വിശ്വാസം, അതല്ലേ എല്ലാം

“വിശ്വാസം. അതല്ലേ എല്ലാം”  ഒരു  കമ്പനിയുടെ പരസ്യമായ ഈ വാചകം ഒരര്‍ത്ഥത്തില്‍ വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. മനുഷ്യരുടെ എല്ലാ പ്രവൃത്തികളിലും  തെരഞ്ഞെടുപ്പുകളിലും വിശ്വാസത്തിന്‍റെ ഒരു ഘടകമുണ്ട്. വാങ്ങുന്നവര്‍ വില്‍ക്കുന്നവരെ വിശ്വസിക്കണം. രോഗികള്‍ ഡോക്ടറെ വിശ്വസിക്കണം. നടുന്നവര്‍ കാലാവസ്ഥയെ വിശ്വസിക്കണം. യാത്ര ചെയ്യുന്നവര്‍ ഡ്രൈവറെ വിശ്വസിക്കണം. എന്തിലെങ്കിലും, ആരിലെങ്കിലും വിശ്വസിച്ചുകൊണ്ടല്ലാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

എന്നാല്‍ വിശ്വാസമെന്ന പദം ഏറ്റവും പ്രസക്തമായിരിക്കുന്നത് മതവിശ്വാസങ്ങളുടെ കാര്യത്തിലാണ്. കാരണം എല്ലാമതങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണ്. മതാനുയായികളെ  പൊതുവേ വിളിക്കുന്നതുതന്നെ വിശ്വാസികള്‍ എന്നാണ്. എന്നാല്‍  ക്രിസ്തീയതയെ സംബന്ധിച്ചാണ് വിശ്വാസികള്‍ എന്നത്  ഏറ്റവും അനുയോജ്യമായിരിക്കുന്നത്.   കാരണം  ആത്മരക്ഷപ്രാപിക്കുവാന്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമല്ലാതെ മറ്റ് യാതൊരു പ്രവൃത്തിയും ആവശ്യമില്ലെന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയതയുടെ അടിസ്ഥാനം തന്നെ. രക്ഷയുടെ കാര്യത്തില്‍ എല്ലാ മതങ്ങളും  “പ്രവര്‍ത്തിക്കാർ ” ആയിരിക്കുമ്പോള്‍ മേൽപ്പറഞ്ഞപ്രകാരമുളള  യഥാര്‍ത്ഥ ക്രിസ്ത്യാനികളെ മാത്രമേ അക്കാര്യത്തില്‍ കൃത്യമായി ‘വിശ്വാസികൾ’ എന്ന് വിളിക്കാന്‍ കഴിയുകയുള്ളു.  “വിശ്വാസത്താല്‍ മാത്രം” എന്നാണല്ലോ അവരുടെ മുദ്രാവാക്യം.

എന്നാല്‍ വിശ്വാസമെന്നതുകൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കുന്നത്? വ്യക്തമായ തെളിവുകളും ഉറപ്പുമുള്ള കാര്യങ്ങളെ അറിവുകള്‍ എന്നും അല്ലാത്തവയെ വെറും വിശ്വാസങ്ങള്‍ എന്നും തരംതിരിക്കുന്നത് സര്‍വ്വസാധാരണമാണ്.  വിശ്വാസമെന്നാല്‍ തെളിവുകളുടെ പിന്‍ബലമില്ലാത്ത ഇഷ്ടങ്ങളാണ് എന്നാണ് പൊതുവേ മനുഷ്യരുടെ ധാരണ. ‘അതൊക്കെ അവരുടെ വിശ്വാസം’ എന്നോ  ‘നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കും’ എന്നോ ഒക്കെ പറയുമ്പോള്‍ വിശ്വാസത്തിന് ഇങ്ങനെയൊരു വിവക്ഷയാണ്  അവരുടെ മനസ്സിലുള്ളത്. അതുകൊണ്ട് വിശ്വാസങ്ങളെ ചോദ്യം ചെയ്യാനോ, തിരുത്താനോ തയ്യാറാകുന്നതുപോലും അര്‍ത്ഥശൂന്യമായി അവര്‍ കരുതുന്നു.  കാരണം അവയെ ശരിയെന്നോ തെറ്റെന്നോ പറയാന്‍ തെളിവുകളുടെ ഒരു മാനദണ്ഡവുമില്ല എന്നാണ്  അവർ വാദിക്കുന്നത്.

എന്നാല്‍  വിശ്വാസത്തിനു ബൈബിള്‍ നല്‍കുന്ന നിര്‍വ്വചനം ഇങ്ങനെയൊരു വേര്‍തിരിവ് അംഗീകരിക്കുന്നില്ല.  കാരണം ഒരു ക്രിസ്ത്യാനി വിശ്വാസം എന്ന് പറയുന്നത് വ്യക്തിപരമായ ഇഷ്ടങ്ങളോ, താത്പര്യങ്ങളോ അല്ല, വസ്തുനിഷ്ഠമായ തെളിവുകളുടെ പിന്‍ബലമുള്ള ബോധ്യങ്ങളാണ്. എന്താണ് വിശ്വാസം എന്നും,  എന്താണ് നാം വിശ്വസിക്കുന്നതെന്നും ക്ലിപ്തമായി പറയുന്ന രണ്ടു വാക്യങ്ങളാണ് എബ്രായലേഖനം 11-ാം അദ്ധ്യായം  1, 6 വാക്യങ്ങള്‍.

