സണ്ടേസ്കൂള്‍ കഴിയാറായി, ടീച്ചര്‍ ധനവാന്റെയും ലാസറിന്റെയും കഥ വിശദമായി പറഞ്ഞുകൊടുത്തശേഷം കുട്ടികളോടു ചോദിച്ചു: ഇവരില്‍ ആരെപ്പോലെ ആകാനാണ് നിങ്ങള്‍ക്കിഷ്ടം? കൂട്ടത്തില്‍ ബുദ്ധിമാനായ കുട്ടിയുടെ ഉത്തരം ഉടനെ വന്നു: ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ ധനവാനെപ്പോലെയും മരിച്ചു കഴിഞ്ഞ് ലാസറിനെപ്പോലെയും.
ഇങ്ങനെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ബുദ്ധിമാൻമാരുടെ ലോകമാണ് ഇത്. എവിടെയും എപ്പോഴും എനിക്ക് സുഖമായിരിക്കണം… എനിക്കിഷ്ടമുള്ളതുപോലെ ഒക്കെ ജീവിച്ച് എന്റെ ആഗ്രഹങ്ങളൊക്കെയും നിറവേറ്റണം… അങ്ങനെ ഒടുവില്‍ എനിക്കിഷ്ടമില്ലെങ്കിലും മരണം വന്നെത്തും. മരിച്ചുകഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ തന്നെ എത്തുകയും വേണം. ആഗ്രഹങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇടക്കിടയ്ക്ക് എവിടെനിന്നോ ഹൃദയത്തിലേക്ക് ചില ചിന്തകള്‍ വരും – ദൈവം, ആത്മീയ ജീവിതം, പാപം, ശിക്ഷ, നരകം – അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം ചിന്തകള്‍ മൂടിവെച്ച് പിന്നെയും ജീവിതം മുന്നോട്ടു കൊണ്ടു പോകും. ഇത്തരം ചിന്തകള്‍ അവഗണിക്കുകയാണ് പലരുടെയും പതിവ്. ഇതൊക്കെ ഓര്‍ത്തുകൊണ്ടിരുന്നാല്‍ ജീവിതം ആസ്വദിക്കാന്‍ പറ്റില്ലല്ലോ! പിന്നെന്തുചെയ്യും? ചിലര്‍ സ്വര്‍ഗ്ഗവും നരകവും ഒക്കെ ഇവിടെത്തന്നെയാണ് എന്ന് പറഞ്ഞ് മൂഢസ്വര്‍ഗ്ഗം സൃഷ്ടിച്ച് അതില്‍ ജീവിക്കുന്നു. മറ്റുചിലര്‍ ദൈവം ഇല്ല എന്ന “വിഷ്ഫുള്‍ തിങ്കിംഗ്’ ലൂടെ കണ്ണടച്ച് ഇരുച്ചാക്കി ഇഷ്ടമുള്ളതൊക്കെ ചെയ്ത് സംതൃപ്തിയടയുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രായമൊക്കെയാകുമ്പോള് എവിടെനിന്നോ ഭക്തിയും വിശ്വസവുമൊക്കെ ഉള്ളവരായി ഇവര്‍ പരിണമിക്കുന്നു. പിന്നെ ‘ആത്മത്തിനടുത്ത കാര്യങ്ങളൊക്കെ’ നോക്കി ഭാഗ്യമരണം പ്രതീക്ഷിച്ച് ഇരിപ്പായി ഇക്കൂട്ടര്‍. ഇവരുടെ നോട്ടം പിന്നെ കര്‍ത്താവു കിടന്ന നടുവിലെ കുരിശിലേക്കല്ല, ആ ‘വലതുവശത്തു’ കിടന്ന ‘ഭാഗ്യവാന്റെ ’ കുരിശിലേക്കാണ്. അവനാണ് ഭാഗ്യവാന്. തോന്നിയതുപോലെ ജീവിച്ചു, ഒടുവില്‍ ലോട്ടറി അടിച്ചപോലെ പറുദീസയും കിട്ടി. അതുകൊണ്ട്, നല്ലപ്രായത്തില്‍ മാനസാന്തരം മണ്ടത്തരമാണ് എന്നും, മരണക്കിടക്കയില്‍ വച്ച് മാനസാന്തരപ്പെടുന്നതാണ് ഭാഗ്യം എന്നും ഈ ബുദ്ധിമാൻമാര് കരുതുന്നു. എന്നാല്‍ സത്യമെന്താണ്?
