മാനസാന്തരങ്ങള്‍ എന്നും ലോകത്തിന്റെ ശ്രദ്ധാവിഷയങ്ങളാണ്. എന്നാല്‍ താത്വികലോകത്തെ സമൂലം ഞെട്ടിച്ച ഒരു മാനസാന്തരമായിരുന്നു ആന്റണി ഫ്ളൂ എന്ന ലോകപ്രശസ്ത നിരീശ്വരചിന്തകന് 80-ാം വയസ്സില്‍ ഈശ്വരവിശ്വാസത്തിലേക്ക് ചുവടുമാറ്റം നടത്തിയത്.
ഓക്സ്ഫോര്‍ഡിലെ പ്രസിദ്ധമായ സോക്രട്ടിക് ക്ലബ്. ഇഗ്ലണ്ടിലെ ബുദ്ധിരാക്ഷസന്മാര് കൊമ്പുകോര്‍ക്കുന്ന ചൂടന്‍ ചര്‍ച്ചാവേദി. അദ്ധ്യക്ഷന്‍: ഇരുപാതാം നൂറ്റാണ്ടുകണ്ട ഏറ്റവും പ്രഗത്ഭനായ ക്രിസ്തീയ ചിന്തകനും ഓക്സ്ഫോഡിലെ പ്രാഫസറുമായ സാക്ഷാല്‍ സി. എസ്സ് ലൂയിസ്. പ്രമുഖ വാഗ്വാദവിഷയം: ദൈമവവിശ്വാസമോ നിരീശ്വരതയോ യുക്തിസഹം. രണ്ടാംലോകമഹായുദ്ധകാലത്ത് സഖ്യശക്തികളുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജപ്പാനില്‍ സേവനം ചെയ്തശേഷം ഓക്സ്ഫഡില്‍ തത്വശാസ്ത്രം പഠിക്കാനെത്തിയ ഒരു യൗവ്വനക്കാരനും ഈ താത്വികചര്ച്ചകളില് സജീവ പങ്കാളിയായിരുന്നു. 1950 ല്‍ ‘തിയോളജിയും ഫാള്സിഫിക്കേഷനും ‘ എന്ന പേരില്‍ ഒരു പ്രബന്ധം ക്ലബില്‍ അദ്ദേഹം അവതരിപ്പിച്ചു. നിരീശ്വരലോകം ഏറെ പുകഴ്ത്തിയ ഈ പ്രബന്ധത്തോടൊപ്പം ദൈവനിഷേധത്തിന്റെ ഒരു താത്വികാചാര്യന്‍ ജന്മമെടുക്കുകയായിരുന്നു; ഈശ്വരവിശ്വാസികളുടെ ഭാഷയില്‍ “20-ാം നൂറ്റാണ്ടിലെ ഏറ്റവും ‘കു’പ്രസിദ്ധനായ നിരീശ്വരവാദി.” ആന്റണി ജെറാര്‍ഡ് ന്യൂട്ടന് ഫ്ളൂ.
താത്വികഗുരു
മെതഡിസ്റ്റ് സഭാ ശുശ്രൂഷകനായിരുന്ന റോബര്‍ട്ട് ന്യൂട്ടന് ജെറാര്‍ഡിന്റെ മകനായി 1923 ലാണ് ഫ്ളൂ ജനിച്ചത്. മാതാപിതാക്കളുടെ വിശ്വാസപാരമ്പര്യം തിരസ്കരിച്ച് ഫ്ളൂ 15-ാം വയസ്സില്‍ ദൈവമില്ല എന്ന് ഉറപ്പിച്ചു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ‘വളരെ പെട്ടെന്നുള്ളതും, വളരെ എളുപ്പമായിതോന്നിയതും പിന്നീട് തെററാണെന്ന് ബോധ്യമായ കാരണങ്ങളാലുള്ള ഒരു തീരുമാനം.’ ഓക്സ്ഫര്ഡിലെ തത്വശാസ്ത്രപഠനശേഷം 1949 ല്‍ അവിടെത്തന്നെ അദ്ധ്യാപകനായി ചേര്‍ന്ന ഫ്ളൂവിന്റെ അദ്ധ്യാപനമണ്ഡലം ആബര്‍ഡീന്‍, കീല്, കാല്‍ഗറി, റീഡിഗ്, കാനഡയിലെ യോര്‍ക്ക് എന്നീ പ്രശസ്ത യൂണിവേഴ്സിറ്റികളിലേക്ക് വളര്‍ന്നു. തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, അദ്ധ്യയനരീതികള്‍, പരിണാമസിദ്ധാന്തം, രാഷ്ട്രമീമാംസ, സാമൂഹ്യനീതി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ മൂപ്പതോളം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത ഫ്ളൂ ഏറ്റവും അറിയപ്പെട്ടത് നിരീശ്വരവാദത്തിന്റെ നൂറ്റാണ്ടുകണ്ട ഏറ്റവും പ്രമുഖ വക്താവായിട്ടാണ്; 21-ാം നൂറ്റാണ്ടിന്റെ ആരംഭംവരെ.
