുള്ള ആദ്യ ചുവടുമാറ്റമായിരുന്നു ക്രിസ്തീയതയുടെ സ്വാധീനത്തിലായ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ മിലാന്‍ വിളംബരം. ക്രിസ്തുമതത്തിനു മാത്രമല്ല എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തനസ്വതന്ത്ര്യം നല്‍കിയ ആ ശ്രേഷ്ഠനിലപാടില്‍നിന്നുള്ള അപചയമായിവേണം ക്രിസ്തുമതത്തെ രാഷ്ട്രമതമാക്കിയ പില്‍ക്കാല ക്രൈസ്തവ രാജാക്കന്മാന്‍മാരുടെ നിലപാടിനെ കാണാന്‍. ഇന്നും ലോകം നേരിടുന്ന ഏറ്റവും വലിയ സാംസ്കാരിക ദുരന്തങ്ങളിലൊന്ന് മതവിശ്വാസത്തെയും രാജ്യഭരണത്തെയും കൂട്ടിക്കലര്‍ത്തുന്നതാണ് ;അത് നിരീശ്വരമതമാണെങ്കിലും.
ക്രിസ്തുവിന്‍റെ പ്രബോധനങ്ങൾ ഈ ലോകത്തെ ഭരിക്കുവാനുള്ള നിയമാവലിയല്ല, ദൈവരാജ്യത്തിന്‍റെ ജീവിതവ്യവസ്ഥയാണ്. മലയിലെ പ്രസംഗം ഈ തിന്മയുടെ ലോകത്തിലെ രാഷ്ട്രഭരണത്തിനുള്ള തത്വങ്ങളല്ല സ്വര്‍ഗ്ഗീയപൗരന്മാരായ ക്രിസ്തുശിഷ്യര്‍ക്ക് ഈ അന്യലോകത്തില്‍ ജീവിക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്. അധികാരത്തിന്‍റെ വാള്‍ വഹിക്കുന്ന ലോകഭരണാധികാരികള്‍ക്ക് അതിന്‍ പ്രകാരം ഈ പാപലോകത്തെ ഭരിക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ സഭാപരിപാടികളും രാജ്യഭരണവും തമ്മിലുള്ള വേര്‍തിരിവ് കാത്തു സൂക്ഷിക്കുന്ന പുതിയനിയമ വീക്ഷണമാണ് രാഷ്ട്രങ്ങള്‍ക്കും മതങ്ങള്‍ക്കും നല്ലത്. ഒരേ വ്യക്തി തന്നെ വിശ്വാസിയും പൗരനുമെന്ന രണ്ടു തലങ്ങളില്‍ വര്‍ത്തിക്കേണ്ടിവരുന്നത് അനൽപമായ സംഘര്‍ഷങ്ങള്‍ക്കു കാരണമാകുമെങ്കിലും ആ വേര്‍തിരിവ് നിലനിര്‍ത്തുന്നിടത്താണ് രാഷ്ട്രം എല്ലാ പൗരന്മാരുടെയും ക്ഷേമം ഉറപ്പിക്കുന്നതും വിശ്വാസം സ്വതന്ത്രവും ആത്മാര്‍ത്ഥതയുള്ളതും ആകുന്നതും.