“വിശ്വാസം എന്നതോ ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു”  “ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”  ചുരുക്കത്തില്‍, അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം  തരുന്ന ഒരു ദൈവമുണ്ടെന്ന ഉറപ്പും നിശ്ചയവുമാണ്   വിശ്വാസമെന്നതുകൊണ്ട്  ഒരു ക്രൈസ്തവന്‍ അര്‍ത്ഥമാക്കുന്നത്.

ഉറപ്പും നിശ്ചയവും

“വിശ്വാസമെന്നെതോ ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമാണ്. “Faith is the assurance of things hoped for, the conviction of things not seen” ( NASB). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹുപ്പൊസ്റ്റസിസ്, എലെങ്കോസ് എന്നീ ഗ്രീക്കു സമാന  പദങ്ങൾക്ക് ഉറപ്പായ കാര്യങ്ങൾ, ബോദ്ധ്യങ്ങൾ  എന്നാണ ർഥം.   വിശ്വാസം വെറും ആശയല്ല, ആശിക്കുന്നതിന്‍റെ ഉറപ്പാണ്. കാണാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഭാവനകളോ  സങ്കൽപ്പങ്ങളോ   അല്ല,  നിശ്ചയമാണ്. ആ ഉറപ്പും നിശ്ചയവും, നാം കാണുന്നതോ ലഭിച്ചതോ ആയ കാര്യങ്ങളെക്കുറിച്ചല്ല, നാം കാണാത്തവയും ഇതുവരെ ലഭിക്കാത്തവയുമായ കാര്യങ്ങളെ സംബന്ധിച്ചാണ്. കാണുന്നതും ലഭിച്ചതുമായ കാര്യങ്ങളെ സംബന്ധിച്ച് പിന്നെയും അങ്ങനെ ഒരു വിശ്വാസത്തിന്റെ‍  ആവശ്യമില്ലല്ലോ. എന്നാൽ, കാണാത്തതും ആശിക്കുന്നതുമായ കാര്യങ്ങളെ സംബന്ധിച്ച ഉറപ്പ് എങ്ങനെ ലഭിക്കും? വിശ്വസനീയമായ തെളിവുകളാണ് അതിനുള്ള ഏകമാര്‍ഗ്ഗം. 

വിശ്വാസവും അന്ധവിശ്വാസവും

വസ്തുനിഷ്ഠമായ ഉറപ്പും നിശ്ചയവുമില്ലാത്ത അനേകകാര്യങ്ങള്‍ മനുഷ്യര്‍ മുറുകെപ്പിടിക്കുകയും അതിന്‍ പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്ട്. മതവിശ്വാസങ്ങളുടെ മേഖലയില്‍ മാത്രമല്ല സാധാരണ ജീവിതത്തിന്റെയും‍ പ്രവര്‍ത്തനങ്ങളുടെയും മേഖലകളിലും  മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അടിസ്ഥാനരഹിതമായ പല വിശ്വാസങ്ങളുണ്ട്.  “പൂച്ച കുറുകെ ചാടിയാല്‍ യാത്ര വിജയിക്കുകയില്ല”, ” ഇടതുകാല്‍ വച്ചു കയറിയാല്‍ നന്മ വരില്ല ”  എന്നിങ്ങനെ ഉദാഹരണങ്ങള്‍ അസംഖ്യമാണ്. എന്നാല്‍ അവയെയൊന്നും വിശ്വാസമെന്നല്ല അന്ധവിശ്വാസമെന്നാണ് നാം വിളിക്കുന്നത്. യാദൃശ്ചികമായി എവിടെയെങ്കിലും സംഭവിച്ചു എന്നതല്ലാതെ അങ്ങനെതന്നെ സംഭവിക്കുമെന്നതിന്  വസ്തുനിഷ്ഠമായ യാതൊരു തെളിവും ഇല്ല എന്നതാണ് അതിന് കാരണം. വിദ്യാസമ്പന്നരായ ആളുകള്‍പോലും വിചിത്രമായ അന്ധവിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്നത് ആശ്ചര്യകരമാണ്. എന്നാല്‍ വിശ്വാസത്തിന് ബൈബിള്‍ നല്‍കുന്ന നിര്‍വ്വചനം ഇപ്രകാരം തെളിവുകളുടെ ഉറപ്പില്ലാത്ത കാര്യങ്ങളിലുള്ള ആശ്രയമല്ല, മതിയായ തെളിവുകളാല്‍ ഉറപ്പിക്കപ്പെട്ട ബോധ്യങ്ങളാണ്. അപ്രകാരമുള്ള ബോദ്ധ്യങ്ങളാണ് നമ്മുടെ പ്രവൃത്തികളെ നിർണയിക്കുന്നത്.    

ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ വിശ്വാസം മതപരമോ ആത്മീയമോ ആയതുകൊണ്ടുമാത്രം അത് അന്ധവിശ്വാസമാകുന്നില്ല. ഏതൊരു വിശ്വാസവുമെന്നപോലെ മതവിശ്വാസങ്ങളും തെളിവുകളുടെ പിന്‍ബലമില്ലാത്തതാകുമ്പോഴാണ് അന്ധവിശ്വാസമാകുന്നത്. മതവിശ്വാസങ്ങളുടെ മേഖലയില്‍ മാത്രമല്ല ശാസ്ത്രത്തിലും ചരിത്രത്തിലും തത്വചിന്തകളിലുമെല്ലാം  വേണ്ടത്ര തെളിവുകളില്ലാത്ത അന്ധവിശ്വാസങ്ങളുണ്ടാകാൻ  സാധ്യതയുണ്ട്.  സയുക്തികവും വസ്തുനിഷ്ഠവുമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തകാര്യങ്ങള്‍, അവ “ശാസ്ത്രീയ “മായാലും “ചരിത്ര”പരമായാലും തത്വശാസ്ത്രപരമായാലും, അവയെല്ലാം അന്ധവിശ്വാസങ്ങളുടെ ഗണത്തില്‍പെടുന്നവയാണ്.  അതുപോലെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞാല്‍ മതപരമായ കാര്യങ്ങളും ശരിയായ വിശ്വാസമാകുന്നു; അതായത് ഉറപ്പും നിശ്ചയവുമുള്ള വസ്തുതകളായി മാറുന്നു. അല്ലാതെ മതവിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളും മറ്റു വിശ്വാസങ്ങളെല്ലാം ശരിയായ വിശ്വാസങ്ങളും എന്ന വേർതിരിവ്  യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. 

തെളിവുകളുടെ പിന്‍ബലമാണ് ഏതൊരു വിശ്വാസത്തെയും ശരിയോ തെറ്റോ എന്ന് വേര്‍തിരിക്കുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്താല്‍ ശരിയെന്നോ തെറ്റെന്നോ ഉറപ്പിക്കാന്‍ കഴിയാത്ത കാര്യങ്ങളുണ്ട്. അവയെ പൊതുവേ സിദ്ധാന്തങ്ങളായി (hypothesis) കണക്കാക്കുന്നു. ഉദാഹരണമായി മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന കാര്യത്തില്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനേ മനുഷ്യന് കഴിഞ്ഞിട്ടുള്ളു.  അതുപോലെ ബഹുപ്രപഞ്ചസിദ്ധാന്തം (multi universe  theory ), സ്ഥിരസ്ഥിതി സിദ്ധാന്തം (steady state  theory ) , പരിണാമ സിദ്ധാന്തം ( evolution theory) മുതലായവ ശാസ്ത്ര ‘സിദ്ധാന്ത’ങ്ങളാണ്. ശാസ്ത്ര സത്യങ്ങളായി കണക്കാക്കി വിശ്വസിക്കാൻമാത്രം തെളിവുകള്‍ അതിനില്ലെങ്കിലും  അന്ധവിശ്വാസങ്ങളുടെ (superstitions ) കൂട്ടത്തിലല്ല അവയെ ഉള്‍പ്പെടുത്തുന്നത്. എന്നാൽ അവയൊക്കെ “വിശ്വസിക്കണ”മെങ്കിൽ മതിയായ തെളിവുകൾ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. പ്രപഞ്ചരഹസ്യങ്ങളടെ ദുരൂഹതകളെ  വിശദീകരിക്കാനുള്ള മേൽപ്പറഞ്ഞ  ശ്രമങ്ങളൊന്നും , പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുവോളം, ശാസ്ത്ര ‘സത്യ’ങ്ങളുടെ ഗണത്തില്‍ വരുന്നില്ല.  എന്നാല്‍ തെളിവുകള്‍ എതിരായാലും  അവയെ വിശ്വസിച്ചാല്‍, പിന്നെ അന്ധവിശ്വാസമായാണ് അവയെ പരിഗണിക്കുക. പര്യാപ്തമായ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലും പരിണാമ സിദ്ധാന്തത്തെ ശാസ്ത്രസത്യമായി സ്വീകരിക്കുന്നതിനെ ഇതിനൊരു ഉദാഹരണമായെടുക്കുന്നതിൽ തെറ്റില്ല.

ക്രിസ്തീയവിശ്വാസത്തെ ഉറപ്പും നിശ്ചയവുമുള്ള കാര്യങ്ങളായിട്ടാണ് എബ്രായ ലേഖനകാരന്‍ നിര്‍വ്വചിക്കുന്നത്.  അതായത് ദൈവാസ്തിത്വം, പ്രപഞ്ചസൃഷ്ടി, അത്ഭുതങ്ങള്‍, മരണാനന്തരജീവിതം, പുനരുത്ഥാനം തുടങ്ങിയ ക്രിസ്തീയ വിശ്വാസങ്ങളെല്ലാം മതിയായ ഉറപ്പും നിശ്ചയവുമുള്ള കാര്യങ്ങളായതുകൊണ്ടാണ് നാം അവയെ മുറുകെപ്പിടിക്കുന്നത്.  വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളോ സങ്കല്പങ്ങളോ അല്ല, വസ്തു നിഷ്ഠമായ തെളിവുകളുടെ നിര്‍ബന്ധമാണ് ആ ബോധ്യങ്ങളിന്മേല്‍ ജീവിതം പണിതുയര്‍ത്തുവാന്‍ നമ്മെ ധൈര്യപ്പെടുത്തുന്നത്.  അവയുടെ ഉറപ്പ് ചോദ്യം ചെയ്യപ്പെടാവുന്നതും,  തെളിവുകള്‍ നല്‍കുവാന്‍ ആവശ്യമുള്ളതും ആകുന്നു. അതാണ് പത്രോസ് എഴുതിയത്: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറയാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍.” (1പത്രോ 3: 15) 

യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പ് ഉദാഹരണമായി എടുക്കാം. അപ്പൊസ്തലന്മാർ അത് വിശ്വസിച്ചത് മതിയായ തെളിവുകള്‍ ലഭിച്ചതുകൊണ്ടാണ് എന്ന് പുതിയനിയമം വ്യക്തമാക്കുന്നു. യോഹന്നാന്‍ 21-ലെ തോമസിന്‍റെ അനുഭവം പ്രത്യേകം ശ്രദ്ധേയമാണ്.     യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന മറ്റു ശിഷ്യന്മാരുടെ വാക്ക് വിശ്വസിക്കണമെങ്കില്‍ മതിയായ തെളിവുകള്‍ അനിവാര്യമാണ് എന്നാണ് തോമസ് പറഞ്ഞത്. കാളപെറ്റു എന്നു പറയുമ്പേഴേക്കും കയറിങ്ങെടുത്തോ എന്നു പറയുന്നവനായിരുന്നില്ല തോമസ്. മരിച്ചവനായി തോമസ് കണ്ട യേശു ഉയിര്‍ത്തെഴുന്നേറ്റുജീവിക്കുന്നു എന്ന അത്യത്ഭുതകരമായ വസ്തുത വിശ്വസിക്കണമെങ്കില്‍ അത് ബുദ്ധിക്ക് തെളിവാകണമെന്ന് തോമസിന് നിര്‍ബന്ധമുണ്ടായിരുന്നു.  തെളിവുകളില്ലാതെ വിശ്വസിക്കുകയില്ല എന്ന തോമസിന്‍റെ ന്യായമായ ആവശ്യത്തെ കര്‍ത്താവ് മാനിച്ചതാണ് എട്ടു ദിവസങ്ങള്‍ക്കുശേഷം അവിടുന്ന് തോമസിനുവേണ്ടി നടത്തിയ പ്രത്യേകമായ പ്രത്യക്ഷത. സുവിശേഷത്തിന്‍റെ ആധികാരിക വക്താക്കളായ അപ്പൊസ്തലന്മാര്‍ എല്ലാവരും കണ്ട് വിശ്വസിച്ചവരാണ്. എന്നാല്‍ യേശുക്രിസ്തുവിനെ നേരിട്ടു കാണാതെ വിശ്വസിക്കുന്നവരും തെളിവുകളില്ലാതെയല്ല വിശ്വസിക്കുന്നത്. അതുകൊണ്ടാണ് കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന് യേശു പറഞ്ഞത്.  അല്ലാതെ കാണാതെ വിശ്വസിക്കുക എന്നാല്‍  തെളിവുകളിലില്ലാതെ വിശ്വസിക്കലല്ല. 

വിശ്വാസത്തിന്‍റെ തെളിവുകള്‍

ഏതൊരു വിശ്വാസത്തിനുമെന്നപോലെ ബൈബിള്‍സത്യങ്ങള്‍  വിശ്വസിക്കുന്നിനും  ചരിത്രപരവും, ശാസ്ത്രീയവും, യുക്തിപരവും, അനുഭവപരവുമായ കാരണങ്ങളുണ്ട്.  ബൈബിളിലെ നിരവധിയായ ചരിത്ര പരാ മര്‍ശങ്ങള്‍ അതേപടി വിശ്വസിക്കുന്നതിനു കാരണം ഇന്നയോളം മനുഷ്യര്‍ നടത്തിയിട്ടുള്ള ചരിത്ര നിരീക്ഷണങ്ങളും പുരാവസ്തുഗവേഷണങ്ങളുമെല്ലാം  അവയെ ശരിവെക്കുകയല്ലാതെ അവയിലൊന്നുപോലും ഇന്നേവരെ തെറ്റെന്ന് സമര്‍ത്ഥിച്ചിട്ടില്ല എന്നതാണ്.  പുതിയനിയമത്തിലെ അനേക ചരിത്ര സൂചനകളെ സമകാലിക വിജാതീയ ചരിത്രങ്ങളും ശരിയെന്ന് അംഗീകരിക്കുന്നു.  പത്തൊന്‍പതാം നൂറ്റാണ്ടിലാണ് പുരാവസ്തുശാസ്ത്രം  വികാസം പ്രാപിക്കുന്നത്. അനേക പുരാതന സംസ്കാരങ്ങളുടെയും കേന്ദ്രങ്ങളായിരുന്ന മധ്യപൂര്‍വ്വേഷ്യയില്‍ അതിനു ശേഷം നടന്ന വിപുലമായ ഉല്‍ഘനനങ്ങളും  കണ്ടെത്തലുകളും , യഥാർത്ഥത്തിൽ, ബൈബിള്‍ വിശ്വസനീയമായ ചരിത്രമാണ് എന്നതിന് അടിവരയിടുകയാണ് ചെയ്തത്.  ഇസ്രയേലിന്‍റെ ചരിത്രം കെട്ടുകഥയാണ് എന്ന് സമര്‍ത്ഥിക്കാന്‍ മിനിമലിസ്റ്റ് ചിന്തകര്‍ നടത്തിയ ശ്രമങ്ങളെല്ലാം പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ അടിസ്ഥാന രഹിതമെന്നു തെളിയുകയാണ് ചെയ്തത്. ബൈബിളിലെ ചരിത്രപരമായ വസ്തുതകളിലൊന്നും പ്രമാദങ്ങള്‍ ആരോപിക്കപ്പെടുവാന്‍ കഴിയാത്തിടത്തോളം ചരിത്രാന്വേഷണത്തിനതീതമായ കാര്യങ്ങളും ശരിയായിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ അതു ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.

