കഷ്ടതകളുടെ കാരണവും അര്‍ത്ഥവും തേടിയുള്ള അന്വേഷണത്തിന് ഏറ്റവും പഴക്കമുള്ള ഉത്തരം നല്‍കുന്നത് ഇയ്യോബിന്റെ പുസ്തകമാണ്. അത് ലോകത്തിലെ ഏറ്റവും പഴയ പുസ്തകമാണ്. അതേസമയം ഏറ്റവും പുതിയതും!
“അപരിചിതനായ ഒരു വ്യക്തി ഈ ലോകത്തേക്ക് ഒരു സന്ദര്‍ശകനായി എത്രയും പൊടുന്നനവേ വരികയാണെന്ന് ചിന്തിക്കുക. ഈ ലോകത്തിലെ തിന്മയുടെ ദൃഷ്ടാന്തമായി ആ സന്ദര്ശകന് ഞാന്‍ ഈ കാഴ്ചകള്‍ കാണിച്ചു കൊടുക്കും. വ്യാധികള്‍ നിറഞ്ഞ ഒരു ആശുപത്രി, കുറ്റവാളികള്‍ നിറഞ്ഞ ഒരു തടവറ, മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു യുദ്ധഭൂമി, ഗതികിട്ടാതെ കടലില്‍ ഉഴറിനടക്കുന്ന ഒരു കപ്പല്‍ വ്യൂഹം, ഏകാധിപത്യത്തിലും ക്ഷാമത്തിലും മഹാമാരിയിലും പെട്ടുഴലുന്ന ഒരു ജനത…”
തത്വശാസ്ത്രിയും, അജ്ഞേയവാദിയും മതവിമര്ശകനുമായ ഡേവിഡ് ഹ്യൂം( 1711 -1776) എഴുതിയ വരികളാണിവ. അജ്ഞാതനും അപരിചിതനുമായ ഹ്യൂമിന്റെ ആ സന്ദര്ശകന് ഇന്നു വന്നാല്‍ അന്നത്തേതിലും എത്രയോ ഭീഭത്സമാണ് കാഴ്ച. ഈയാം പാറ്റകളേപ്പോലെ പിടഞ്ഞുവീണുമരിക്കുന്ന ആയിരങ്ങള്‍. നിറഞ്ഞ് കവിഞ്ഞ് തിരക്കുകൊണ്ട് ശ്വാസംമുട്ടുന്ന ആതുരാലയങ്ങള്‍. ജോലിഭാരം കൊണ്ട് തളര്‍ന്നുവീഴുന്ന ആരോഗ്യപ്രവര്‍ത്തര്‍. പുറത്തിറങ്ങാതെ അടച്ചുപൂട്ടി ഭീതിയോടെ കഴിയുന്ന ജനങ്ങള്‍. സാമ്പത്തിക തകര്‍ച്ചയെന്ന ആസന്ന വ്യാധിക്കുമുമ്പില് പകച്ചുനില്കുന്ന നേതാക്കള്‍.
ദുരിതകാഴ്ചകള്‍ നിറയുന്ന ഭൂമിയില്‍ ജീവിതത്തിനൊരു അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്തുക അസാധ്യമാണ് എന്ന ധാരണയുടെ ആധാരത്തിലാണ് ഹ്യൂം അങ്ങനെ പറഞ്ഞുവെച്ചത്. ഇതേ അഭിപ്രായം തന്നെ ചെറിയ ഭേദഗതികളോടെ പലരും ഈ കൊറോണകാലത്ത് ആവര്‍ത്തിക്കുന്നത് കേട്ടു. ‘കരിമരണം(ബ്ലാക്ക് ഡെത്ത് ) എന്ന കുപ്രസിദ്ധ മഹാമാരി 14-ാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ പകുതിയെ തുടച്ചുനീക്കി. അന്നും ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റലിയും ഫ്രാന്സുമൊക്കെയുണ്ടായിരുന്നു. “ദൈവം ബധിരനാണെന്ന് തോന്നുന്നു, ഞങ്ങളുടെ വാക്കുകള്‍ അവിടുന്ന് കേള്‍ക്കുന്നേയില്ല’. 14-ാം നൂറ്റാണ്ടിലെ കവി വില്യം ലാങ്ലാന്ഡ് വിലപിച്ചു. അക്കാലത്ത് ചില തീവ്രവിശ്വാസികള്‍ ഇത് ദൈവകോപമെന്ന് ഭയന്ന് അതില്‍ നിന്നും രക്ഷനേടാനായി തെരുവുകളിലൂടെ സ്വന്തം ശരീരം ചാട്ടവാറുകൊണ്ട് അടിച്ച് വേദനിപ്പിച്ച് ചോരയൊലിപ്പിച്ച് നടന്നു. മഹാമാരികള്‍ ദൈവം അയക്കുന്നതാണെങ്കില്‍ അവനെതിരെ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന് എതിരാകില്ലേ എന്ന തൊടുന്യായം ചിലര്‍ ഉന്നയിച്ചു. അതുപോലെ ഇന്നും ദൈവവും മതവുമൊക്കെ തോറ്റുവെന്നും ശാസ്ത്രത്തിന് മാത്രമേ മനുഷ്യനെ സംരക്ഷിക്കാനാകൂ എന്നും പലരും പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ആദ്യം ഏകദേശം 100 ദശലക്ഷം ആളുകളെ കൊന്നൊ ടുക്കിയ സ്പാനിഷ് ഫ്ളൂ തുടങ്ങി മഹാമാരികള്‍ പലതും വന്നു. മലേറിയയും കോളറയും വസൂരിയും ക്ഷയവും എയിഡ്സും അവസാനം കൊറോണയുടെ മുന്‍ പതിപ്പായ സാര്‍സ് വരെ ‘എപിഡെമിക്’ (പകര്‍ച്ചവ്യാധി) ഗണത്തില്‍ ധാരാളം രോഗങ്ങള്‍ മനുഷ്യരാശിയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് 19നെ ലോകാരോഗ്യസംഘടന ‘പാന്‍ഡമിക്’ (ആഗോളവ്യാപകമായ മഹാമാരി) ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.
എന്തുകൊണ്ട് കഷ്ടതകള്‍?