ക്രിസ്തീയ സ്വാധീനം
സമാന്തരവീക്ഷണം ലോകത്തില്‍ ക്രിസ്തീയതയുടെ സ്വാധീനം ഇല്ലാതാക്കുകയല്ല അതിനെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. റോമാസാമ്രാജ്യത്തിന്‍റെ ചരിത്രം തന്നെ ഉദാഹരണമായെടുക്കാം. വേര്‍തിരിവ് സൂക്ഷിച്ച ആദിമസഭയാണ് സത്യത്തില്‍ വിഗ്രഹാരാധനയിലും, ലൈംഗികവഷളത്തങ്ങളിലും, ക്രൂരവിനോദങ്ങളിലും മുങ്ങിയ റോമിന്‍റെ വിജാതീയ സംസ്കാരത്തെ സമൂലം രൂപാന്തരപ്പെടുത്തിയത്. എന്നാല്‍ പില്‍ക്കാലത്ത് ഭരണവും വിശ്വാസവും തമ്മിലുടലെടുത്ത അവിശുദ്ധ കൂട്ടകെട്ട് യഥാര്‍ത്ഥ ക്രിസ്തീയതയെ ജീര്‍ണ്ണിപ്പിക്കുകയാണ് ചെയ്തത്. ആ അപജയത്തില്‍നിന്ന് ക്രിസ്തീയസമൂഹം ഇന്നും മുക്തമായിട്ടില്ല. വിജാതീയതയെ പുനസ്ഥാപിക്കാന്‍ ശ്രമിച്ച ജൂലിയന്‍ പരാജയമായിരുന്നെങ്കില്‍ ക്രിസ്തീയതയെ രാഷ്ട്രമതമാക്കിയ തെയോഡീഷ്യനും സത്യത്തില്‍ യഥാര്‍ത്ഥ ക്രിസ്തീയതക്ക് ഗുണമല്ല ദോഷമാണ് സംഭാവന ചെയ്തത്.
ലോകത്തെ നന്നാക്കാന്‍ ക്രിസ്ത്യാനികള്‍ അമിതശുഷ്കാന്തി കാട്ടിയിടത്തെല്ലാം ക്രിസ്തീയത അതിന്‍റെ അടിസ്ഥാനങ്ങളില്‍നിന്ന് വ്യതിചലിച്ചതും അനിഷേധ്യമായ ചരിത്രങ്ങളാണ്.(ഉദാ. ലിബറല്‍ തിയോളജി, ലിബറേഷന്‍ തിയോളജി). സാമൂഹ്യപരിഷ്കരണത്തെ ജീവിതദൗത്യമായി കരുതിയ പല ലോകപ്രശസ്ത ക്രൈസ്തവരും ക്രമേണ സുവിശേഷദൗത്യത്തെ അപ്രധാനമായി കണക്കാക്കുന്നതാണ് കാണുന്നത്. അവര്‍ ചെയ്യുന്ന മനുഷ്യസേവനത്തിന് മൂല്യം കുറയുന്നു എന്നല്ല, ക്രിസ്തു ഏല്പിച്ച സവിശേഷനിയോഗത്തില്‍നിന്ന് വ്യതിചലിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്.
എന്നാല്‍ ആത്മാര്‍ത്ഥമായ സുവിശേഷദൗത്യത്തിന് ഒന്നാം സ്ഥാനം നല്‍കുന്നിടത്ത് അടിസ്ഥാനപരമായ സാമൂഹ്യപരിവര്‍ത്തനം സംഭവിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. അതിനു കാരണം സുവിശേഷസന്ദേശം വിശ്വസിക്കുകയെന്നാല്‍ ഒരു വ്യക്തിയുടെ ലോകവീക്ഷണം തന്നെ മാറുകയാണ്. സുവിശേഷം മനസ്സുകളെയും ചിന്താഗതികളെയുമാണ് സ്വാധീനിക്കുന്നത്. ഹൃദയ പരിവര്‍ത്തനമാണ് ജീവിതപരിവര്‍ത്തനത്തിന്‍റെ താക്കോല്‍. ദൈവത്തെ സംബന്ധിച്ച കുലീന വീക്ഷണം, മനുഷ്യന്‍റെ നിസ്തുല്ല്യ മൂല്യം, തുല്യത, വസ്തുനിഷ്ഠമായ ധാര്‍മ്മികനിയമങ്ങള്‍ മുതലായ ക്രീസ്തീയ അടിസ്ഥാനങ്ങള്‍ മനുഷ്യന്‍റെ ചിന്തകളെ മാത്രമല്ല മനോഭാവങ്ങളെയും പെരുമാറ്റരീതികളെയുമെല്ലാം രൂപാന്തരപ്പെടുത്തും. ഈ മാറ്റം വിശ്വാസിയുടെ വ്യക്തിജീവിതത്തെ മാത്രമല്ല അവരുടെ സമൂഹത്തെയും ചുറ്റുപാടുകളെയും ആകമാനം രൂപാന്തരപ്പെടുത്തും. അതുകൊണ്ട് സാമുഹ്യസേവനത്തിലൂടെയുള്ള