ബൈബിള്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. എന്നാല്‍ ശാസ്ത്രത്തിന്‍റെ കണ്ടെത്തലുകള്‍ ബൈബിളിലെ ഒരു പ്രസ്താവനയെയും തെറ്റെന്ന് തെളിയിക്കുന്നില്ല. മാത്രമല്ല, ശാസ്ത്രത്തിന്‍റെ അന്വേഷണത്തിനുമുമ്പില്‍ അത്യന്തം സങ്കീര്‍ണ്ണമായി കാണപ്പെടുന്ന ഈ പ്രപഞ്ചത്തിന്‍റെ  രൂപകല്പനയെ വിശദീകരിക്കാന്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന സര്‍വ്വ .ശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവവ്യക്തിത്വത്തിനല്ലാതെ മറ്റൊന്നിനും കഴിയുകയില്ലെന്ന് , മുന്‍വിധികൂടാതെ വിലയിരുത്തുന്ന ഏതൊരാള്‍ക്കും, വ്യക്തമാണ്.   ദൈവചിന്തയെ അര്‍ത്ഥശൂന്യമായി തള്ളിക്കളയുവാനുള്ള ഒരുപറ്റം  ശാസ്ത്രജ്ഞരുടെ അമിതോത്സാഹത്തെ മന്ദീഭവിപ്പിക്കുന്ന കണ്ടെത്തലുകളാണ് ജീവശാസ്ത്രത്തിലും(biology ), ഊര്‍ജ്ജശാസ്ത്രത്തിലും (physics ), പ്രപഞ്ചശാസ്ത്രത്തിലും  (cosmology) എല്ലാം ഈയിടെയായി സംഭവിക്കുന്നത്. പ്രപഞ്ചത്തിന് ഒരാരംഭമുണ്ടെന്ന മഹാവിസ്പോടനസിദ്ധാന്താവും, ജീവകോശങ്ങളിലെ അതിസങ്കീര്‍ണ്ണമായ ജനിതക വിവരശേഖരങ്ങളും, പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പില്‍ ദൃശ്യമാകുന്ന അതിസൂക്ഷ്മമായ ഗണിതകൃത്യതകളുമെല്ലാം വിരല്‍ചൂണ്ടുന്നത്  ഇതിനു പിന്നില്‍ ഒരു രൂപകല്‍പ്പനാവൈദഗ്ധ്യമുണ്ടെന്ന  യാഥാര്‍ത്ഥ്യത്തിലേക്കാണ്. 

അതുപോലെ  ക്രിസ്തീയ ദൈവശാസ്ത്രത്തെ നിരര്‍ത്ഥകമെന്ന് സ്ഥാപിക്കുവാന്‍ കഴിയുന്ന വാദഗതികളൊന്നും യുക്തിചിന്തകർ  ഇന്നുവരെ മുന്നോട്ടുവെച്ചിട്ടില്ല. ഇരുപതാം നൂററാണ്ടിലെ ഏറ്റവും അറിയപ്പെട്ട നിരീശ്വര താത്വികാചാര്യനായിരുന്ന ആന്‍റണി ഫ്ളൂ പില്‍ക്കാലത്ത് ഡീയിസത്തിലേക്ക് ചായുവാനായി പറഞ്ഞ കാരണം തെളിവുകളുടെ നിര്‍ബന്ധമെന്നാണ്. ദൈവാസ്തിത്വത്തെയും ആത്മീയസത്യങ്ങളെയും ചോദ്യം ചെയ്ത് ചെയ്ത്  മാനവസമത്വത്തിലും ധാര്‍മ്മികാടിത്തറകളിലും മാത്രമല്ല, യുക്തിചിന്തയുടെ സാധുതയില്‍പ്പോലും വിശ്വാസം തന്നെ നഷ്ടമായ നിലയിലാണ് ആധുനിക തത്വശാസ്ത്രം ഇന്നുള്ളത്. ചിന്ത ചിന്തയെത്തന്നെ അസാധുവാക്കുന്ന ദൂഷിതവലയത്തിലാണ് പോസ്റ്റ് മോഡേണിസം നിരീശ്വര വാദത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ആത്യന്തികമായി അര്‍ത്ഥശൂന്യമെന്ന് സമ്മതിക്കേണ്ടി വന്നിട്ടും  പ്രായോഗികമായി ഒഴിവാക്കുവാന്‍ കഴിയാത്ത മൂല്യങ്ങള്‍ക്ക് പുതിയ അടിസ്ഥാനങ്ങള്‍ കണ്ടെത്താനുള്ള കഠിനശ്രമങ്ങളിലാണ് അവരിലനേകരും ഇന്ന്. എന്നാല്‍ കുലീനവും അര്‍ത്ഥപൂര്‍ണ്ണവുമായ ഒരു മാനവസംസ്കാരത്തിന് അടിസ്ഥാനമാകുവാന്‍ ക്രീസ്തീയ ലോകവീക്ഷണം പോലെ സമഗ്രവും പ്രായോഗികവുമായ മറ്റൊരു തത്വശാസ്ത്രമില്ലെന്നതാണ് വസ്തുത. 