“യൗവനകാലത്ത് സൃഷ്ടാവിനെ ഓര്‍ത്ത്” ജീവിക്കുന്നതാണ് യഥാര്‍ത്ഥ ഭാഗ്യം എന്ന് ദൈവവചനം പറയുന്നു. എന്നാല്‍ അങ്ങനെ ജീവിക്കുവാന്‍ പലര്‍ക്കും തടസമായി നില്‍ക്കുന്നത് ചില തെറ്റായ ചിന്തകള്‍ ആണ്. അഥവാ ആത്മീക കാര്യങ്ങള്‍ അവസാനകാലത്തേക്കുള്ള പരിഗണനയായി മാറ്റിവയ്ക്കാനുള്ള കാരണങ്ങള്‍ ന്യായമല്ല. ആത്മീകജീവിതം എന്താണ് എന്നതു സംബന്ധിച്ചാണ് ആദ്യത്തെ തെറ്റിദ്ധാരണ. ആത്മീക ജീവിതം എന്നാല്‍ യാതൊരു നിറങ്ങളും ഇല്ലാത്ത ‘ബ്ലാക്ക് ആന്റ് വൈറ്റ്’ ജീവിതമാണ് എന്ന് പലരും ചിന്തിക്കുന്നു. നഗ്നപാദരായി നടന്ന്, ജീവന് നിലനിര്‍ത്തുവാന്‍ മാത്രം ആഹാരം കഴിച്ച്, ഇസ്തിരി ഇടാത്ത ഉടുപ്പിട്ട്, സര്വ്വസംഘ പരിത്യാഗിയായി പ്രാര്‍ത്ഥനയും ഉപവാസവും ഒക്കെയായി സദാ നടക്കുന്നവരാണ് ആത്മീകര്‍ എന്നും, നല്ല വസ്ത്രം ധരിക്കുന്നതും നല്ല ആഹാരം കഴിക്കുന്നതും ജഡികൻമാരാണെന്നും ഒക്കെ ഇവര്‍ ചിന്തിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് നല്ല പ്രായത്തില്‍ ആത്മീകജീവിതം നയിക്കുന്നത് ഒരു നഷ്ടക്കച്ചവടമായി കാണാനേ കഴിയൂ.’ആകെ ഒരു ജീവിതമെ ഉള്ളൂ, അത് വിരസമാക്കിക്കളയുവാനുള്ളതല്ല, ആസ്വദിക്കുവാനുള്ളതാണ്’ എന്ന് മനുഷ്യന് ചിന്തിക്കുന്നത് ആത്മീകതയെ അവര്‍ തെറ്റായി മനസ്സിലാക്കുന്നതിനാലാണ്. വേറെ ചിലരെ സംബന്ധിച്ചിടത്തോളം ആത്മീയ ജീവിതം വിരസമായ ആചാര അനുഷ്ഠാനങ്ങളില്‍ അടിസ്ഥാനപ്പെട്ടതും പുറമെനിന്നുള്ള നിര്ബ്ബന്ധങ്ങളാല് മുന്നോട്ടു പോകുന്നതും ആണ്. ഇങ്ങനെയുള്ളവര്‍ക്കാണ് നല്ല കള്ളന് ഭാഗ്യവാനായി മാറുന്നത്.
ദൈവബന്ധത്തിന്റെ ആസ്വാദനവും, ദൈവാത്മാവിലുള്ള സന്തോഷവും, സ്നേഹത്തിന്റെ നിര്ബ്ബന്ധത്താലുള്ള അനുസരണവും, ഉള്ളതുകൊണ്ട് തൃപ്തമായിരിക്കുന്ന മനോഭാവവും, ക്രിസ്തുവിലുള്ള സ്വാതന്ത്ര്യവും, ആത്മാക്കള്‍ രക്ഷിക്കപ്പെടുന്നതു കാണുമ്പോള്‍ ഉള്ള സന്തോഷവും, കര്‍ത്താവിനെ സേവിക്കുന്നതിലുള്ള പ്രതിഫലങ്ങളും അങ്ങനെ എന്തെല്ലാം എന്തെല്ലാം നല്ല കള്ളനു നഷ്ടമായി എന്ന് അധികമാരും ചിന്തിക്കാറില്ല. സത്യത്തില്‍ എത്രയും നേരത്തെ നിത്യജീവനില്‍ കടന്ന് ക്രിസ്തുവിനോടുകൂടെ ദൈവത്തിനായി ജീവിച്ച് ഒടുവില്‍ നിത്യതയിലേക്കു പ്രവേശിക്കുന്നതല്ലേ, 99 വര്‍ഷങ്ങള്‍ ദൈവമില്ലാതെ ജീവിച്ച് മരണക്കിടക്കയില്‍ രക്ഷപ്രാപിച്ചു പറുദീസയില്‍ കടക്കുന്നതിലും ഭാഗ്യകരം?