ഒരു മഹാമാരി വരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ട് എന്നത്. ഒന്നുകില്‍ ഡേവിഡ് ഹ്യൂമിനെപ്പോലെ ദൈവത്തിനെതിരെ ഒരു ആയുധമായി അതുപയോഗിക്കാന്‍, അല്ലെങ്കില്‍ വാസ്തവത്തില്‍ ഒരു പ്രതിസന്ധിയുടെ മധ്യത്തില്‍ അതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുവന്റെ അര്‍ത്ഥമാര്‍ന്ന ചോദ്യമായി, അതുമല്ലെങ്കില്‍ ഒരു സത്യാന്വേഷണ സപര്യയുടെ ഭാഗമായി ഉത്തരം തേടി ഇങ്ങനെ പല കോണുകളില്‍നിന്നും ഈ ചോദ്യത്തെ സമീപിക്കാം.
ഇയ്യോബിന്റെ പുസ്തകം
കഷ്ടതകളുടെ കാരണവും അര്‍ത്ഥവും തേടിയുള്ള അന്വേഷണത്തിന് ഏറ്റവും പഴക്കമുള്ള ഉത്തരം നല്‍കുന്നത് ഇയ്യോബിന്റെ പുസ്തകമാണ്. അത് ലോകത്തിലെ ഏറ്റവും പഴയ പുസ്തമാണ്. അതേസമയം ഏറ്റവും പുതിയതും! എഴുതിയ കാലഘട്ടം വെച്ച്നോക്കുമ്പോള്‍ പഴക്കമേറുമെങ്കിലും പ്രതിപാദ്യവിഷയം സംബന്ധിച്ച് ഏറ്റവും പുതിയതുമാണാ പുസ്തകം. ഏറ്റവും കാലിക പ്രസക്തിയുള്ളതുമാണ് അതിലെ വിഷയം. കാവ്യഭംഗികൊണ്ടും ആഖ്യാന ശൈലികൊണ്ടും മനുഷ്യസാഹിത്യത്തിലെ ഏറ്റവും ഉദാത്തമായ കൃതികളിലൊന്നായി അതു പരിഗണിക്കാമെന്നാണ് പണ്ഡിതര്‍ പറയുന്നത്. കവിത നിറയുന്ന സാഹിത്യസ്വരൂപംകൊണ്ടും വിവരണത്തിലെ വാഗ്പാടവം കൊണ്ടും അന്യാദര്ശകമായ കഥനശൈലികൊണ്ടും പണ്ഡിതോചിതമായ വിവരണം കൊണ്ടും ആ പുസ്തകം തലയുയര്ത്തിനില്ക്കുന്നു.
ആ പുസ്തകത്തിലെ കഥാനായകന് ഇയ്യോബ് (ജോബ്) ഒരു മാതൃകാപുരുഷനാണ്. സ്വഭാവനൈര്‍മ്മല്യവും സല്‍പ്പേരും ഒത്തുചേര്‍ന്ന വ്യക്തി. സന്തോഷം നിറഞ്ഞ കുടുംബജീവിതം. വിസ്തൃതമായ സൗഹൃദവലയം. അദ്ദേഹത്തിന്റെ പെരുമ ദൂരെ ദേശങ്ങളില്‍ പോലും പരന്നിരുന്നു. അക്കാലത്തെ മഹാധനികരില് ഒരാളുമായിരുന്നു ഇയ്യോബ്.
ജീവിതം ഒരു സുഭഗസുന്ദരയാത്രപോലെ പുരോഗമിക്കവേയാണ് ജോബിനെ തകര്‍ത്തെറിയുന്ന ദുരന്തങ്ങള്‍ പെരുമഴപോലെ വന്നുപതിക്കുന്നത്. ആകസ്മിക ദുരന്തങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ആ മനുഷ്യന് നേരെ ഇരമ്പിയാര്‍ത്തുവന്നു. ഇയ്യോബിന്റെ സാമ്പത്തിക അടിത്തറയാണ് ആദ്യം തകര്‍ന്നടിഞ്ഞത്. കന്നുകാലികളും കഴുതകളും ആടുകളും ഒട്ടകങ്ങളും തുടങ്ങി അക്കാലത്തെ സമ്പദ്വ്യവസ്ഥയുടെ ആധാരശിലകള്തന്നെ നഷ്ടമായി. ഇന്നലെവരെ അതിസമ്പന്നനായിരുന്നു ജോബ് ഇന്ന് പാപ്പരായിമാറി. അടുത്തഘട്ടം കുടുംബത്തിന്റെ നഷ്ടമാണ്. ഏഴു പുത്രന്മാരും മൂന്ന് പുത്രിമാരുമടങ്ങിയ ആ സന്തുഷ്ടകുടുംബം ഒരു ദിവസംകൊണ്ട് മക്കളില്ലാത്ത കുടുംബമായിമാറി. ഒരു തല്‍ക്ഷണ ദുരന്തത്തില്‍ പത്തുമക്കളും ദാരുണമായി കൊല്ലപ്പെട്ടു. അവസാനം ജോബും സഹധര്‍മ്മിണിയും മാത്രം അവശേഷിച്ചു. സകലവും നഷ്ടപ്പെട്ട ഇയ്യോബിന്റെ ഹൃദയത്തിന്റെ നിലവിളി നമുക്ക് ഊഹിക്കാം. എന്നാല്‍ പരാതിപറയാതെ തികഞ്ഞ മനസ്തൈര്യത്തോടെ വേദാന്തസമാനപ്രതികരണത്തോടെ നില്ക്കുന്ന ഇയ്യോബിന്റെ വാക്കുകള്‍ അതിന്റെ ഗാംഭീര്യംകൊണ്ട് നമ്മെ സ്തബ്ദ്ധരാക്കുന്നു- “നഗ്നനായി ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭത്തില്‍ നിന്നും പുറപ്പെട്ടുവന്നു. നഗ്നനായിത്തന്നെ മടങ്ങിപ്പോകും. കര്‍ത്താവ് തന്നു, കര്‍ത്താവ് എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ”!