സുവിശേഷവത്കരണമല്ല സുവിശേഷവത്കരണത്തിലൂടെയുള്ള സാമൂഹ്യമാറ്റമാണ് ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം. അതാണ് അടിസ്ഥാനപരവും അര്‍ത്ഥപൂര്‍ണ്ണവുമായ പുരോഗതിയും. അതുകൊണ്ട് യഥാര്‍ത്ഥ സുവിശേഷവത്കരണം സാമൂഹ്യപരിവര്‍ത്തനത്തോട് മുഖം തിരിക്കലല്ല, അതിനുള്ള ഏറ്റവും ശക്തമായ ഒരു പ്രേരകം തന്നെയാണ്.
സാമൂഹ്യപുരോഗതി
ക്രിസ്തീയത ഐഹികമല്ലാത്തൊരു ദൈവരാജ്യമാണ് പ്രസംഗിക്കുന്നതെങ്കിലും അത് ഈ ലോകത്തിലെ അനീതികളോടും അധര്‍മ്മങ്ങളോടും ഒരു സ്റ്റോയിക് നിസ്സംഗത പഠിപ്പിക്കുന്നില്ല. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ആദര്‍ശവാദമാണ് ക്രിസ്തീയത മുന്നോട്ടുവെക്കുന്നത്. ഒരുവശത്ത് മനുഷ്യന്‍ ലോകത്തില്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളെ ലഘൂകരിക്കാന്‍ ആത്മാർത്ഥമായി നാം യത്നിക്കണം; അതേസമയം ദുരിതങ്ങളില്ലാത്ത ദൈവരാജ്യത്തില്‍ നാം പ്രത്യാശവെക്കുകയും അത് പ്രസംഗിക്കയും വേണം. ലോകത്തെ സ്വര്‍ഗ്ഗമാക്കാം എന്ന വ്യാമോഹമില്ല; എന്നാല്‍ ദു:ഖദുരിതങ്ങളോട് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുകയുമില്ല.
ക്രിസ്തുവിന്‍റെ ജീവിതത്തിലും ഈ മാതൃകയാണ് നാം കാണുന്നത്. മനുഷ്യരുടെ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ പരിഹാരം മരണാനന്തരമുള്ള പുനരുത്ഥാനജീവിതമാണ് എന്ന് അസന്ദിഗ്ദമായി പ്രഖ്യാപിക്കമ്പോഴും അവരുടെ ലൗകീക ആവശ്യങ്ങളോട് സഹാനുഭൂതിയോടെ ഇടപെടുന്ന ഒരു മനുഷ്യസ്നേഹിയെയാണ് ക്രിസ്തുവില്‍ നാം കാണുന്നത്. നിത്യജീവനിലേക്ക് നിലനില്‍ക്കുന്ന ആഹാരത്തിനായി അധ്വാനിക്കാന്‍ ആഹ്വാനം ചെയ്യുമ്പോഴും വിശക്കുന്നവര്‍ക്ക് അവിടുന്ന് അപ്പം നല്‍കി. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്ന് പഠിപ്പിക്കുമ്പോഴും അവിടുന്ന് രോഗങ്ങള്‍ സൗഖ്യമാക്കി. ‘മക്കള്‍ ഒഴിവുള്ളവരല്ലോ ‘എന്ന് അറിഞ്ഞിരുന്നിട്ടും അവിടുന്ന് നികുതി കൊടുത്തു. പുനരുത്ഥാനനാളിലാണ് ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് പഠിപ്പിക്കുമ്പോഴും അവിടുന്ന് ലാസറിനെ ഈ ജീവിതത്തിലേക്ക് മടക്കിവരുത്തി. തിന്മകളില്‍നിന്നുള്ള പൂര്‍ണ്ണവിമോചനം വരുവാനുള്ള രാജ്യത്തിലേ വരുകയുള്ളു എന്നു പ്രസംഗിക്കുമ്പോഴും അവിടുന്ന് വിശ്വാസി അവിശ്വാസിഭേദമെന്യേ എല്ലാവര്‍ക്കും നന്മ ചെയ്തു ചുറ്റിനടന്ന’ڇഎല്ലാവര്‍ക്കും വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്യു’ڈഎന്നുപദേശിച്ച അപ്പൊസ്തലന്മാരും ഇതേ മാതൃകയാണ് പിന്‍തുടര്‍ന്നത്.