1940-50 കളില്‍ സൊക്രാട്ടിക് ക്ലബിലെ ചര്‍ച്ചകളില്‍ തിളങ്ങിനിന്ന സി എസ് ലൂയിസിന്റെ ധിഷണാവൈഭവത്തോട് ഫ്ളൂവിന് നല്ല മതിപ്പായിരുന്നു. എന്നാല്‍ ദൈവാസ്തിക്യം തെളിയിക്കുവാന്‍ ആസ്തികചിന്തകര് ഉന്നയിച്ച സത്താവാദം (ontological argument) കാര്യകാരണവാദം (causal argument) ധാര്‍മ്മികവാദം (moral argument) മുതലായവയൊന്നും യുക്തിസഹമായി ഫ്ളൂവിന് തോന്നിയില്ല. ശരിയെന്നോ, തെറ്റെന്നോ തെളിയിക്കുവാന്‍ നിവൃത്തിയില്ലാത്തതരം പ്രസ്താവനവകകളുടെ കൂട്ടത്തിലാണ് ദൈവം ഉണ്ട്, ദൈവം സ്നേഹിക്കുന്നു, മരണാനന്തരജീവിതം ഉണ്ട് മുതലായ ആത്മീയ പ്രസ്താവനകളെ അദ്ദേഹം ഉള്‍പ്പെടുത്തിയത്.
ദൈവം ഇല്ല!
നിരീശ്വരവാദികള്‍ ഒരുപാട് ഏറ്റുപറഞ്ഞ ഫ്ളൂവിന്റെ പ്രസിദ്ധമായ ഉപമ അതു വിശദീകരിക്കുന്നു: “പണ്ടൊരിക്കല്‍ രണ്ടു ഗവേഷകര്‍ വനത്തിനുള്ളിലൊരു തുറസ്സായ സ്ഥലത്തെത്തി. അവിടെ പലതരം ചെടികളും പുഷ്പങ്ങളും വളര്‍ന്നിരുന്നു. ഒരാള്‍ പറഞ്ഞു “ഏതെങ്കിലുമൊരു തോട്ടക്കാരന് ഈ സ്ഥലം പരിരക്ഷിക്കുന്നുണ്ടാകണം.” എന്നാല്‍ മറ്റെയാള്‍ സമ്മതിച്ചില്ല; ഒരു തോട്ടക്കാരനുമില്ല”. അവര്‍ അവിടെ ഒരു കൂടാരം കെട്ടി നിരീക്ഷിക്കാന്‍ ആരംഭിച്ചു. തോട്ടക്കാരന് വന്നില്ല. “ഒരു പക്ഷേ അദൃശ്യനായി വരുന്ന തോട്ടക്കാരനായിരിക്കാം. ” വിശ്വാസി പറഞ്ഞു. അതറിയാന്‍ അവര്‍ മുള്ളുകമ്പി്കൊണ്ട് വേലികെട്ടി, അതില്‍ ഇലക്ട്രിസിറ്റി കടത്തിവിട്ടു. മണം പിടിക്കാന്‍ വേട്ടനായ്ക്കളെയും സജ്ജമാക്കി നിര്‍ത്തി. എന്നാല്‍ ആരും ഷോക്കേറ്റ് അലറിയില്ല. കമ്പികള്‍ ഒരിക്കലും അനങ്ങിയില്ല. വേട്ടനായ്ക്കള്‍ കുരച്ചില്ല. എന്നാലും വിശ്വാസിക്ക് ബോധ്യം വന്നില്ല. ‘ഒരു തോട്ടക്കാരനുണ്ട്: അദൃശ്യനായ അസ്പര്ശനായ, മണമില്ലാത്ത, ശബ്ദമുണ്ടാക്കാത്ത ഒരു തോട്ടക്കാരന് രഹസ്യമായി വന്ന് അവന്റെ പ്രിയപ്പെട്ട ഈ തോട്ടം പരിരക്ഷിക്കുന്നുണ്ട്. ” മടുത്ത് സംശയാലു പറഞ്ഞു. “നീ പറയുന്നതിന് ഇനി എന്തു പ്രസക്തിയാണുള്ളത്. നീപറയുന്ന അദൃശ്യനും, അസ്പര്ശനും നമ്മുടെ കണ്ണില്‍പെടാതെ എന്നും മാറി നില്ക്കുന്നവനുമായ ഈ തോട്ടക്കാരന് വെറും സാങ്കല്പികനായ തോട്ടക്കാരനില്‍ നിന്നോ, ഇല്ലാത്തവനായ തോട്ടക്കാരനില്നിന്നോ എങ്ങനെയാണ് വ്യത്യസ്തനായിരിക്കുന്നത്?” വിശേഷണങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നാല്‍ ഇല്ലാത്തവനെയും ഇല്ലെന്നു സ്ഥാപിക്കുവാന്‍ കഴിയുകയില്ല എന്ന് ഫ്ളൂ വാദിച്ചു.