എന്നാല്‍ അടുത്തഘട്ടത്തിലേക്കെത്തുമ്പോള് സ്ഥിതി ഏറെ വഷളാവുന്നു. അതുവരെ ഇയ്യോബിനുചുറ്റിലും ഇയ്യോബിനുള്ളവരിലും ഒതുങ്ങിനിന്ന ദുരന്തങ്ങള്‍ ഇയ്യോബെന്ന വ്യക്തിയെ തേടിയെത്തുന്നു. നഖശിഖാന്തം പരുക്കള്‍ ബാധിച്ച് അതിവേദനയാല്‍ അയാള്‍ പുളഞ്ഞു. നീരുനിറഞ്ഞ ഒരു പരുവന്നാല് തന്നെ അതിന്റെ വേദന അസഹ്യമെന്ന് നമുക്കറിയാം. അപ്പോള്‍ അടിമുടിപരുക്കള് നിറഞ്ഞാല്‍ ആ മനുഷ്യന്റെ അവസ്ഥ എത്രവ്രണിതമായിരിക്കും. അതികഠിനവേദനയാല് നാവ് കടിച്ചമര്‍ത്തി വിവസ്ത്രനായി ചാരത്തില്‍ ഇരിക്കുന്ന ആ മനുഷ്യന്. ഏതാനും ദിവസംമുമ്പ് അദ്ദേഹം ഒരു പ്രഭുവായിരുന്നു. ആജ്ഞാനുവര്‍ത്തികളായ അനുചരവൃന്ദം കാത്തുനിന്നിരുന്നു. പത്ത് സല്‍ഗുണസമ്പന്നരായ മക്കള്‍ അദ്ദേഹത്തിന്റെ ശക്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജധാനി ശൂന്യമാണ്. മക്കള്‍ ഓര്‍മ്മയായി മാറിയിരിക്കുന്നു. ഭാര്യപോലും കൈയൊഴിഞ്ഞു. അന്തരീക്ഷംപോലും ശോകമൂകമായി. ഇടക്കുവീശുന്ന കാറ്റുപോലും ഇയ്യോബിന് പകരുന്നത് വേദനമാത്രം. വാക്കുകള്‍ക്കും വിവരണത്തിനും പിടിതരാത്ത വേദന.
എന്തുകൊണ്ട്? ഈ ചോദ്യം ചോദിക്കാന്‍ ഇയ്യോബിലും അര്‍ഹത ആര്‍ക്കാണുള്ളത്? ഒരിക്കല്‍ ഇയ്യോബിന്റെ കഥ കുഞ്ഞുമകള്ക്കു പറഞ്ഞുകൊടുത്ത ഒരു പ്രശസ്തവക്കീലിന്റെ കഥ കേട്ടിട്ടുണ്ട്. ജോബിന്റെ നഷ്ടങ്ങളുടെയും വേദനയുടെയും കഥ കേട്ട മകള്‍ ചോദിച്ചു ‘ഇത്രയൊക്കെ സംഭവിച്ചിട്ടും എന്താണപ്പാ ഇയ്യോബ് ദൈവത്തിനെതിരെ കേസുകൊടുക്കാത്തത്? ദൈവത്തിനെതിരെ കേസുകൊടുത്താല്‍ മാപ്പ്പറഞ്ഞ് നഷ്ടപരിഹാരം നല്‍കാനുള്ള വകുപ്പ് എന്തായാലും അതിലുണ്ടെന്ന് ആ കുഞ്ഞ് ധരിച്ചുപോയെങ്കില്‍ കുറ്റം പറയാനാകില്ല.
കൂട്ടില്ലാത്ത കൂട്ടുകാര്‍
ഇയ്യോബിന്റെ അവസ്ഥകേട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സുഹൃത്തുകളെത്തുന്നു. അവര്‍ക്ക് കണ്ടിട്ട് സഹിക്കുന്നില്ല. തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിപ്പോയ രൂപം. അവര്‍ വസ്ത്രം വലിച്ചുകീറി, മണ്ണ് വാരി തലക്കുമീതെ വിതറി, ചങ്കുപൊട്ടിക്കരഞ്ഞു. എന്തുപറയണമെന്നറിയാതെ പിന്നെയവര്‍ നിശബ്ദരായി. വിമൂകമായ ഭവനം, വിഷാദം ഘനീഭവിച്ച അന്തരീക്ഷം. വാക്കുകള്‍ തിരിഞ്ഞ് അവര്‍ കാത്തിരുന്നത് ഏഴ് രാപ്പകലുകള്‍.
മൂന്ന് കൂട്ടുകാരാണ് ആദ്യം വന്നത്. നാലാമന് അവസാനമാണ് വരുന്നത്. ഇയ്യോബിന്റെ കൂട്ടുകാര്‍ ഈ പ്രശ്നത്തെ സമീപിച്ചത് ഒട്ടും അടിസ്ഥാനമില്ലാതെയാണ് എന്ന് പറയാനാകില്ല. അതേസമയം അവരുടെ സമീപനത്തില്‍ സഹാനുഭൂതി തരിമ്പുമില്ലായിരുന്നു. ജോബിന്റെ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ശത്രുക്കളെക്കുറിച്ച് ഒന്നുംപറഞ്ഞിട്ടില്ലല്ലേ എന്ന് ഒരാള്‍ ചോദിച്ചുകേട്ടു. ഇതുപോലെ നാല്പേര് കൂട്ടുകാരായുള്ളപ്പോള് പിന്നെയെന്തിന് ശത്രുക്കള്‍ എന്നതായിരുന്നു ഉത്തരം. അവരുടെ ന്യായവാദം ഇതായിരുന്നു. വിശ്വസ്തരും നീതിമാന്മാരുമായ മനുഷ്യര്‍ എക്കാലത്തും അനുഗ്രഹിക്കപ്പെടും. ഇയ്യോബ് സങ്കപ്പെടുന്നുണ്ടെങ്കില് അതിനര്‍ത്ഥം വിശ്വസ്തനായിരുന്നില്ല എന്നതാണ്. എന്തായാലും ദീര്‍ഘമായ ‘സുഹൃദ്ദണ്ഡനം’ കഴിഞ്ഞപ്പോഴേക്കും ഇയ്യോബ് വല്ലാത്തൊരു പരുവമായി. അശനിപാതം പോലെ തുരുതുരാവീണ കുറ്റപ്പെടുത്തലും ആക്ഷേപവും ആരോപണവുമെല്ലാം ആ തകര്‍ന്ന ഹൃദയത്തെ വീണ്ടും തകര്‍ത്തു. ഉണങ്ങിത്തുടങ്ങിയ വൃണങ്ങളെ അവര്‍ വീണ്ടും കുത്തിനോവിച്ചു. ഇടക്കുപിണങ്ങിയും നീരസംകാണിച്ചും ആക്ഷേപഹാസ്യം ചൊരിഞ്ഞും അവര്‍ ‘ആശ്വസിപ്പിക്കല്‍’തുടര്‍ന്നു.