ഈ ലോകത്തിനപ്പുറമായ സ്വര്‍ഗ്ഗീയരാജ്യം പ്രസംഗിക്കുമ്പോഴും നമുക്കു ചുറ്റും ജീവിക്കുന്ന മനുഷ്യരുടെ ദുരിതങ്ങള്‍ കാണാതിരിക്കാനോ അവരുടെ വേദനകളില്‍ സഹാനുഭൂതി പുലർത്താതിരിക്കാനോ സ്വര്‍ഗ്ഗം വിട്ട് മണ്ണിലിറങ്ങിവന്ന ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ക്കും കഴിയുകയില്ല. വിശക്കുന്ന വയറുകളെയും കരയുന്ന കണ്ണുകളെയും തകര്‍ന്ന ഹൃദയങ്ങളെയും കണ്ട് വഴിമാറിക്കടന്നുപോകുന്ന പുരോഹിതരല്ല ക്രിസ്തു ശിഷ്യർ ;എല്ലാവരെയും സ്നേഹിക്കുവാനും എല്ലാവര്‍ക്കും നന്മ ചെയ്യാനും വിളിക്കപ്പെട്ടിരിക്കുന്ന, നല്ല ശമര്യക്കാരെന്ന നിലയില്‍ മനുഷ്യന്‍റെ എല്ലാ ന്യായമായ ആവശ്യങ്ങളിലും ക്രിയാത്മകമായ ഒരു പങ്ക് നമുക്കും നിര്‍വ്വഹിക്കാനുണ്ട്. ഏതൊരു രാജ്യത്തെയും നല്ല പൗരന്മാരെന്ന നിലയില്‍ എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളിലും നമുക്കുമൊരു കര്‍ത്തവ്യമുണ്ട്. ഒരു നല്ല ക്രിസ്ത്യാനി ഒരു നല്ല പൗരനാണ്; ഒരു നല്ല അയല്‍ക്കാരനാണ്. മനുഷ്യജീവിതത്തിന്‍റെ ദുരിതങ്ങളകറ്റാനുള്ള എല്ലാ ഉദ്യമങ്ങളിലും അവന് കര്‍ത്തവ്യമുണ്ട്.