ജീവിത സായാഹ്നത്തില്‍, “ഞാനെന്റെ ഓട്ടം പൂര്‍ത്തിയാക്കി” എന്ന ചാരിതാര്‍ത്ഥ്യം ചിലര്‍ക്കെങ്കിലും ഉള്ളതായി കണ്ടിട്ടുണ്ട്. എന്താണ് അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്ന് കൂടുതല്‍ അന്വേഷിക്കുമ്പോള്‍ പലരും അര്‍ത്ഥമാക്കിയത് കേവലം ഭൗതീക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചു എന്നതാണ് എന്ന് കണ്ടിട്ടുണ്ട്. അധ്വാനിച്ചു കുടുംബം പുലര്‍ത്തിയതും മക്കളെ പഠിപ്പിച്ചതും അവരെ ജീവിത അന്തസിലേക്ക് പ്രവേശിപ്പിച്ചതും എല്ലാതെ പൂര്‍ത്തിയാക്കിയ ഓട്ടത്തില്‍ ദൈവവിഷയമായി യാതൊന്നും പലര്‍ക്കും ഇല്ല. സത്യത്തില്‍ ‘ഞാനെന്റെ ഓട്ടം പൂര്‍ത്തിയാക്കി” എന്ന് പൗലോസ് അപ്പൊസ്തലന് പറഞ്ഞപ്പോള്‍, ദൈവം തന്നെ വിളിച്ച വിളിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ചെയ്തു എന്നാണ് അര്‍ത്ഥമാക്കിയത്. ക്രിസ്തുവിനായി ജീവിച്ച ജീവിതത്തിന്റെ സാഫല്യമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണുന്നത്.
കര്‍ത്താവില്‍ വിശ്വസിച്ച് ആത്മീകജീവിതം നയിക്കുന്നതിന് തയ്യാറായ മനുഷ്യരുടെ ജീവിതത്തിലെ ഭാഗ്യങ്ങള്‍ സത്യത്തില്‍ എത്ര അധികമാണ്. മുന്നൂറ് വര്‍ഷങ്ങള്‍ ദൈവത്തോടുകൂടെ നടന്ന ഹാനോക്ക് അനുഭവിച്ച സന്തോഷവും നډകളും എത്ര അധികമായിരിക്കും! ദൈവത്തിന്റെ വാഗ്ദത്തങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ദൈവം ശില്പിയായി നിര്‍മ്മിച്ച നഗരത്തെ ലക്ഷ്യമാക്കി യാത്ര ചെയ്ത അബ്രഹാമും സാറയും അനുഭവിച്ച ‘ത്രില്ല്’ എത്ര വലുതായിരുന്നിരിക്കും! കാറ്റിലുലയുന്ന പടകിനരുകിലേക്ക് വെള്ളത്തിന് മീതെ നടന്നു കര്‍ത്താവ് ചെന്നപ്പോള്‍ ശിഷ്യന്മാർ അനുഭവിച്ച ആശ്വാസം എത്ര അനിര്വ്വചനീയമായിരുന്നിരിക്കും! മരിച്ചു നാറ്റം വച്ചിട്ട് ഉയിര്പ്പിക്കപ്പെട്ടവനായി കര്‍ത്താവിനോടുകൂടെ ഭക്ഷണത്തിനിരുന്ന ലാസര്‍ അനുഭവിച്ച ആനന്ദം എത്ര അവര്ണ്ണനീയമായിരുന്നിരിക്കും! കര്‍ത്താവു പണിയുന്ന സത്യസഭയുടെ ഭാഗമായി കൂട്ടായ്മയില്‍ ജീവിക്കുന്നതിന്റെയും ദൈവത്തിന്റെ അത്ഭുതങ്ങളെ സഭാമധ്യേ കീര്‍ത്തിക്കുന്നതും എത്ര ഭാഗ്യമാണ്! ഓരോരോ ആവശ്യങ്ങളില്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ച് ഉത്തരം കിട്ടുന്നതിന്റെ ആനന്ദം എത്ര അനുഗ്രഹീതമാണ്! യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുമ്പോള്‍ പാപത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് മനുഷ്യര്‍ സ്വതന്ത്രരാകുന്ന കാഴ്ച എത്ര അദ്ഭുതകരമാണ് , അതിനുള്ള പ്രതിഫലം എത്ര വലുതാണ്! ഇങ്ങനെ എത്രയെത്ര നന്മകള് അനേകായിരങ്ങള്‍ നഷ്ടമാക്കി ജീവിക്കുന്നു… കുരിശിലെ ആ കള്ളനെപ്പോലെ!