അവരുടെ ഹൃദയശൂന്യതയെ ജോബ് ശക്തമായിത്തന്നെ കൈകാര്യം ചെയ്തു. ഇടക്ക് സഹികെട്ട് അദ്ദേഹം പറഞ്ഞു. “ഓഹോ, നിങ്ങള്‍ മാത്രമാണ് വിവരമുള്ള ആളുകള്‍, നിങ്ങള്‍ മരിച്ചാല്‍ ജ്ഞാനം മരിക്കും(12:2). ദൈവം നീതിമാന് അതുകൊണ്ട് നീതിമാനായ മനുഷ്യന് അനുഗ്രഹിക്കപ്പെടും. എന്ന ഋജുവായ ന്യായീകരണത്തിന് ശക്തമായ എതിര്‍വാദങ്ങളും ഇയ്യോബ് നിരത്തി. കുപ്രസിദ്ധരായ പലരും അഭിവൃദ്ധിയുള്ള ജീവിതം നയിക്കുന്നത് കാണുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ദൈവത്തിനെതിരായ എന്തെങ്കിലും അതിക്രമം ചെയ്തതായി ഓര്‍മ്മിക്കുന്നില്ലെന്നും അല്ലെങ്കില്‍ ഏറ്റുപറയാമായിരുന്നു എന്നും തികഞ്ഞ ആത്മാര്‍ത്ഥതയോടെ ഇയ്യോബ് പറഞ്ഞു. ദൈവം തന്റെ കേസ് കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും, ഇങ്ങനയല്ല താന്‍ ദൈവത്തെക്കുറിച്ച് പ്രതീക്ഷിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.
അവസാനം ഉത്തരം
ആദ്യം വന്ന മൂന്ന്പേരുടെ മൂന്ന് റൗണ്ട് വീതമുള്ള വാദങ്ങള്‍.. ഇതിനൊക്കെ ഇയോബ്ബിന്റെ ദീര്‍ഘമായ പ്രതിവാദങ്ങള്‍. അവസാനമെത്തിയ എലീഹുവെന്ന ചെറുപ്പക്കാരന് ആദ്യത്തെ മൂന്നുവയസ്സന്മാരെയും ഇയ്യോബിനെയും ഖണ്ഡിച്ചു നടത്തിയ സുദീര്‍ഘമായ പ്രഭാഷണം പിന്നീട് നടന്നു. ഇയ്യോബിനു മുമ്പില്‍ ഉത്തരംമുട്ടിനിന്ന ചേട്ടന്മാരോട് അദ്ദേഹം കുപിതനായി. പ്രായത്തിന്റെ പരിഗണന നല്കി അതുവരെ നിശബ്ദനായിരുന്ന അയാള്‍ ഘോരഘോരം പ്രസംഗം തുടങ്ങി. ഈ സമയമത്രയും ദൈവം നിശബ്ദനായി നിന്നു. എല്ലാറ്റിനും മൂകസാക്ഷിയായി എല്ലാം അറിയുന്നവന് നിന്നു. അതെ, ദൈവം സംസാരിക്കും – ദൈവത്തിന്റെ സമയത്ത്. ദൈവത്തിന് തിടുക്കമില്ല., വൈകിപ്പോയെന്ന ഭയവുമില്ല. എന്റെ വിലാപങ്ങള്‍ ബധിരവിലാപം പോലെ കേള്‍ക്കേണ്ടവന്‍ കേള്ക്കാതെപോകുന്നുവെന്ന് പറഞ്ഞ ഇയ്യോബിനരികിലേക്ക്, “എനിക്കെതിരെയുള്ള പ്രോസിക്യൂഷന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കൂ”എന്ന് അതിരുകടന്ന ആത്മവിശ്വാസത്താല്‍ പറഞ്ഞുപോയ ഇയ്യോബിനരികിലേക്ക് സാക്ഷാല്‍ ദൈവം നേരിട്ടുവന്നു.
ആ വരവ് പക്ഷേ ഇയ്യോബിന്റെ എല്ലാ സങ്കല്പങ്ങള്ക്കും അപ്പുറത്തുള്ള വരവായിരുന്നു. പതം പറഞ്ഞ് പരിതപിക്കുന്ന വൃണിത ഹൃദയനായ ഒരു മനഷ്യന്. താന്തമായ ആ മനം കൊതിച്ചത് ഒരല്പം ആശ്വാസത്തിനാണ്. അതിന് പിന്നാലെ ഒരു വിശദീകരണവും അവസാനം ഒരു ഖേദപ്രകടനവും ഇയ്യോബ് ദൈവത്തില്‍നിന്നും പ്രതീക്ഷിച്ചു.
സാന്ത്വനത്തിന്റെ മൃദുഭാഷണം പ്രതീക്ഷിച്ചവന് കേട്ടത് കൊടുംങ്കാറ്റിന്റെ ഹുങ്കാരനാദമാണ്. തകര്‍ത്ത്, സമൂലം നശിപ്പിക്കാന്‍ ശേഷിയുള്ള കൊടുങ്കാറ്റ്, അതിലൂടെയാണ് ദൈവം ഇയ്യോബിന് ഉത്തരമേകിയത്. ദൈവത്തിന്റെ വാക്കുകളാണ് ഏറെ വിചിത്രം. ഉത്തരത്തിന് പകരം ദൈവം ചോദിച്ചത് ചോദ്യങ്ങള്‍. തുരുതുരാ ചോദ്യങ്ങള്‍. അഞ്ചും പത്തുമൊന്നുമല്ല, 77 ചോദ്യങ്ങള്‍! ഇപ്പോള്‍ കിട്ടും ഉത്തരം എന്ന് ഉറപ്പിച്ച് ചെവി വട്ടം പിടിച്ച് നില്ക്കുന്ന മനുഷ്യന് അക്കമിട്ട് ചോദ്യങ്ങള്‍ നല്കുന്നു ദൈവം! പാവം ഇയ്യോബ്, 10 റൗണ്ട് സുദീര്‍ഘമായ വാദപ്രതിവാദം കഴിഞ്ഞ് തൊണ്ടയിലെ വെള്ളവും വറ്റി ഭഗ്നാശനായി ഇരിക്കുമ്പോളാണ് ശ്വാസം വലിക്കാന്‍ പോലും ഇടതരാതെ ചോദ്യശരങ്ങളുമായി ദൈവവും വരുന്നത്!
യേശുക്രിസ്തുവും ഇതുപോലെ ചോദ്യങ്ങളുമായി അടുക്കലെത്തിയവരോട് മറുചോദ്യം ചോദിക്കുന്നതായി നാം കാണുന്നു. ദൈവത്തിനുത്തരം മുട്ടിയതുകൊണ്ടല്ലല്ലോ മറുചോദ്യം തൊടുക്കുന്നത്. അപ്പോള്‍ ചോദ്യകര്‍ത്താവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ സാംഗത്യമെന്തായിരിക്കും? മറുചോദ്യങ്ങള്‍ ചോദ്യകര്‍ത്താവിന്റെ മനസ്സിനെ ഒരുക്കാനും ചിന്തകള്‍ ഉണര്‍ത്താനും ഉന്നയിക്കുന്ന ചോദ്യത്തിന്റെ ഗൗരവം മനസ്സിരുത്തി ആലോചിക്കാനും ഇട നല്കുന്നു. മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ ഉപദേശപരമായ തത്വാധിഷ്ഠിതമായ ഉത്തരങ്ങള്‍ നല്‍കുന്നതിലും എന്തുകൊണ്ടും മികച്ചത് ചോദ്യകര്‍ത്താവിന്റെ മനസ്സില്‍തന്നെ അനുബന്ധചോദ്യങ്ങള്‍ ഉണര്‍ത്തി ദൈവത്തേക്കുറിച്ചും ജീവിതത്തേക്കുറിച്ചും യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ഉള്ള അവരുടെ തന്നെ കാഴ്ചപ്പാടുകളെ പരിശോധിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ്. അപ്പോള്‍ അവര്‍ക്ക് സ്വയമായി അബദ്ധങ്ങള്‍ തിരിച്ചറിയാനും വിശ്വാസത്തില്‍ സ്ഥൈര്യം ഉണ്ടാവാനും വഴിതെളിയും. അല്ലെങ്കില്‍ മറ്റുള്ളവരുടെ വിശ്വാസം കടമെടുക്കുന്ന അവസ്ഥവരും. മറുചോദ്യങ്ങള്‍ ഉയര്‍ന്നാലേ പ്രശ്നത്തിന്റെ വിവിധവശങ്ങള്‍ തെളിഞ്ഞുവരികയുള്ളൂ. പരമ്പരാഗത വിശ്വാസത്തിന്റെ ഉപരിപ്ലവത തിരിച്ചറിയാന്‍ മറുചോദ്യങ്ങള്‍ വേണം. ചോദ്യങ്ങള്‍ ചോദിക്കുന്നതിനെ ദൈവം ഒരിക്കലും വിലക്കിയിട്ടില്ലെന്നോര്ക്കണം. ഇയ്യോബ് ചോദ്യം ചോദിച്ചത് തെറ്റാണെന്ന് ദൈവം ഒരിക്കലും പറഞ്ഞില്ല. പകരം ഒരു പിടി മറുചോദ്യങ്ങള്‍ ഉയര്‍ത്തി. അദ്ദേഹം കാണാന്‍ വിട്ടുപോയ വശങ്ങള് വ്യക്തമാക്കിക്കൊടുക്കുകയാണ് ദൈവം ചെയ്തത്. വിശ്വാസത്തെ പരീക്ഷിക്കാനും തത്വങ്ങളെ അനുഭവത്തിലൂടെ സാധൂകരിക്കാനും അതുവഴി വ്യക്തമായ നിലപാടുകളും സന്തുലിതവും പരിപക്വവുമായ ആത്മിക സ്വത്വം രൂപീകരിക്കാനും ചോദ്യങ്ങള്‍ സഹായിക്കുന്നു.
ദൈവം ഇയ്യോബിനോട് ചോദിച്ച ചോദ്യങ്ങളെ പ്രധാനമായും രണ്ട് ഗണത്തില്‍പെടുത്താം. മനുഷ്യന്റെ അറിവും ജ്ഞാനവും സംബന്ധിച്ചവയും മനുഷ്യന്റെ ശക്തിയും അധികാരവും സംബന്ധിച്ചവയും. പ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യങ്ങള്‍ മുതല്‍ ആകാശം, ഭൂമി, നക്ഷത്രങ്ങള്‍, വെളിച്ചം, ഇരുള്, മഴ, കാറ്റ്, ഇടിമിന്നല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നിനക്കുണ്ടോ എന്നും ദൈവം ചോദിക്കുന്നു. മൃഗങ്ങള്‍, പക്ഷികള്‍ മത്സ്യങ്ങള്‍ തുടങ്ങിയ മറ്റുജീവജാലങ്ങളെക്കുറിച്ചുള്ള ഇയ്യോബിന്റെ അറിവിന്റെ പരിമിതി ദൈവം തുറന്നുകാണിക്കുന്നു. അവയുടെ ഭക്ഷണം ജീവിതം, പ്രജനനം എന്നിവ ഇയ്യോബിന്റെ ശേഷിക്കും അധികാരപരിധിക്കും അപ്പുറത്താണെന്ന് ദൈവം വ്യക്തമാക്കുന്നു. അറിയാമോ, കണ്ടിട്ടുണ്ടോ, കഴിവുണ്ടോ, അധികാരമുണ്ടോ എന്നീ പ്രയോഗങ്ങള്‍ ആവര്‍ത്തിച്ചുന്നയിക്കുന്നു.
ദൈവം ഉയര്‍ത്തിവിട്ട ചോദ്യങ്ങളുടെ പെരുമഴക്ക് മുമ്പില്‍ ഉത്തരമേതുമില്ലാതെ നിശബ്ദനായി ഇയ്യോബ് നിന്നു. എതിരാളിയെ മലര്‍ത്തിയടിക്കാമെന്ന ആത്മവിശ്വാസത്താല്‍ രണഭൂമിയിലിറങ്ങി അവസാനം ഒരമ്പുപോലും തൊടുക്കാനാകാതെ നില്ക്കുന്ന യോദ്ധാവിനെപോലെ നിസ്സഹായനായി.
പ്രതിസന്ധികള്‍ക്കും തിരിച്ചടികള്‍ക്കും മുമ്പില്‍ പതറി ഉത്തരവും വിശദീകരണവും പ്രതീക്ഷിച്ച് ഏക്കാലത്തും ദൈവത്തിനടുത്തേക്ക് വരുന്ന മനുഷ്യരുടെ പ്രതിനിധിയാണ് ഇയ്യോബ്. അതുകൊണ്ട് തന്നെ അവന് ഏറ്റവും പുരാതനനും ആധുനികനുമാണ്. കോവിഡ് 19ന്റെ പ്രഹരത്തില്‍ പകച്ചുപോയ നമ്മുടെ പ്രതിനിധിയുംകൂടെയാണ് ഇയ്യോബ്.