ഈ ലോകത്തിന്‍റെ എല്ലാ സാംസ്കാരികതലങ്ങളിലും വിശ്വാസികള്‍ക്ക് ഇടപെടലുകള്‍ക്ക് അവസരമുണ്ട് എന്നതാണ് സത്യം. ശാസ്ത്രം, വിജ്ഞാനം, കല, സാഹിത്യംഎന്നിങ്ങനെയുള്ള മേഖലകള്‍ മാത്രമല്ല രാഷ്ട്രിയത്തിലും സ്വാധീന ശക്തിയാകുവാന്‍ നമുക്ക് കഴിയും. എന്നാല്‍ അവിടെയെല്ലാം നമുക്ക് മാനദണ്ഡമായിരിക്കേണ്ടത് വിവേക പൂര്‍വ്വമായ അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുക എന്നതാണ്. പൂര്‍ണ്ണവേര്‍പാടുമല്ല സമ്പൂര്‍ണ്ണബന്ധവുമല്ല, വിവേകപൂര്‍വ്വമായ ബന്ധം നിലനിര്‍ത്തണം. കാരണം ദൈവജനത്തിന് ലോകം അനിവാര്യമായിരിക്കുന്നതുപോലെ ലോകസംസ്കാരത്തിന്‍റെ നിലനില്‍പ്പിന നിവാര്യമായ ധാര്‍മ്മിക മൂല്യങ്ങള്‍, മനുഷ്യന്‍റെ പ്രാധാന്യം, സമത്വം മുതലായ അനേക മാനുഷീകമൂല്യങ്ങള്‍ക്ക് ലോകം വലിയൊരളവില്‍ ക്രിസ്തീയതയോടും കടപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് ലോകത്തോട് പൂര്‍ണ്ണവേര്‍പാട് പുലര്‍ത്താന്‍ ഈ ലോകത്തില്‍ ജീവിക്കുന്നിടത്തോളം നമുക്ക് കഴിയില്ല. കാരണം ഈ ലോകത്തിന്‍റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പരിസ്ഥിതിയിലാണ് നാം ജീവിക്കുന്നത്. അതുമായി ഒരു ബന്ധവും ഇല്ലാതെ ജീവിക്കണമെങ്കില്‍ ڇനാം ഈ ലോകം വിട്ടുപോകേണ്ടിവരും.. (2കൊരി 5:10) എന്നാല്‍ അനേകതലങ്ങളിലും ലോക ത്തിന്‍റെ പ്രവര്‍ത്തനരീതികള്‍ സത്യദൈവ വിശ്വാസികളുടേതില്‍നിന്ന് , ചേര്‍ന്നുപോകാന്‍ കഴിയാത്തവിധം, വിഭിന്നമാണ്. ദൈവരാജ്യത്തിന്‍റെ മൂല്ല്യങ്ങളും മുന്‍ഗണനകളും മുറുകെപ്പിടിക്കേണ്ടവരായ നാം ലോകത്തോട് ഐക്യപ്പെട്ടുപോയാല്‍ ക്രിസ്തീയതയുടെ തനിമതന്നെ നമുക്ക് നഷ്ടപ്പെടുമെന്നുറപ്പാണ്. അതുകൊണ്ട് നമ്മുടെ മുന്‍ഗണനകള്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ബുദ്ധിപൂര്‍വ്വം ലോകകാര്യങ്ങളില്‍ ഇടപെടുവാന്‍ നമുക്കു കഴിയണം. കാരണം ലോകവും അതിന്‍റെ മോഹങ്ങളും ഒഴിഞ്ഞുപോകുന്നവയാണ്. എന്നു മാത്രമല്ല ഈ ലോകം മഴുവന്‍ സ്വന്തമാക്കിയാലും മരണമാണ് ഭാഗധേയമെങ്കില്‍ അവയെല്ലാം നേടിയതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? (മര്‍ക്കോസ് 8:36).