നാസ്തിക ചിന്തകര്‍ പാഠപുസ്തകമാക്കിയ “ദൈവവും തത്വശാസ്ത്രവും (God & Philosophy ) എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതി: “ദൈവം ഉണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഒന്നും ഇല്ലാതിരിക്കുന്നിടത്തോളം നാം ദൈവം ഇല്ല എന്ന മുന്‍ധാരണയില്‍ ഉറച്ചുനില്‍ക്കണം. ” ദൈവമുണ്ടെന്നതിന് തെളിവുനല്‍കാനുള്ള ബാധ്യത ആസ്തികര്ക്കാണ് എന്നദ്ദേഹം വെല്ലുവിളിച്ചു. മാത്രമല്ല പരിണാമവാദം പോലുള്ള സിദ്ധാന്തങ്ങളുടെയും നിലവിലെ ശാസ്ത്രധാരണകളുടെയും അടിസ്ഥാനത്തില്‍ പ്രപഞ്ചത്തെ വിശദീകരിക്കാമെന്നിരിക്കെ ദൈവത്തെ സങ്കല്പിക്കേണ്ട ഒരാവശ്യവും മനുഷ്യനില്ല. ഗോലിയാത്ത് ഇസ്രയേലിന്റെ നേരെയെന്നപോലെ നാസ്തികലോകം ഫ്ളൂവിന്റെ ഈ വെല്ലുവിളികള്‍ ഏറ്റുചൊല്ലുമ്പോഴാണ് തീര്‍ത്തും അപ്രതീക്ഷിതമായത് സംഭവിക്കുന്നത്.
മാനസാന്തരം
നാസ്തികരെയും ആസ്തികരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് 2007 ല്‍ ഹാര്‍പ്പര്‍ കോളിന്‍സ് ആന്റണി ഫ്ളൂവിന്റെ അവസാനഗ്രന്ഥം പ്രസിദ്ധീകരിച്ചു: ‘ഒരു ദൈവമുണ്ട് : ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ നിരീശ്വരവാദി മനസ്സുമാറ്റി’ (There is a God. World’s Notorious Atheist Changes Mind.) റോയ് എബ്രഹാം വര്‍ഗ്ഗീസിനോട് ചേര്‍ന്ന് എഴുതപ്പെട്ട ഗ്രന്ഥം നിരീശ്വരലോകത്തുയര്ത്തിയ പ്രകമ്പനം ചെറുതല്ല, പ്രത്യേകിച്ചും റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ “ഗോഡ് ഡെലൂഷനും” ഹിച്ചിന്സിന്റെ ‘ഗോഡ് ഇസ് നോട്ട് ഗ്രെയ്റ്റും’ സാം ഹാരിസിന്റെ ‘ എ ലെറ്റര്‍ റ്റൂ ക്രിസ്ത്യന്‍ നേഷനും ‘ മൊക്കെ ചേര്‍ന്നു അക്രമോത്സുകമായ ഒരു നവനിരീശ്വരതയെ ലോകവ്യാപകമാക്കുന്നതിനിടയിലാണ് നിരീശ്വരതയുടെ താത്വികാചാര്യന്റെ അപ്രതീക്ഷിത മാനസാന്തരം.