അനുഭവങ്ങള്‍

ചരിത്രവസ്തുതകളും, ശാസ്ത്രീയ കണ്ടെത്തലുകളും, യുക്തിവിചാരവുമൊക്കെ ക്രിസ്തീയവിശ്വാസത്തിന് ശക്തമായ പിന്‍ബലമായുണ്ടെങ്കിലും വിശ്വാസത്തിന്‍റെ പ്രാഥമികമായ തെളിവ് വ്യക്തിപരമായ അനുഭവം തന്നെയാണ്.    പാപത്തിന്‍റെ കുറ്റബോധത്തിലും ജീവിതത്തിന്‍റെ പ്രതിസന്ധികളിലും മരണഭീതിയിലും കഴിയുന്ന മനുഷ്യന് ക്രിസ്തീയ വിശ്വാസം നല്‍കുന്ന ആശ്വാസവും പ്രതീക്ഷയുമാണ് ക്രിസ്തുവില്‍ വിശ്വസിക്കാനുള്ള ഏറ്റവും വലിയ പ്രേരകം. ഏതൊരാളും ക്രിസ്തുവിലേക്കു വരുന്നത് ഇപ്രകാരമുള്ള അനുഭവങ്ങളുടെ പ്രേരണയാലാണ്. അല്ലാതെ ശാസ്ത്രീയവും  താത്വികവുമായ തെളിവുകളെല്ലാം പരിശോധിച്ചുറപ്പാക്കി വിശ്വാസത്തില്‍ വന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ, അത്യന്തം വിരളമായിരിക്കും. ക്രിസ്തു നല്‍കുന്ന സമാധാനത്തിന്‍റെയും പ്രത്യാശയുടെയും അനുഭവങ്ങളാണ്  ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുന്ന ആദ്യഘടകം.  മറ്റു തെളിവുകളൊക്കെ സാധാരണഗതിയില്‍  അതിനെ ഉറപ്പിച്ചുകൊണ്ട് പിന്നീട്  വരുന്നവയാണ്.

ക്രിസ്തീയ വിശ്വാസത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഏതൊരു വിശ്വാസത്തിന്‍റെ കാര്യത്തിലും അനുഭവങ്ങള്‍ക്ക് ഈ പ്രാധാന്യം ഉണ്ട്. ഒരു ഡോക്ടറില്‍ വിശ്വാസമര്‍പ്പിക്കുന്നതിന്  കാരണം പ്രധാനമായും  രോഗത്തിന്റെ പ്രയാസങ്ങളും അതിനു ആശ്വാസം വേണമെന്ന ആഗ്രഹവും ആയിരിക്കും. ആ വിശ്വാസത്തിന്‍റെ കൂടുതലായ ഉറപ്പുകൾ  ലഭിക്കുന്നത് ക്രമേണയായിരിക്കും. വെള്ളത്തില്‍ വീണുപോയ ഒരു  മനുഷ്യന്‍ തന്‍റെ കൈയ്യില്‍ തടഞ്ഞ ഒരു കയറില്‍പ്പിടിച്ച് രക്ഷപെടുന്നു എന്നു കരുതുക.    കയറില്‍ മുറുകെ പിടിക്കുന്നതിന് കാരണം രക്ഷപെടാനുള്ള അഭിവാഞ്ചയാണ്.അല്ലാതെ കയറിന്റെ ബലത്തേക്കുറിച്ചുള്ള ഒരു ശാസ്ത്രീയ അന്വേഷണവും അതിനു പിന്നിലില്ല   എന്നാല്‍ ആ തീരുമാനം എത്ര ശരിയായിരുന്നു എന്ന്  വിലയിരുത്തപ്പെടുന്നത് രക്ഷപെട്ടതിനു ശേഷമാണ്. ആ കയര്‍ ബലമുള്ളതായിരുന്നു എന്നും വെള്ളത്തില്‍ വീഴുന്നവര്‍ പിടിച്ച് കയറാനാണ് അത് അവിടെ കെട്ടിയിട്ടിരുന്നതെന്നും അനേകരും അപ്രകാരം രക്ഷപെട്ടിട്ടുണ്ട് എന്നും ഇനിയും ആരെങ്കിലും വീഴാന്‍ ഇടയായാല്‍ ധൈര്യമായി അതില്‍പ്പിടിച്ച് രക്ഷപെടാമെന്നുമൊക്കെ പിന്നീടായിരിക്കും മനസ്സിലാക്കുക. അതുപോലെ സുവിശേഷസത്യങ്ങളിലുള്ള വിശ്വാസത്തിലേക്ക് നയിക്കുന്ന ന്യായമായ കാരണം പലപ്പോഴും അനുഭവങ്ങളാണ് എന്നു വന്നാലും മറ്റെല്ലാ തെളിവുകളും ആ വിശ്വാസത്തെ ബലപ്പെടുത്തുന്നതായി ഒരു വിശ്വാസി  ക്രമേണ മനസ്സിലാക്കുന്നു. 