ചോദ്യങ്ങളിലെ ഉത്തരങ്ങള്‍
എന്തുകൊണ്ട് പ്രതിസന്ധികള്‍ ഉണ്ടാകുന്നുവെന്നതിനും നീതിമാന്മാരും നിഷ്കളങ്കരും എന്തുകൊണ്ടു ദുരിതമനുഭവിക്കുന്നുവെന്നും ചോദിക്കുന്ന ഇയ്യോബിന് ഒറ്റവാക്കിലൊരു ഉത്തരം ഒന്നും ദൈവം കൊടുത്തില്ല. പകരം നിരവധി ചോദ്യങ്ങളിലൂടെ സ്വന്തമായ ഉത്തരത്തിലേക്ക് വരാന്‍ അദ്ദേഹത്തെ ദൈവം സഹായിച്ചു.
ചോദ്യങ്ങളിലൂടെ ഉത്തരം നല്കിയ ദൈവം ഇയ്യോബിനോട് പറഞ്ഞ ഒരു കാര്യം ഇതാണ് ; ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ നിത്യജീവിതത്തിലുണ്ട്. എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ അറിയാത്ത നിരവധി കാര്യങ്ങളില്‍ ആശ്രയിച്ചാണ് നിന്റെ ജീവിതം മുന്നോട്ട് പോകുന്നത്. ഉത്തരമില്ലെന്ന് കരുതി ആ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനും അവയുമായി ഒത്തിണങ്ങി ജീവിക്കാനും നിനക്ക് പ്രയാസമൊന്നുമില്ല. പൂര്‍ണ്ണമായി മനസ്സിലായ കാര്യങ്ങളേ സ്വീകരിക്കൂ എന്നു നിര്‍ബന്ധമില്ലെന്ന് തെളിഞ്ഞനിലക്ക് നിന്റെ ജീവിതത്തെ സംബന്ധിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെന്ന് ശഠിക്കുന്നതെന്തിന്?
ദൈവം ചോദിച്ച ചോദ്യങ്ങളില്‍ പലതും മനുഷ്യജീവിതവും ചുറ്റുമുള്ള ലോകവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങളാണ്. ആ പ്രാഥമിക ചോദ്യങ്ങള്ക്ക്പോലും ഇയ്യോബിന് ഉത്തരമില്ല. അപ്പോള്‍ പിന്നെ ഗഹനമായ ഉത്തരങ്ങള്‍ വേണമെന്ന് വാശിപിടിക്കാനാകില്ല എന്നാണ് ദൈവം പറയുന്നത്.പ്രൈമറി സ്ക്കൂള് പാസാകാത്തയാള് പി എച്ച് ഡി വേണമെന്ന് പറയുന്നത് പോലെ ബാലിശമാണത്. ഇയ്യോബിനോട് വാദിച്ച കൂട്ടത്തില്‍ സര്വ്വശക്തന് ചോദിച്ച ഒരു ചോദ്യമുണ്ട്: മഴയുടെ അപ്പനാരാണ്? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാരാണ്? വെള്ളം മനുഷ്യജീവിതത്തില്‍ എത്ര അനിവാര്യമാണെന്ന് നമുക്കറിയാം. എന്നാല്‍ വെള്ളം കുടിക്കുമ്പോഴോ വെള്ളമെടുത്ത് മുഖം കഴുകുമ്പോഴോ വെള്ളം ആരുണ്ടാക്കി എന്ന് ചോദിച്ചിട്ടുണ്ടോ? ഈ അണ്ഡകടാഹത്തില്‍ ഭൂമിയൊഴികെ മറ്റൊരു ഗോളത്തിലും വെള്ളമില്ലെന്ന യാഥാര്‍ത്ഥ്യം കൂടി ഈ സമയത്ത് നാമോര്‍ക്കണം. എങ്ങനെയുണ്ടായി എന്നറിയില്ലെങ്കിലും വെള്ളം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം അനവധി കാര്യങ്ങള്‍ ഒരു ചോദ്യവും കൂടാതെ നാം അംഗീകരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം ഇയ്യോബിന്റെ കണ്ണുതുറപ്പിച്ചു. ജീവിതത്തിലെ പ്രതിസന്ധിക്കൊഴികെ ബാക്കിയെല്ലാത്തിനും ഉത്തരമുണ്ട്. ഇതുകൂടി അറിഞ്ഞാല്‍ മതി എന്നമട്ടിലാണ് മനുഷ്യന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ നമ്മുടെ അറിവിന്റെ പരിമിതി ദൈവത്തിന്റെ മറുപടിയില്‍ വ്യക്തമായി തെളിഞ്ഞുവരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ കാര്യകാരണങ്ങള്‍ അറിയണമെന്ന് നിര്‍ബന്ധമില്ല.
കണക്കല്ല ജീവിതം
വളരെ എളുപ്പത്തില്‍ കാര്യകാരണങ്ങള്‍ വിശദീകരിക്കാന്‍ ആവുന്നതിലും സങ്കീര്‍ണ്ണമാണ് ജീവിതം എന്ന് ദൈവം ഇയ്യോബിനോട് പറയുന്നു. കണക്കുപുസ്തകത്തിലെ അക്കങ്ങള്പോലെ എപ്പോള്‍ കൂട്ടിയാലും കുറച്ചാലും ഒരേ ഉത്തരം തരുന്ന ഒരു ലളിത ബീജഗണിതപ്രശ്നമല്ല ജീവിതം. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഓരോ ജീവിതവും വിലപ്പെട്ടതാണ്. ജീവിതങ്ങളുടെ ഉടയവനും നിയന്താവുമായുവന് നിര്‍ണ്ണയിക്കുന്നതാണ് ജീവിതത്തില്‍ നടക്കുന്നത്. ആ ഉത്തരങ്ങള്‍ മനുഷ്യന് അറിയാനാകുന്നതിലും സങ്കീര്‍ണ്ണമാണ്. ഒരാളുടെ ജീവിതത്തില്‍ സംബന്ധിച്ച കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ രണ്ടിനും ഒരേ കാരണമാണെന്നും ഒരേ ലക്ഷ്യമാണെന്നും പറയുന്നത് വളരെ ലളിതമായ ഉത്തരമാകും. ഈ പ്രപഞ്ചത്തിലെ സമസ്ത ചരാചരങ്ങളേയും അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളോടും കൂടെ നിയന്ത്രിച്ച് എല്ലാറ്റിനും അര്‍ത്ഥവും ലക്ഷ്യവും നിര്‍ണ്ണയിക്കുന്ന ദൈവത്തില്‍ ജീവിതം ഭരമേല്പിക്കുകയാണ് ഏറ്റവും കരണീയം എന്ന് ഇയ്യോബിന് വ്യക്തമായി.