പുസ്തകം പുറത്തുവന്നത് ഇക്കാലത്താണെങ്കിലും 2001 മുതല്‍ ഫ്ളൂവിന്റെ അഭിപ്രായവ്യതിചലനം നാസ്തികര്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. 2001 ല്‍ സെക്കുലര്‍ വെബ് എഡിറ്റര്‍ റിച്ചാര്‍ഡ് കാരിയറിന് ‘നിരാശപ്പെടുത്തിയതില്‍ ഖേദമുണ്ട്: എന്നാല്‍ ഞാനിപ്പോഴും ഒരു നാസ്തികനാണ്’ എന്ന പേരില്‍ എഴുതിയ കത്തിലെ ഒരു വാചകം ഉദാഹരണം: “കഴിഞ്ഞ 20 – 30 വര്‍ഷങ്ങളായി ഊര്‍ജ്ജതന്ത്രത്തിലുള്ള വളര്‍ച്ച ദൈവമുണ്ട് എന്ന പഴയ വിശ്വാസ നിലപാടിനെ ഒരളവോളമെങ്കിലും ശരിവെക്കുന്നു എന്നതിലെ ന്യായം ഞാന്‍ തിരിച്ചറിയുന്നു.”
ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകളായ ഗാരി ഹാബര്‍മാസ്, വില്ല്യം ലെയ്ന്‍ ക്രെയ്ഗ്, എല്‍.മിത്ത് മുതലായവരോട് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും ആല്വിന് പ്ലാറ്റിംഗ, റിച്ചാര്‍ഡ് സ്വൈന്‍ബേണ്‍, എന്‍ റ്റി റൈറ്റ്, പോള്‍ഡേവിസ് ആദിയായ എഴുത്തുകാരെ ഗൗരവമായി വായി്ക്കുകയും ചെയ്ത ഫ്ളൂ 2003 ല്‍ പ്രസ്താവിച്ചു; “നിരിശ്വരവാദം ശക്തമായ നിരവധി ചോദ്യചിഹ്നങ്ങളുടെ നടുവിലാണ് നിലകൊള്ളുന്നത്” .
ബൗദ്ധിക സത്യസന്ധത
യുക്തിചിന്തയും ശാസ്തീയ തെളിവുകളുമാണ് ദൈവനിഷേധ നിലപാടിന് ഫ്ളൂവിനെ നിര്‍ബന്ധിച്ചതെങ്കില്‍ അതേ യുക്തിയും ശാസ്ത്രവുമാണ് ദൈവാസ്തിത്വധാരണയിലേക്കും അദ്ദേഹത്തെ തിരിച്ച് നടത്തിയത്. പ്ളേറ്റോയുടെ പ്രസിദ്ധമായ നിയമമായിരുന്നു എക്കാലവും ഫ്ളൂവിന്റെ സത്യാന്വേഷണരീതി. “തെളിവുകള്‍ ഏതു വഴിക്കു നയിക്കുന്നുവോ ആ വഴി പോവുക.” യുക്തിവാദികളില്പ്പോലും അസാധാരണമായി മാത്രം കാണുന്ന ഈ ബൗദ്ധിക സത്യസന്ധതയാണ് ഫ്ളൂവിന്റെ ദൈവാസ്തിത്വത്തിലേക്കുള്ള നിലപാടുമാറ്റത്തിന്റെ അടിസ്ഥാനകാരണം.
“ദൈവീകതയെ സംബന്ധിച്ച എന്റെ കണ്ടെത്തല്‍ ഒരു പ്രകൃത്യാതീത ഇടപെടലിന്റെയും ഫലമല്ല; തികച്ചും പ്രകൃത്യാനുസാരമായ ഒരു നിഗമനമാണത്. പ്രകൃത്യാനുസാര ദൈവശാസ്ത്രമെന്ന് (Natural theology) പണ്ട് പറഞ്ഞുവരുന്ന ഒരു പ്രക്രിയ. അതിനു വെളിപ്പാടുകളില്‍ അധിഷ്ഠിതമായ യാതൊരു മതവുമായി ബന്ധമില്ല. പ്രകൃത്യാതീതമെന്നോ അത്ഭുതകരമെന്നോ ഒക്കെ വിളിക്കുന്നതരത്തിലുള്ള യാതൊരുവിധ ദൈവാനുഭവങ്ങളും എനിക്കുണ്ടായി എന്ന് ഞാന്‍ അവകാശപ്പെടുന്നുമില്ല. ചുരുക്കത്തില്‍ ദൈവീകതയെക്കുറിച്ചുള്ള എന്റെ കണ്ടെത്തല്‍ വിശ്വാസത്തിന്റെയല്ല യുക്തിയുടെ മാത്രമായ ഒരു തീര്‍ത്ഥയാത്രയാണ്!.”