ചുരുക്കത്തില്‍, ക്രിസ്തീയ വിശ്വാസം വെറും ദിവാസ്വപ്നങ്ങളല്ല; മതിയായ തെളിവുകളില്‍ അടിസ്ഥാനപ്പെട്ട ബോധ്യങ്ങളാണ്.  ക്രിസ്ത്യാനികള്‍  അങ്ങനെ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് എബ്രായർ 11:6ല്‍ ചുരുക്കമായി പറയുന്നത് നമുക്കു ശ്രദ്ധിക്കാം “ڇദൈവത്തിന്‍റ അടുക്കല്‍ വരുന്നവന്‍ ദൈവമുണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. “ڈ  ക്രിസ്തീയ വിശ്വാസത്തിന്‍റെ വിഷയങ്ങള്‍ ദൈവവും, ദൈവം മനുഷ്യന് നല്‍കുന്ന രക്ഷയുമാണ്. 

ദൈവമുണ്ട്

ക്രിസ്തീയത അസന്ദിഗ്ദമായി മുറുകെപ്പിടിക്കുന്ന വസ്തുതകളില്‍ ഏറ്റവും പ്രധാനം ഒരു ദൈവമുണ്ട് എന്നതും ആ ദൈവം ആരാണ് എന്നതുമാണ്.  ദൈവത്തെക്കുറിച്ചുള്ള കാഴചപ്പാടുകള്‍ ലോകത്തില്‍ നിരവധിയാണ്. ദൈവമില്ല  എന്നു തുടങ്ങി സകലവും ദൈവമാണ് എന്നുവരെയുള്ള  പരസ്പരവിരുദ്ധമായ ദൈവവീക്ഷണങ്ങളുടെ മധ്യത്തില്‍ ബൈബിളിന്‍റെ ദൈവവീക്ഷണം തികച്ചും സവിശേഷമാണ്. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ നിത്യദൈവം; അവിടുന്നാണ് ഈ പ്രപഞ്ചത്തെ രൂപകല്‍പ്പന ചെയ്തത്. അവിടുന്ന് വെറും ഒരു ശക്തിയോ ചൈതന്യമോ അല്ല വ്യക്തികളായ മനുഷ്യരോടും മനുഷ്യർക്കും  ആശയവിനിമയം പുലര്‍ത്തുവാന്‍ കഴിയും വിധം വ്യക്തിത്വമുള്ളവനാണ്. അപ്രകാരം ഒരു ദൈവമുണ്ട് എന്ന പ്രഖ്യാപനത്തോടെയാണ് ബൈബിള്‍ ആരംഭിക്കുന്നതുതന്നെ. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”.  (ഉല്പത്തി 1:1).  ബൈബിള്‍ പ്രസ്താവിക്കുന്ന തരത്തിലുള്ള ഒരു ദൈവമുണ്ടെന്നത് ബുദ്ധിക്ക് നിഷേധിക്കാന്‍ കഴിയാത്ത ഒരു വസ്തുതയുമാണ്. 

ദൈവമുണ്ട് എന്നു മാത്രമല്ല,ആ ദൈവം അവിടുത്തെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍ക്കുന്നു എന്നതാണ് ദൈവത്തെ സംബന്ധിച്ച് നാം വിശ്വസിക്കുന്ന രണ്ടാമത്തെ കാര്യം. എന്താണ് അവിടുത്തെ അന്വേഷിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന പ്രതിഫലം? അനേകരും ചിന്തിക്കുന്നത് ഈ ലോകത്തില്‍ ഐശ്വര്യമായി ജീവിക്കാനുള്ള സൗകര്യങ്ങളാണ് ദൈവം അവിടുത്തെ അന്വേഷിക്കുന്നവര്‍ക്ക് നല്‍കുന്നത് എന്നാണ്. എന്നാല്‍ ദൈവത്തെ അന്വേഷിക്കുന്നവനെന്നോ അല്ലാത്തവനെന്നോ വ്യത്യാസം കൂടാതെ എല്ലാവര്‍ക്കം ദൈവം നല്‍കുന്ന കാര്യങ്ങളാണ് ഈലോകത്തിലെ എല്ലാ നന്മകളുമെന്നതാണ് വസ്തുത.  അല്ലാതെ അവയൊന്നും ദൈവം അവിടുത്തെ ഭക്തര്‍ക്കായി മാത്രം മാറ്റിവെച്ചവയല്ല. “അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും തന്‍റെ മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ” (മത്തായി 5:45 ). അതായത് സമ്പത്ത്, ആരോഗ്യം, പ്രശസ്തി, സുഖസൗകര്യങ്ങള്‍ തുടങ്ങി ഈ ലോകത്തിലെ ഭൗതീകാനുഗ്രഹങ്ങള്‍ അനുഭവിക്കാനുള്ള വ്യവസ്ഥ ദൈവഭക്തിയല്ല എന്നു സാരം.  ഒരു തൈ നട്ടാല്‍ അതില്‍ ഫലം കായ്ക്കാനുള്ള വഴി വളവും, വെള്ളവും, അനുകൂല കാലാവസ്ഥയുമായിരിക്കുന്നതുപോലെ ഈലോകനന്മകള്‍ ആസ്വദിക്കുവാന്‍  അതിനനുസൃതമായ വഴികളും ദൈവം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അതില്‍ ഭക്തനെന്നൊ അഭക്തനെന്നോ വ്യത്യാസം വെച്ചിട്ടില്ല. അവയൊന്നും ദൈവത്തിന് അത്ഭുതകരമായി നല്‍കാന്‍ കഴിയില്ലെന്നല്ല നാം പറയുന്നത്. അത് ദൈവം ഉറപ്പു നല്‍കിയിട്ടില്ല എന്നാണ്. അഥവാ അത്ഭുതങ്ങള്‍ അനുവദിച്ചാല്‍ തന്നെ അത് ദൈവ ഭക്തർക്ക് മാത്രമല്ല. ബൈബിളിലെ അത്ഭുതങ്ങളുടെ പ്രയോജനം ലഭിച്ചവര്‍ക്ക്, അത് പഴയനിയമത്തിലായാലും പുതിയ നിയമത്തിലായാലും, വിശ്വാസി അവിശ്വാസി ഭേദമില്ലെന്നത് ശ്രദ്ധേയമാണ്.  