തെല്ലുമില്ല കഴിവ്
ഇയ്യോബിന് നല്കിയ ഉത്തരത്തില്‍ അദ്ദേഹത്തിന്റെ ശേഷിയും അധികാരവും കഴിവുമൊക്കെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ദൈവം. ഇയ്യോബിരിക്കുന്ന വീട്ടുമുറ്റത്തിനപ്പുറം പറന്നു നടക്കുന്ന കാക്കകളെ ചൂണ്ടിക്കാട്ടി ദൈവം ചോദിക്കുന്നു ‘നിയാണോഇവയ്ക്ക് ഭക്ഷണം നല്‍കുന്നത്” എന്ന്. ഏറ്റവും ചെറുതെന്നു തോന്നുന്ന കാര്യംപോലും മനുഷ്യന്റെ നിയന്ത്രണത്തിലല്ല. അവന്റെ അധികാരപരിധി തുലോം പരിമിതമാണ്. ചുറ്റുമുള്ള ചെറിയകാര്യങ്ങളില്‍ പോലും നിയന്ത്രണം സാധിക്കാത്ത മനുഷ്യന്റെ അശക്തി ഇയ്യോബിന് പകല്‍പോലെ വ്യക്തമായി. സര്വ്വശക്തന് എന്ന വാക്കിന്റെ അര്‍ത്ഥം മനുഷ്യന് മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അതിബ്രഹത്തായ ഈ പ്രപഞ്ചവും അതിലെ സമസ്തചരാചരങ്ങളും ഒരുവനെ അനുസരിക്കുന്നു. മിന്നല്‍ അവിടുത്തെ ആജ്ഞക്കായി കാത്തുനില്ക്കുന്നു. അവിടുന്ന് അയക്കുന്ന ഇടങ്ങളിലേക്ക് കാറ്റ് യാത്രയാകുന്നു. രാശിചക്രങ്ങള്‍ അവന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുന്നു. ആകാശത്തിന്റെ കീഴെയുള്ളതും ആകാശത്തിനപ്പുറമുള്ളതും അവിടുത്തെ വകയാണ്. ഭൂമിക്ക് അടിസ്ഥാനമിട്ടതും സമുദ്രത്തിന് അതിരുകള്‍ നിയമിച്ചതും അവിടുന്നാണ്. അങ്ങനെയുള്ള ദൈവത്തിന് ഒരു മനുഷ്യന്റെ ജീവിതത്തിലെ ചെറിയകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവില്ലെന്ന് ചിന്തിക്കുന്നത് ഭോഷത്വമാണെന്ന് ദൈവം ഇയ്യോബിന് തെളിയിച്ചുകൊടുത്തു.
തയ്യാറാക്കിയ തിരക്കഥ
ഇയ്യോബിനോട് സംസാരിച്ച ദൈവം അദ്ദേഹത്തിന് മറച്ചുവെച്ച ഒരു സത്യമുണ്ട്. ഒരു പക്ഷേ അത് കൂടെ താങ്ങാന്‍ ഇയ്യോബിന് ശേഷിയുണ്ടാകില്ല എന്നതുകൊണ്ടാവാം അക്കാര്യം പറയാതിരുന്നത്. മനുഷ്യജീവിതം സംബന്ധിച്ച ചര്‍ച്ചകളും ആലോചനകളും ഭൂമിക്ക് പുറത്ത് നടക്കുന്നതിനെക്കുറിച്ച് ഇയ്യോബിന്റെ പുസ്തകത്തിൻറെ പശ്ചാത്തല വിവരണത്തിൽ നിന്നും നമുക്ക് അറിയാം . നമുക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് നമുക്കറിയാത്ത ഭാഷയില്‍ നടക്കുന്ന ചര്‍ച്ചകളും കൂടിയാലോചനകളും നമ്മുടെ ഭാഗധേയത്തെ നിര്‍ണ്ണയിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ആശ്ചര്യപ്പെടുത്തുന്നു. മനുഷ്യന്റെ വന്യഭാവനയില്പോലും തെളിയാത്ത കാര്യങ്ങള്‍. അവിടെയൊരു വില്ലന്‍ പ്രത്യക്ഷപ്പെടുന്നു. സംവിധായകന്റെ അറിവോടെ നായകന്റെ ജീവിതതിരക്കഥയില് അദ്ദേഹം ചില മാറ്റങ്ങള്‍ വരുത്തുന്നു. എന്നാല്‍ അത് എത്രത്തോളം എന്ന് സംവിധായകന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ശുഭാന്ത്യം സംവിധായകന് ഉറപ്പുവരുത്തിയിട്ടുണ്ട്. തിരക്കഥയറിയാത്ത നായകന് അപ്രതീക്ഷിത വഴിത്തിരുവുകളില്‍ അസ്വസ്ഥനാകുന്നു. സംവിധായകന്റെ പ്രാപ്തിയില്‍ അതൃപ്തി രേഖപ്പെടുത്തുന്നു. അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് വിശദീകരണം വേണമെന്ന് ശഠിക്കുന്നു.
അന്ന് ഇയ്യോബിനു പോലും മറച്ചുവെച്ച് നമുക്ക് വെളിപ്പെടുത്തി നല്കിയ സ്വര്‍ഗ്ഗത്തിലെ യുദ്ധമുറിയുടെ ചിത്രം നമ്മുടെ ജീവിതസങ്കല്പങ്ങള്ക്ക് നല്‍കുന്നത് വളരെ മിഴിവാര്‍ന്ന മറ്റൊരു വീക്ഷണകോണാണ്. മുന്‍കൂട്ടി തീരുമാനിച്ച ശുഭകരമായ അന്ത്യം സംവിധായകന് ഉറപ്പാക്കും നിശ്ചയം. (പക്ഷേ വില്ലന്‍ കൊണ്ടുവരുന്ന സസ്പെന്‍സുകള്‍ക്കും ട്വിസ്റ്റുകള്‍ക്കും മുമ്പില്‍ പതറരുത്). അവന് തരുന്ന നിര്‍ദ്ദേശങ്ങള്‍ വിശദീകരണങ്ങള്‍ തെരയാതെ അനുസരിക്കുകയാണ് കരണീയം.