തെളിവുകളുടെ നിര്‍ബന്ധം
“ഒരു ദൈവമുണ്ട്” എന്ന ഗ്രന്ഥത്തിന്റെ നിരൂപണം നടത്തിയ creation.org-ലെ ലിറ്റാ കോസ്നര്‍ ഫ്ളൂവിന്റെ നിലപാടുമാറ്റത്തിന് മൂന്നു ശാസ്ത്രീയ കാരണങ്ങള്‍ നിരീക്ഷിക്കുന്നു: നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന പ്രപഞ്ചവ്യവസ്ഥ (Natural laws), ജീവന്റെ ഉത്ഭവവും നിലനില്‍പ്പു സാധ്യമാക്കുന്ന ആശ്ചര്യകരമായ പ്രപഞ്ചക്രമീകരണം (Fine tuning), അതിസങ്കീര്‍ണ്ണമായ ജീവകോശങ്ങളുടെ ഉത്ഭവം (origin of life).
ശാസ്ത്രീയാന്വേഷണങ്ങള്‍ക്ക് തന്നെ അടിസ്ഥാനമായ പ്രകൃതി നിയമങ്ങള്‍ എങ്ങനെയുണ്ടായി? വെറും വാതകങ്ങള്‍ ജീവനും, ജീവന് ബോധവും ബുദ്ധിയുള്ള വ്യക്തികളുമായി പരിണമിക്കുന്ന പ്രക്രിയ എങ്ങനെ, എന്തുകൊണ്ട് നിര്‍ണ്ണയിക്കപ്പെട്ടു? പ്രപഞ്ചം ഇങ്ങനെതന്നെ നിലനിന്നിരുന്നു എന്ന പഴയ ശാസ്ത്രമായിരുന്നു ഇന്നുമെങ്കില് നിരീശ്വരന് വലിയ പ്രശ്നമില്ലായിരുന്നു. എന്നാല്‍ പ്രപഞ്ചത്തിന് ആരംഭമുണ്ട് എന്ന ആധുനിക ശാസ്ത്രനിഗമനത്തിന്റെ വെളിച്ചത്തില്‍ ഈ പ്രക്രിയകളുടെ എല്ലാം ആരംഭകനായി ഒരു പ്രപഞ്ചാതീത യാഥാര്‍ത്ഥ്യത്തെ കാണുന്നതാണ് യുക്തിസഹം എന്ന് അദ്ദേഹം വാദിച്ചു. മനുഷ്യനിലേക്ക് പരിണമിച്ചെത്തും വിധം ആശ്ചര്യകരമായ ഒരു ക്രമീകരണം
( anthropic principle) ഈ പ്രപഞ്ചത്തിലെങ്ങനെയുണ്ടായി എന്നു വിശദീകരിക്കുവാന്‍ അസംഖ്യം പ്രപഞ്ചങ്ങളുണ്ടായിരുന്നതില് ഒന്ന് യാദൃശ്ചികമായി ക്രമബന്ധമായി എന്നവരെ വിശ്വസിക്കുവാന്‍ മടിക്കാത്ത ശാസ്ത്രത്തിന് (multiverse hypothisis) ദൈവമുണ്ടെന്ന് വിശ്വസിക്കുവാന്‍ എന്തിന് ഭയപ്പെടണം! കാണാത്ത ഒരായിരം പ്രപഞ്ചങ്ങളുണ്ടെന്ന് വിശ്വാസിക്കുന്നതിനേക്കാള് കാണാത്ത ഒരു ദൈവമുണ്ടെന്ന് വിശ്വാസിക്കുന്നതാണ് ഭേദം എന്ന് ഫ്ളൂ വാദിച്ചു.