ആത്മരക്ഷയും ഭക്തിയും ആത്മീകജീവിതവും ഒക്കെ ജീവിതാവസാനത്തിലേക്കു മാറ്റിവച്ചു ജീവിതം ആസ്വദിക്കുവാനും കെട്ടിപ്പടുക്കുവാനും ശ്രമിക്കുന്നവര്‍ നശ്വരമായവയ്ക്കു വേണ്ടി അനശ്വരമായവയെ അവഗണിക്കുന്നവരാണ്. കര്‍ത്താവു പറഞ്ഞത് നാം ഓര്‍മ്മിക്കുന്നത് നല്ലതാണ്, ‘നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്‍ക്കുന്ന ആഹാരത്തിനായിട്ടു തന്നേ പ്രവര്‍ത്തിപ്പിന്‍.’ (യോഹ 6: 27). എങ്ങനെയെങ്കിലും സ്വര്‍ഗ്ഗത്തില്‍ ഒന്ന് എത്തിയാല്‍ മതി എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും എന്ന് തോന്നുന്നു. ദൈവവചനം എത്ര വലിയ സാധ്യതകളാണ് നമ്മുടെ മുന്നില്‍ വച്ചിരിക്കുന്നത് എന്ന് അറിയാത്തതുകൊണ്ടായിരിക്കാം നമ്മള് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമുക്ക് സൂര്യനെപ്പോലെയും നക്ഷത്രങ്ങളെപ്പോലെയും ഒക്കെ പ്രകാശിക്കാം എന്ന് പൗലോസ് അപ്പൊസ്തലന് (1 കൊരി 15:41-42) പറയുന്നുണ്ട്. ‘ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിലെ പ്രഭ പോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നുമെന്നേക്കും പ്രകാശിക്കും’ (ദാനി 12: 3) എന്നും ദൈവവചനം പറയുന്നു. അങ്ങനെ നോക്കുമ്പോള്‍ അനേകരെ യേശുക്രിസതുവിലേക്കു നയിച്ച ശമര്യക്കാരി സ്ത്രീ, നിത്യതയില്‍ നല്ല കള്ളനെക്കാള്‍ എത്ര അധികം തേജസ്സുള്ളവളായിരിക്കും!
നല്ലകള്ളനെ മോശക്കാരനാക്കാനല്ല ഇത്രയും എഴുതിയത്. അദ്ദേഹം ഭാഗ്യമുള്ളവന് തന്നെയാണ്, സംശയമില്ല. എന്നാല്‍ യേശുവിനെ ക്രിസ്തുവായി തിരിച്ചറിഞ്ഞശേഷം കുറച്ചുകാലം കൂടെ ജീവിക്കുവാന്‍ ആ മനുഷ്യന് അവസരം കിട്ടിയില്ല. അതുകൊണ്ടു തന്നെ ഇന്നു നമ്മളില്‍ പലര്‍ക്കുമുള്ള അനേക ഭാഗ്യകരമായ അനുഭവങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായി. അല്ലെങ്കില്‍, ക്രിസ്തീയജീവിതത്തിന്റെ ധാരാളം സാധ്യതകള്‍ അദ്ദേഹത്തിനു നഷ്ടമായി. അവസരം ലഭിച്ചിരുന്നുവെങ്കില്‍, പാപപങ്കിലമായ ജീവിതത്തില്‍ നിന്നും മോചനം നല്കിയ രക്ഷകനെ നമ്മെക്കാള്‍ എത്ര അധികമായി അദ്ദേഹം ആരാധിക്കുകയും ഘോഷിക്കുകയും ചെയ്യുമായിരുന്നു. ‘അധികം ക്ഷമിച്ചു കിട്ടിയവന് അധികം സ്നേഹിക്കും’ എന്ന കര്‍ത്താവിന്റെ വാക്കുകള്‍ പോലെ എത്ര അധികം കര്‍ത്താവിനെ സ്നേഹിക്കുമായിരുന്നു. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ രക്ഷിക്കപ്പെട്ട ശേഷം ജീവിക്കുവാന്‍ അവസരം ലഭിച്ച നമ്മള് എത്ര അധികം ഭാഗ്യമുള്ളവരാണ്! നാം ആ ഭാഗ്യം തിരിച്ചറിയുന്നവരും, നമുക്കുള്ള സാധ്യതകളെ ഉപയോഗിക്കുന്നവരും ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അദ്ദേഹം കള്ളനായി ജീവിച്ചു ഒടുവില്‍ ഭാഗ്യവാനായിതീര്ന്നു… എന്നാല്‍ നമ്മളോ ഭാഗ്യമുള്ളവരായി തീര്‍ന്ന് കള്ളന്മാരും കള്ളികളുമായി ജീവിക്കുന്നു!
Truth…..!!!