സമയം എന്ന ഘടകം
ദൈവം ദുരിതങ്ങള്‍ അനുവദിക്കുന്നുവെങ്കില്‍ ആ ദൈവം സ്നേഹമുള്ളവനല്ല എന്നും സര്വ്വശക്തനല്ല എന്നും ദൈവവിശ്വാസം തള്ളി ശാസ്ത്രം പറയുന്നത് കേള്‍ക്കുകയാണ് വേണ്ടെതെന്നും പറയുന്ന ധാരാളം പേരെ ഈ സമയത്ത് കാണാം. എന്നാല്‍ ദൈവം നിത്യനാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെയാണ് ആ ആരോപണം ഉയരുന്നത്. സമയം സംബന്ധിച്ചുള്ള അനന്തതയാണ് നിത്യത. ദുരന്തങ്ങള്‍ എല്ലാം അനീതിയാണെന്നും ദോഷമാണെന്നും തീരുമാനിക്കുന്നതിനുമുമ്പ് അതിന് ഇപ്പോള്‍ സമയമായില്ല എന്ന് നാം അംഗീകരിക്കണം. സമയത്തിനുള്ളില്‍ ജീവിച്ച് ഭൂതവും ഇന്നുവരെയുള്ള വര്‍ത്തമാനവും വരെമാത്രം നാം അറിയുമ്പോള്‍ ഇതിനപ്പുറം ഭാവിയുണ്ടെന്നും നിത്യതയാണ് എല്ലാറ്റിന്റെയും ന്യായാന്യായങ്ങള്‍ക്ക് വിധിപറയാനുള്ള വേദിയെന്നും മറക്കരുത്. ഇപ്പോള്‍ നാം തിന്മയെന്നു കരുതുന്നവ ആത്യന്തികമായി അങ്ങനെയാകണമെന്നില്ല. സമയത്തിനുമുമ്പേ വിധിക്കാതെ പ്രത്യാശകൈവിടാതെ ദൈവത്തില്‍ ആശ്രയിക്കുക. പരിണാമഗുപ്തി നിത്യനായകന്‍ കൊണ്ടുവരും.
വിശ്വാസത്തിന്റെ പിന്നിലെ രഹസ്യം
ദുരിതങ്ങള്‍ ഉണ്ടാവുന്നതിന്റെ പിന്നിലെ ഒരു കാരണം വിശ്വാസത്തിന്റെ തനിമ പരിശോധിക്കലാണെന്ന് ഇയ്യോബിന്റെ ജീവിതം വ്യക്തമാക്കുന്നു. വില്ലനായ സാത്താന് ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് തെളിയിക്കാന്‍ ശ്രമിച്ച ഒരു കാര്യമുണ്ട്: ദൈവം അനുഗ്രഹങ്ങളെ നിഷേധിച്ചാല്‍ ജോബ് ദൈവത്തെ തള്ളിപ്പറയും. അനുഗ്രഹങ്ങള്‍ വാരിക്കോരി നല്കി വശത്താക്കിവെച്ചിരിക്കുന്നത്കൊണ്ടാണ് മനുഷ്യര്‍ക്ക് ദൈവത്തോടിത്ര സ്നേഹം. അല്ലാതെ ദൈവത്തെ ദൈവമെന്നോര്‍ത്ത് അംഗീകരിച്ച് അനുസരിക്കുന്ന മനുഷ്യനില്ല. ഈ സിദ്ധാന്തം ഇയ്യോബിന്റെ ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു സാത്താന്റെ ശ്രമം. പ്രതിസന്ധികളും ദുരിതങ്ങളും നമ്മുടെ വിശ്വാസത്തിന്റെ പരിശുദ്ധി തെളിയിക്കാനും കൂടിയാണെന്ന് മറക്കാതിരുന്നാല്‍ സന്നിഗ്ദ്ധഘട്ടങ്ങളില് ധൈര്യം ചോരാതെ നില്ക്കാനാകും. ഈ ഗൂഢ ലക്ഷ്യം ഇയ്യോബിന് അറിയില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്നേഹം കലര്പ്പില്ലാത്തതായിരുന്നതിനാല് ആ തന്ത്രത്തില്‍ വീണില്ല.
തിരിച്ചറിയാം, തിരികെ ചെല്ലാം
ദൈവത്തോട് കടുത്തപരിഭവത്തോടെ കടലോളം കദനത്തോടെ പരാതിപറഞ്ഞ ഇയ്യോബ് എന്ന മനുഷ്യന് അവസാനം അദ്ദേഹത്തിന്റെ നിലപാടുകളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞു. സ്വന്തം പരിമിതി അംഗീകരിച്ച അദ്ദേഹം ദൈവത്തിന്റെ അനന്തമായ ജ്ഞാനത്തിനും അപരിമേയമായ ശക്തിക്കും മുമ്പില്‍ അടിയറവ് പറഞ്ഞു. സര്‍വ്വശക്തന്റെ മുമ്പില്‍ തന്റെ തൊടുന്യായങ്ങളും ആത്മരോഷവും ഉരുകിയില്ലാതാക്കുന്ന കാഴ്ചകണ്ടു ശിരസ്സുകുനിച്ചു. വലിയ സങ്കീര്‍ണ്ണ ചോദ്യങ്ങള്‍ക്ക് ലളിതമായ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണെന്ന് അംഗീകരിച്ചു. അഖിലാണ്ഡത്തിന്റെ അധിപതിക്കുമ്പില് ഈ ഹ്രസ്വജീവിതം സമര്‍പ്പിക്കുകയാണ് ബുദ്ധിയുള്ള തീരുമാനമെന്ന് അദ്ദേഹം മനസ്സിലാക്കി.
അപ്രതീക്ഷിതവും അനിതരസാധാരണവുമായ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ ഗതിയില്ലാതെ നില്ക്കുമ്പോള് ദൈവത്തിനരികിലേക്ക് തിരിച്ചുവരാം – ഇയ്യോബിന്റെ പുസ്തകം നല്കുന്നതുപോലെ ശുഭകരമായൊരു പര്യവസാനം നിശ്ചയം.
A comforting article, and an encouragement to read the book of Job……