ജീവശാസ്ത്രം
ദൈവാസ്തിത്വത്തിലേക്ക് ആന്റണി ഫ്ളൂവിനെ തിരിച്ച മുഖ്യകാരണം ജനിതകഘടന (DNA ) യുടെ അത്ഭുതാവഹമായ രൂപകല്പന സംബന്ധിച്ച് ജയിംസ് വാട്ട്സണും, ഫ്രാന്‍സിസ് ക്രിക്കും നടത്തിയ കണ്ടെത്തലുകളാണ്. ഡി എന്‍ എ യില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അപാരമായ അളവും, അതിന്റെ അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനരീതിയും വിരല്‍ചൂണ്ടുന്ന ബൗദ്ധികമായ ഒരു രൂപകല്പനയെ (Intelligent Design) യാദൃശ്ചികതയെന്ന് പറയുന്നത് വെറും അബന്ധമാണെന്ന് ഫ്ളൂവിന്റെ യുക്തി തിരിച്ചറിഞ്ഞു. ‘ശാസ്ത്രം ദൈവത്തെ കണ്ടെത്തിയോ?’ എന്ന പ്രഭാഷണത്തില്‍ ജനിതകഘടനയുടെ സുപ്രസിദ്ധമായ കണ്ടെത്തല്‍ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിലുള്ള വിശ്വാസത്തെ പുനര്‍വിചന്തനം ചെയ്യാന്‍ നിര്‍ബന്ധിതനാക്കി എന്നദ്ദേഹം പ്രസ്താവിച്ചു. “ജീവനുണ്ടാകുവാന്‍ അനിവാര്യമായ അവിശ്വസനീയമാംവിധം സങ്കീര്‍ണ്ണമായ ക്രിമീകരണങ്ങള്‍ ബുദ്ധിപൂര്‍വ്വകമായ ഒരു ഇടപെടലിനെ അനിവാര്യമാക്കുന്നു. “
ശാസ്ത്രം ദൈവത്തെ അപ്രസക്തമാക്കിയെന്ന് ധരിച്ചിരുന്ന ലോകത്തില്‍ ആധുനിക ശാസ്ത്രമാണ് ദൈവാസ്തിത്വത്തിന്റെ ഏറ്റവും യുക്തിസഹമായ തെളിവ് എന്ന് ചൂണ്ടിക്കാട്ടിയത് ആന്റണി ഫ്ളൂവിനെപ്പോലൊരാളായിരുന്നില്ലെങ്കില് അവനെ നിരീശ്വരലോകം മരമണ്ടനെന്ന് മുദ്രകുത്തിയേനെ. അത്രക്കങ്ങു പറഞ്ഞില്ലെങ്കിലും ഫ്ളൂവിന്റെ വാര്‍ദ്ധക്യസഹജമായ ബുദ്ധിക്ഷയത്തെ റോയ് എബ്രഹം വര്ഗ്ഗീസിനെപോലുള്ള വിശ്വാസികള്‍ ചൂഷണം ചെയ്യുകയായിരുന്നെന്ന ആരോപണം അവര്‍ ഉയര്‍ത്തി. “പുസ്തകത്തിലെ ആശയങ്ങളെല്ലാം എന്റേതുതന്നെയാണ്….എന്റേതല്ലാത്ത ഒരു പുസ്തത്തില്‍ എന്റെ പേര് അനുവദിക്കുവാന്‍ മാത്രം എനിക്കു ബുദ്ധിമാന്ദ്യം വന്നിട്ടില്ല” എന്ന് ഫ്ളൂതന്നെ അതിനു മറുപടി നല്കി. എന്നാല്‍ ഈ പ്രത്യുത്തരങ്ങളെയും നാസ്തിക പോരാളികള്‍ ബുദ്ധിക്ഷയത്തിന്റെ പട്ടികയില്‍പ്പെടുത്തിയാല്‍ ഫ്ളൂവിന്റെതന്നെ തോട്ടക്കാരന്റെ ഉപമയിലെന്നപോലെ അതിനെ ‘ഫാള്‍സിഫൈ’ (falsify) ചെയ്യുവാന്‍ ആര്‍ക്കും കഴിയില്ലെന്നുവരും!
ഡോക്കിന്സിനെതിരെ
ആന്റണി ഫ്ളൂവിന് വാര്‍ദ്ധക്യകാല മതപരിവര്ത്തനമാണെന്നാരോപിച്ച നവനിരീശ്വരനായ റിച്ചാഡ് ഡോക്കിന്സിനെ ഒരു ശാസ്ത്രജ്ഞന് യോജിക്കാത്ത ‘സെക്ക്യുലറിസ്റ്റ് പക്ഷവാദി’ (secularist bigot) എന്നാണ് ഫ്ളൂ വിശേഷിപ്പിച്ചത്. നേരിട്ടുള്ള അന്വേഷണത്തിന് മുതിരാതെ തന്റെ ബുദ്ധിസ്ഥിരതയെ ചോദ്യം ചെയ്തതിനെ ഫ്ളൂ വിമര്‍ശിച്ചു. ഐന്‍സ്റ്റൈനെ നിരീശ്വരവാദിയാക്കുന്ന ഡോക്കിന്‍സ് ഭൗതികലോകത്തിന്റെ സങ്കീര്‍ണ്ണമായ സമഗ്രതക്ക് പിന്നിലുള്ള ദൈവീക ബുദ്ധിയെ ഐന്സ്റ്റൈന് അംഗീകരിച്ചത് കാണാത്ത ഭാവമാണ് നടിക്കുന്നത്. ഭൗതികലോക സങ്കീര്‍ണ്ണതകള്‍ ഇത്ര അനിഷേധ്യമായ ദൈവസൂചനയെങ്കില് ജീവലോകത്തെ അതിശയങ്ങള്‍ എത്രയധികമെന്ന് ഫ്ളൂ ചോദിക്കുന്നു. നിരീശ്വരലോകം പാഠപുസ്തകമാക്കിയ സ്വന്തം പുസ്തകമായ ഗോഡ് ആന്റ്ഫിലോസഫിയെ ‘ചരിത്രത്തിന്റെ വണക്കവസ്തു (Historical Relic) എന്നാണ് അതിന്റെ 5-ാം പതിപ്പിന്റെ മുഖവുരയില്‍ ഫ്ളൂതന്നെ വിശേഷിപ്പിച്ചത്.
ഫ്ളൂവിന്റെ ദൈവം
ഇത്രയൊക്കെപറഞ്ഞതില് നിന്ന് ആന്റണി ഫ്ളൂ ക്രിസ്ത്യാനിയായെന്ന് അര്‍ത്ഥമില്ല. അദ്ദേഹത്തിന്റെ വിശ്വാസം ബഞ്ചമിന്ഫ്രാങ്ക്ളിനും, ഐന്‍സ്റ്റൈനുമൊക്കെ കരുതിയപോലെ ഒരുതരം ദൈവനിസംഗവാദിയുടെ കാഴ്ചപ്പാടോളമേ എത്തിയിരുന്നുള്ളു. അതി സങ്കീര്‍ണ്ണവും, അതിശയകരവുമായ ഈ പ്രപഞ്ചവും, ജീവനും “ഒരു ബുദ്ധിയുടെ പ്രവര്‍ത്തനമായി എനിക്കുതോന്നുന്നു.” എന്നാല്‍ അങ്ങനെയൊരു ദൈവം ക്രിസ്ത്യാനികളോ മറ്റേതെങ്കിലും മതമോ കാട്ടിത്തരുന്ന ദൈവമായി ഫ്ളൂ അംഗീകരിച്ചില്ല. മനുഷ്യനോട് വ്യക്തിബന്ധം പുലര്‍ത്തുന്നവനോ, ധാര്‍മ്മികതയെ കല്പിച്ചുനല്കിയവനോ, മരണാനന്തരജീവിതം നല്കുന്നവനോ ഒന്നുമായി അദ്ദേഹം ദൈവത്തെ കണ്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതയെ നിഷേധിച്ചതുമില്ല.
“ഏറ്റവും ലളിതമായ ജീവകോശത്തിലെ അത്ഭുതപ്പെടുത്തുന്ന സങ്കീര്‍ണ്ണബന്ധങ്ങള്‍, അപാരമായ വിവരശേഖരങ്ങളായ ഡി എന്‍ എ, പ്രകൃതിനിയമങ്ങളുടെയും ഭൗതിക സ്ഥിരാംങ്കങ്ങളുടെയും ജീവനുളവാക്കും വിധമുള്ള ഏകീകരണം, തുടങ്ങിയവയുടെ പിന്നിലെ ബുദ്ധിയുടെ സൂചനകള്‍ സിനായ് മലയില്‍ ഇടിമുഴക്കിയവനോ, പുല്‍ക്കൂട്ടില്‍ പിറന്നവനോ, ക്രൂശില്‍ തൂങ്ങിയവനോ ആയ ഒരു ദൈവത്തെ വിശ്വസിക്കുവാന്‍ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ഈവിധകാര്യങ്ങളെ യുക്തിപൂര്‍വ്വം ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ഒരു സ്വച്ഛസ്ഥലത്തേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന അതിഭൗതിക വിവക്ഷകളിലേക്കാണ് തെളിവുകള്‍ വിരല്‍ചൂണ്ടുന്നത്. ” ഫ്ളൂ എഴുതി.
ദൈവം ഇല്ല എന്നതാണ് യുക്തിയുടെയും ശാസ്ത്രത്തിന്റെയും കണ്ടെത്തലെന്ന് കൊട്ടിഘോഷിക്കുന്ന നാസ്തിക പ്രചാരണത്തിനെതിരെ അവരുടെ കോട്ടയില്നിന്നുതന്നെയുയര്ന്ന വെല്ലുവിളിയായി, ആന്റണിഫ്ളൂ എന്ന ഇതിഹാസചിന്തകന്റെ അവസാന ദശാബ്ദം. രാജാവ് നഗ്നനാണ് എന്ന തെരുവുബാലന്റെ വാക്കുതന്നെയാണ് ശരിയെന്ന് പുടവനെയ്ത്തുകാരന്റെ കുറ്റസമ്മതം പോലെയായി അനിഷേധ്യമായ ആ ആസ്തികസാക്ഷ്യങ്ങള്. അതിന്റെ ആഘാതത്തില്‍നിന്ന് കരകയറാനുള്ള അശ്രാന്തപരിശ്രമത്തിലാണിപ്പോള് നവനിരീശ്വരന്മാര്.
മരണം
2010 ഏപ്രില്‍ 8 വിവാദങ്ങള്‍ക്ക് വിരാമമിട്ട് ആന്റണി ഫ്ളൂ താത്വികലോകത്തോട് വിടചൊല്ലുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 87. നിത്യനാശത്തെ സംബന്ധിച്ച് ബ്രിട്ടീഷ് വേദശാസ്ത്രികളുടെ പുതിയ വീക്ഷണം അദ്ദേഹത്തിന് ആകര്‍ഷകമായിതോന്നി എങ്കിലും രക്ഷയിലോ മരണാനന്തരജീവിതത്തിലോ, ഫ്ളൂ വിശ്വസിച്ചില്ല. കാരണം അതിനൊക്കെ ക്രിസ്തീയത നല്കിയ നിര്‍വ്വചനങ്ങള്‍ അദ്ദേഹത്തിന്റെ പ്രകൃത്യാനുസാര ദൈവശാസ്ത്രത്തിന് (Natural Theology ) അതീതമായിരുന്നു.
“ഞാന്‍ മരിക്കുമ്പോള്‍ ഞാന്‍ മരിച്ചവന്തന്നെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. അതാണ് അതിന്റെ അവസാനം. അവസാനമില്ലാത്തൊരു ജീവിതം എനിക്കാവശ്യമില്ല. അവസാനമില്ലാത്തതൊന്നും എനിക്കാവശ്യമില്ല.”
ശരിയാണ്. യുക്തിയുടെ വിശകലനങ്ങള്‍ക്കും ശാസ്ത്രത്തിന്റെ തെളിവുകള്‍ക്കും മനുഷ്യനെ എത്തിക്കുവാന്‍ കഴിയുന്ന ദൈവബോധത്തിന്റെ പരിധി ഏകദേശം ഇവിടെ വരെ മാത്രമാണ്. യേശുക്രിസ്തുമാത്രം വാഗ്ദാനംചെയ്യുന്ന മരണത്തിനപ്പുറമുള്ള നിത്യജീവിതത്തിന്റെ മഹത്വം അഭിലഷിക്കുവാന് യുക്തിക്കതീതമായ ദൈവവെളിച്ചം ഹൃദയത്തില്‍ പ്രകാശിക്കേണ്ടതുണ്ടെന്നതും തികച്ചും യുക്തിപൂര്‍വ്വകമായ ഒരു നിഗമനം തന്നെ.
This article is published in Vazhiyum Sathyavum 2016 October-November issue.