രണ്ടു ലോകങ്ങള്‍
ദൈവരാജ്യം അതിന്‍റെ പൂർണതയിൽ വെളിപ്പെടുന്നത് വരെ നാം ഒരര്‍ത്ഥത്തില്‍ സമാന്തരമായ രണ്ടു ലോകങ്ങളില്‍ ജീവിക്കുന്നവരാണ്: അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിലും അനുദിനം പുതുക്കം പ്രാപിക്കുന്ന ദൈവരാജ്യത്തിലും. ആദാമ്യ മനുഷ്യത്വത്തിന്‍റെ ഭാഗമെന്ന നിലയില്‍ നാം ഈ ലോകജീവിതത്തിന്‍റെ എല്ലാ ഭാരങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവരാണ്. ലോകപ്രകാരമുള്ള ആവശ്യങ്ങളും ഉത്തരവാദിത്തങ്ങളും, ബലഹീനതകളും പരാജയങ്ങളും ഏതൊരു മനുഷ്യനെയുംപോലെ മരണംവരെ നമുക്കുമുണ്ട്. അതേസമയം ക്രിസ്തുവിലുള്ള പുതിയ മനുഷ്യരായ നാം സ്വര്‍ഗ്ഗീയ പൗരന്മാരാണ്. ക്രിസ്തുവിന്‍റെ പുനരുത്ഥാന തേജസ്സില്‍ പങ്കാളികളെന്ന നിലയില്‍ ലോകത്തില്‍ ഒരു ശക്തിക്കും പരാജയപ്പെടുത്താനാവാത്തവിധം ജയോത്സവമായി നടക്കുന്നവരാണ്. “മരിക്കുന്നവരെങ്കിലും ഇതാ ഞങ്ങള്‍ ജീവിക്കുന്നു…ദുഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്‍, ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നവര്‍; ഒന്നും ഇല്ലാത്തവരെങ്കിലും എല്ലാം കൈവശമുള്ളവര്‍ തന്നേ”. ( 2കൊരി6: 9-10)
മരിച്ച് ദൈവസന്നിധിയില്‍ എത്തുന്നതു വരെ ഈ സമാന്തര യാഥാര്‍ത്ഥ്യങ്ങള്‍ ക്രിസ്ത്യാനിയുടെ അനുഭവമാണ്. ക്രിസ്തുവിന്‍റെ ജീവിതവും ഈ സമാന്തര യാഥാർത്ഥ്യങ്ങളുടെ അസാധാരണമായ സമ്മേളനമായിരുന്നു. വേദനയും ആശ്വാസവും, ദുഖവും സമാധാനവും, താഴ്ചയും മഹത്വവും, തോല്‍വിയും ജയവും, മരണവും ജീവനും, പുനരുത്ഥാനം വരെ ഒരേ സമയം അവനില്‍ നാം കാണുന്നു. ക്രിസ്തുവിനു സമമായി നാമും ദൈവരാജ്യത്തിന്‍റെ അവകാശികളെങ്കിലും ഈലോകത്തില്‍ ജീവിക്കുന്നവരായതുകൊണ്ട് നമുക്കും ഈ സംഘർഷങ്ങളുടെ മുഖത്ത് വിവേകത്തോടെ ജീവിക്കാം. ലോകത്തിന്‍റെ ദുരിതങ്ങളെ മാറ്റാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമ്പോഴും മശിഹായുടെ നിത്യരാജ്യത്തില്‍ മാത്രമേ നീതിയും സമാധാനവും പരിശുദ്ധാത്മസന്തോഷവും നിറഞ്ഞ ആ ജീവിതം സാധ്യമാവുകയുള്ളു എന്ന സുവിശേഷം ലോകത്തോട് അറിയിക്കുന്നതാണ് ക്രിസ്ത്യാനിയുടെ സവിശേഷനിയോഗമെന്നത് മറക്കാതിരിക്കാം. അതായിരുന്നു ക്രിസ്തു ആരംഭം കുറിച്ചതും അപ്പൊസ്തലന്മാര്‍ പിന്‍തുടര്‍ന്നതുമായ മഹാനിയോഗം. ആ ദൗത്യനിര്‍വ്വഹണത്തിന് ഒന്നാംസ്ഥാനം കൊടുത്തുകൊണ്ട് യാഥാര്‍ത്ഥ്യബോധത്തോടെ ഈ ലോകത്തില്‍ ജീവിക്കുന്നതാണ് വിവേകപൂര്‍വ്വമായ ക്രിസ്തീയജീവിതം.