എന്നാല്‍ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക്, അവിടുത്തെ അടുക്കലേക്ക് അഭയത്തിനായി വരുന്നവര്‍ക്ക്, ദൈവം നല്‍കുന്ന പ്രതിഫലം ഈ നശ്വരലോകത്തിലെ ഭൗതീക നന്മകളല്ല, ദൈവത്തിന്‍റെ നിത്യരാജ്യവും അതിലെ അനശ്വരമായ നന്മകളുമാണ്. അതാണ് യേശുക്രിസ്തുവില്‍ ദൈവം ലോകത്തിനു നല്‍കുന്ന   സുവിശേഷ സന്ദേശം.  കര്‍ത്താവ് ലോകത്തില്‍ വന്നതും മരിച്ച് ഉയിര്‍ത്തെഴുന്നേറ്റത് വഴി മനുഷ്യന്  നേടിത്തന്നതുമായ രക്ഷ ദൈവരാജ്യത്തിലെ നിത്യമായ ജീവിതമാണ്. മരണത്തിനപ്പുറത്തേക്കു നീളുന്ന ആ പ്രതീക്ഷയും അവയുടെ ഉറപ്പും നിശ്ചയവുമാണ് ഒരു ദൈവ വിശ്വാസി  ആശിക്കുന്നത്. യോഹന്നാന്‍ 14:1-3 ല്‍ കര്‍ത്താവ് പറയുന്നു “എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്…ഞാന്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കുവാന്‍ പോകുന്നു. ഞാന്‍ പോയി സ്ഥലം ഒരുക്കിയാല്‍ ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.” ക്രിസ്തുവില്‍ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന ദൈവരാജ്യത്തിന്‍റെ മഹത്വം കാണാതെ ഈ ലോക സുഖസൗകര്യങ്ങള്‍ക്കായി ക്രിസ്തുവിനെ അന്വേഷിക്കുന്നവരുടെ സ്ഥതി ദൗർഭാഗ്യകരമാണ്.  ലോകത്തിലുള്ളത് മുഴുവന്‍ തെറ്റാണെന്നോ, ലോകം മോശമാണെന്നോ അല്ല  പറയുന്നത്, ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുനരുത്ഥാനജീവിതത്തിന്‍റെ മഹത്വത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ താത്കാലികമായ ലൗകികനന്മകള്‍ മുന്‍ഗണന നല്‍കാന്‍ മാത്രം വലിയ കാര്യമല്ല എന്നാണ്. 

ഒരു ദൈവമുണ്ടെന്നും ആ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒരുനാളും അവസാനിക്കാത്ത നിത്യജീവിതവുമാണ് എന്ന് വിശ്വസിക്കുന്നു എന്നു പറഞ്ഞാല്‍ അവ ഒരു തെളിവുമില്ലാതെ കണ്ണടച്ച് വിശ്വസിക്കുന്നു എന്നല്ല. മതിയായ ഉറപ്പും നിശ്ചയവും അവയ്ക്കുണ്ട് എന്നാണ്. അനുഭവങ്ങളുടെയും, യുക്തിയുടെയും ചരിത്രത്തിന്‍റെയും, ശാസ്ത്രത്തിന്‍റെയുമെല്ലാം പിന്‍ബലം ദൈവാസ്തിത്വത്തിനും ക്രിസ്തുവില്‍ ദൈവം വാഗ്ദാനം ചെയ്യുന്ന നിത്യജീവനും ഉള്ളതുകൊണ്ടാണ് അക്കാര്യങ്ങള്‍ വിശ്വസിക്കുവാന്‍ വിശേഷബുദ്ധിയുള്ള മനുഷ്യർക്ക് കഴിയുന്നത്.  ക്രിസ്തീയ വിശ്വാസം ഇരുട്ടിലേക്കുള്ള ഒരു എടുത്തുചാട്ടമല്ല; ആരെങ്കിലും പറഞ്ഞതിനെ അന്ധമായി അനുഗമിക്കുന്നതുമല്ല. മതിയായ ഉറപ്പുകളില്‍ അടിസ്ഥാനപ്പെട്ട   സുബോധപൂര്‍വ്വമായ ഒരു തീരുമാനമാണത്. ഉറപ്പു പ്രാപിക്കാനുള്ള മാര്‍ഗ്ഗമോ  ദൈവം നല്‍കിയ സവിശേഷമായ  ബുദ്ധിശക്തിയും അന്വേഷണപരതയും ശരിയായി പ്രയോജനപ്പെടുത്തുന്നതു തന്നെയാണ്.  കാരണം അന്വേഷിക്കുന്നവരാണ് കണ്ടെത്തുന്നത്; മുട്ടുന്നവര്‍ക്കാണ് തുറന്നുകിട്ടുന്നത്.

Joseph Panachiyil
Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular